സഹകരണ ബാങ്കുകളിലെ ഓഡിറ്റിന് മൂന്നംഗ സംഘം; തലവന്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്ന് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതിയായിരിക്കും ഓഡിറ്റ് നടത്തുക. ഈ സമിതിയെ നയിക്കുന്നത് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരിക്കും. സഹകരണ ബാങ്കുകളില്‍ ഓഡിറ്റ് നടത്തുന്നതിനായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കണമെന്ന് അക്കൗണ്ടന്റ് ജനറലിനോട് ചീഫ് സെക്രട്ടറി അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ റാങ്കിലുള്ളവരെ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സഹായിക്കും. സഹകരണ വകുപ്പിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. നിലവില്‍ ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് റീജിയണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരായുള്ളത്. ഇതിനു പകരം എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും. കൃത്യമായി പരിശോധനയും നടപടിയുമുണ്ടാകുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.


ഭാവിയില്‍ കോ-ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിംഗ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം നിലവില്‍ വരും. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ ഐ.ടി. സംയോജനം ഉറപ്പാക്കാനും തീരുമാനിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇപ്പോഴുണ്ടായത് പോലെയുള്ള ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായി നടത്തിയ ഓണ്‍ലൈന്‍ ആശയവിനിമയത്തിന് ശേഷം മന്ത്രി പറഞ്ഞു.

കരുവന്നൂര്‍ സഹകരണ സംഘവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടുകളില്‍ ശക്തമായ നടപടി സ്വീകരിച്ചു. ക്രമക്കേടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ രണ്ട് ദിവസത്തിനകം ഭരണസമിതി പിരിച്ചു വിട്ടു. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ളത്. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. പൊലീസ് കേസെടുത്തു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നു. ഇതിനു പുറമെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പ്രത്യേക പരിശോധന നടത്തി. ആ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരാനുള്ള ശക്തമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു. നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഒരു പാക്കേജ് തന്നെ സൃഷ്ടിക്കും.

കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ച ഓണം വിപണിക്കു സമാനമായ വിപണികള്‍ പ്രാദേശിക തലത്തില്‍ ആരംഭിക്കാനും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും സഹകരണ സംഘങ്ങള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ടാബും ലാപ്പ്‌ടോപ്പും കമ്പ്യൂട്ടറും മൊബൈല്‍ ഫോണുകളും വാങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുന്ന വിദ്യാ തരംഗിണി വായ്പാ പദ്ധതി കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ മാത്രമാണ് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പ നല്‍കുന്നത്. ഓണക്കാലത്തിനു മുമ്പ് തന്നെ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷനുകളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നു. ഇവ ഓണക്കാലത്തിനു മുമ്പ് വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!