സഹകരണ ഓണച്ചന്ത 19ന് തുടങ്ങുന്നു; സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍

moonamvazhi

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസവുമായി സഹകരണ ഓണച്ചന്ത തുടങ്ങുന്നു. ആഗസ്റ്റ് 19ന് തുടങ്ങി 28 വരെയാണ് ചന്ത നടത്തുക. സംസ്ഥാനത്താകെ 1500 ചന്തകള്‍ സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 16 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രാഥമിക സംഘങ്ങള്‍ വഴി കണ്‍സ്യൂമര്‍ഫെഡാണ് സഹകരണ ഓണച്ചന്തകള്‍ നടത്തുന്നത്.

ഓണം, ക്രിസ്മസ് ഉത്സവകാലങ്ങളില്‍ എല്ലാവര്‍ഷവും സഹകരണ ചന്തകള്‍ നടത്താറുണ്ട്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് ചന്ത നടത്തിയിരുന്നില്ല. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, പൊതുവിപണയില്‍ വിലക്കയറ്റം അത്രരൂക്ഷമായ സാഹചര്യം നിലനില്‍ക്കാതിരുന്നതാണ് ക്രിസ്മസിന് ചന്ത നടത്താതിരുന്നത്. ഇപ്പോള്‍ അതല്ല സ്ഥിതി. പൊതുവിപണിയില്‍ വിലക്കയറ്റം അതിരൂക്ഷമാണ്. സപ്ലൈകോയില്‍പോലും സാധനങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഇതോടെയാണ് ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ആശ്വാസവുമായി കുറഞ്ഞവിലയ്ക്ക് ഭക്ഷ്യസാധനങ്ങളെത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഒരുങ്ങുന്നത്.

13 സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുക. ഇതില്‍ മൂന്നിനം അരികളാണ്. ജയ അരി, കുറവ അരി, കുത്തരി എന്നിവയാണ് സബ്‌സിഡി നിരക്കില്‍ നല്‍കുക. ഒരുറേഷന്‍കാര്‍ഡിന് അഞ്ച് കിലോ അരിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന് പുറമെ രണ്ടുകിലോ പച്ചരിയും ലഭിക്കും. പഞ്ചസാര(ഒരുകിലോ), ചെറുപയര്‍, വന്‍കടല, ഉഴുന്ന്, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് മറ്റിനങ്ങള്‍. ഇവയെല്ലാം അരക്കിലോ വീതമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. ചന്ത നടത്തുന്ന സംഘങ്ങളില്‍നിന്ന് അഞ്ചുലക്ഷം രൂപവീതം കണ്‍സ്യൂമര്‍ഫെഡ് മുന്‍കൂറായി വാങ്ങുന്നുണ്ട്. ചന്തയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഒന്നിച്ച് വാങ്ങുന്നതിനാണിത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!