ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സംഘങ്ങളും സഹായം നല്‍കണം

[email protected]

കേരളം അഭിമുഖീകരിക്കുന്ന സമാനതയില്ലാത്ത ദുരന്തത്തിന് കൈത്താങ്ങുമായി സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും രംഗത്തുണ്ടാകണമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദ്ദേശം. എല്ലാ ജീവനക്കാരും രണ്ടുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. സഹകരണ സ്ഥാപനങ്ങള്‍ പൊതുനന്മാഫണ്ടില്‍നിന്ന് പരമാവധി തുകയോ സംഘത്തിന്റെ തനതായ സംഭാവനയോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കാണിച്ച് രജിസ്ട്രാര്‍ സര്‍ക്കുലറിക്കി.

തുക ചെക്ക്, ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനം എന്നിവ മുഖേന നേരിട്ട് നല്‍കണം. ഇക്കാര്യം സ്ഥാപനത്തിന്റെ ഭരണസമിതിയും ചീഫ് എക്‌സിക്യുട്ടീവും നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എസ്.ബി.ഐ. തിരുവനന്തപുരം സിറ്റി ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കേണ്ടത്. അക്കൗണ്ട് നമ്പര്‍ 67319948232(ifsc code SBIN0070028). ചെക്കും ഡി.ഡി.യും നല്‍കുന്നവര്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി (ഫിനാന്‍സ്), ട്രഷറര്‍, ചീഫ് മിനിസ്റ്റേഴ്‌സ് റിലീഫ് ഫണ്ട്, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

ഓരോ പ്രദേശങ്ങളിലേയും ദുരന്ത ബാധിതര്‍ക്ക് അതത് മേഖലയിലെ സംഘങ്ങള്‍ സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങണം.സംഘത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആശ്വാസ നടപടികള്‍ സ്വീകരിക്കാം. ഇത് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത് അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ ജില്ലയില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കണക്കും, സംഘം തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ചെലവിട്ട തുകയുടെ വിവരങ്ങളും ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ ശേഖരിക്കണം. ഇതിന്റെ പൂര്‍ണ വിവരങ്ങള്‍ ആഗസ്റ്റ് 31നകം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!