എച്ച്.ഡി.സി. ആന്റ് ബി.എം. കോഴ്‌സ്: അവസാന തീയതി 15

moonamvazhi

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്.ഡി.സി. ആന്റ് ബി.എം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. www.scu.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒരുവര്‍ഷകോഴ്‌സാണിത്. രണ്ടു സെമസ്റ്ററുണ്ടാകും. രണ്ടാം സെമസ്റ്ററില്‍ 10 ദിവസം ഒരു സഹകരണസ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പും ഉണ്ടാകും. സംസ്ഥാനസര്‍ക്കാര്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍, സഹകരണപരീക്ഷാബോര്‍ഡ് എന്നിവയുടെ അംഗീകാരം കോഴ്‌സിനുണ്ട്. സംസ്ഥാനത്തെ 13 സഹകരണപരിശീലനകോളേജുകളിലാണു കോഴ്‌സ്. കോളേജുകളുടെ മേല്‍വിലാസവും ഫോണ്‍നമ്പരുകളും പ്രോസ്‌പെക്ടസിലുണ്ട്. സഹകരണസ്ഥാപനങ്ങളിലും വകുപ്പിലും വിവിധനിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനുപ്രയോജനപ്പെടുന്ന കോഴ്‌സാണിത്. അപേക്ഷാഫീസ് 250 രൂപ. പട്ടികജാതി-വര്‍ഗക്കാര്‍ക്ക് 85 രൂപ മതി. സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് 350 രൂപയാണ് അപേക്ഷാഫീസ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സഹകരണസംഘം ജീവനക്കാര്‍ക്കു ബിരുദവും 2024 ജൂണ്‍ ഒന്നിന് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 2024 ജൂണ്‍ ഒന്നിന് 40 വയസ് കവിയരുത്. ഒ.ബി.സിക്കാര്‍ക്ക് 43 വയസ്സും പട്ടികവിഭാഗക്കാര്‍ക്ക് 45 വയസ്സുംവരെയാകാം. സഹകരണസംഘജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.

ബിരുദപരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനത്തിലാണു പ്രവേശനം. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭിക്കും. ജീവനക്കാരുടെ തിരഞ്ഞെടുപ്പ് സേവനകാലം കണക്കിലെടുത്താണ്. തിരുവനന്തപുരം, കൊട്ടാരക്കര, ആറന്‍മുള, ചേര്‍ത്തല, കോട്ടയം (തിരുനക്കരയിലുള്ള ഇത് എന്‍.എസ്.എസ് മാനേജ്‌മെന്റിന്റെതാണ്), പാലാ, വടക്കന്‍പറവൂര്‍, അയ്യന്തോള്‍, പാലക്കാട്, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലായുള്ള 13 സഹകരണ പരിശീലനകോളേജുകളിലാണു കോഴ്‌സുകള്‍. 23,990 രൂപയാണു കോഴ്‌സ് ഫീസ്.

മൊത്തം സീറ്റില്‍ 10 ശതമാനം സഹകരണസംഘങ്ങളിലെ ജീവനക്കാര്‍, സഹകരണം, ഡെയറി, ഫിഷറീസ്, വ്യവസായം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കു സംവരണം ചെയ്തിരിക്കുന്നു. പട്ടികവിഭാഗം സംവരണം 10 ശതമാനമാണ്. സാമ്പത്തിക പിന്നാക്കവിഭാഗത്തിനും 10 ശതമാനം സംവരണമുണ്ട്. മറ്റു പിന്നാക്കവിഭാഗം അഞ്ചു ശതമാനം, വിമുക്തഭടര്‍/ആശ്രിതര്‍ അഞ്ചു ശതമാനം, ഭിന്നശേഷിവിഭാഗം അഞ്ചു ശതമാനം എന്നിങ്ങനെയും സംവരണം കിട്ടും. എല്ലാ കോളേജിലും ഒരു സീറ്റ് സ്‌പോര്‍ട്‌സ് ക്വാട്ടയാണ്. കോട്ടയം എന്‍.എസ്.എസ്. സഹകരണപരിശീലനകോളേജില്‍ 50 ശതമാനം സീറ്റ് മാനേജ്‌മെന്റ് ക്വാട്ടയാണ്. സംസ്ഥാന സഹകരണയൂണിയന്റെ ഫോണ്‍ നമ്പര്‍ 0471 2320420, 0471 2331072.

Leave a Reply

Your email address will not be published.