ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ രാജി സംഘം സ്വീകരിക്കുംമുമ്പ് ഭരണസമിതി പിരിച്ചുവിട്ട നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി

moonamvazhi

ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ രാജിക്കത്തുകള്‍ സഹകരണസംഘം സ്വീകരിക്കുംമുമ്പു തിടുക്കപ്പെട്ട് ഡയറക്ടര്‍ബോര്‍ഡ് പിരിച്ചുവിട്ട സഹകരണസംഘം രജിസ്ട്രാറുടെ നടപടി ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് അസാധുവാക്കി. ജസ്റ്റിസ് കിഷോര്‍ സി. സന്ത് ആണു രജിസ്ട്രാറുടെ നടപടി അസാധുവാക്കിയത്.

പന്ത്രണ്ടംഗ ഡയറക്ടര്‍ബോര്‍ഡിലെ ആറു പേരാണു രാജിവെച്ചത്. ഇവരുടെ രാജിയെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സഹകരണസംഘം 2022 ഫെബ്രുവരി പതിനാറിനു യോഗം ചേരാനിരിക്കെയാണു രജിസ്ട്രാറുടെ നടപടിയുണ്ടായത്. രാജിക്കത്തില്‍ തീരുമാനമെടുക്കാനുള്ള സവിശേഷാധികാരം സഹകരണസംഘത്തിനാണ്. യോഗം ചേര്‍ന്ന് അത്തരമൊരു തീരുമാനം എടുക്കുന്നതിനു മുമ്പേ ബോര്‍ഡ് പിരിച്ചുവിട്ട നടപടി തിടുക്കത്തിലായിപ്പോയി – ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സഹകരണസംഘം ചെയര്‍മാനായ വിനായക് ചൗഹാനാണു റിട്ട് ഹര്‍ജി നല്‍കിയത്. 1960 ലെ മഹാരാഷ്ട്ര സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 77 എ ( ബി ) ( 1 ) അനുസരിച്ചാണു ഔറംഗാബാദ് ഡിവിഷണല്‍ ജോയിന്റ് രജിസ്ട്രാര്‍ ഭരണസമിതി പിരിച്ചുവിട്ട് സംഘത്തിന്റെ ഭരണം അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിച്ചത്. അംഗങ്ങളുടെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നു ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടു. സംഘത്തിന്റെ നിയമാവലിയനുസരിച്ചു രാജിവെക്കുന്നയാള്‍ സ്വന്തം കൈപ്പടയില്‍ രാജിക്കത്തെഴുതി ഒപ്പിടേണ്ടതുണ്ട്. ഈ നടപടിക്രമം പാലിക്കാതെയാണു രജിസ്ട്രാര്‍ രാജിക്കത്തുകള്‍ സ്വീകരിച്ചതെന്നു ഹര്‍ജിക്കാരന്‍ വാദിച്ചു.

ബന്ധപ്പെട്ട സെക്ഷനില്‍ പറയുന്നതുപ്രകാരം, എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ മാത്രമേ സെക്ഷന്‍ 77 അനുസരിച്ചു പുതിയൊരു സമിതിയെ നിശ്ചയിക്കാനോ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനോ ഉള്ള അധികാരം രജിസ്ട്രാര്‍ പ്രയോഗിക്കാന്‍ പാടുള്ളു എന്നു കോടതി നിരീക്ഷിച്ചു. അത്തരം അധികാരം പ്രയോഗിക്കുംമുമ്പു നോട്ടീസ് പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടിക്രമം പാലിക്കണം. നിയമത്തിലെ സെക്ഷന്‍ 77 എ ( 1 ) ( 8 ) ( II ) അനുസരിച്ചു രജിസ്ട്രാര്‍ നോട്ടീസ് പുറപ്പെടുവിക്കുകയോ നിര്‍ദിഷ്ട ഉത്തരവ് സംഘത്തിന്റെ ഹെഡ്ഓഫീസിലെ നോട്ടീസ്‌ബോര്‍ഡില്‍ പതിക്കുകയോ എതിരഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്നു കോടതി കണ്ടെത്തി. സംഘം ഭരണസമിതിയെ കേള്‍ക്കാതെ രജിസ്ട്രാര്‍ കൈക്കൊണ്ട ധൃതിപിടിച്ച നടപടി കോടതി റദ്ദാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!