സുവര്‍ണജൂബിലിയിലെത്തിയ 80-ാം വകുപ്പും അനുബന്ധചട്ടങ്ങളും

ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥവിഭാഗവുമായി ബന്ധപ്പെട്ട 80-ാം വകുപ്പും
182 മുതല്‍ 201 വരെയുള്ള ചട്ടങ്ങളും 1974 ജനുവരി ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്.
നേരിട്ടു നിയമനം നടത്തുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ കേരള പബ്ലിക്
സര്‍വീസ് കമ്മീഷന്‍ തയാറാക്കിനല്‍കുന്ന സെലക്ട് ലിസ്റ്റില്‍നിന്നു മാത്രമേ നടത്താവൂ
എന്നു നിഷ്‌കര്‍ഷിച്ചുകൊണ്ടുള്ള ക്ലോസ് മൂന്ന് എ 1995 ആഗസ്റ്റ് അഞ്ചിനാണ് 80-ാം വകുപ്പില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍, സംസ്ഥാനത്തെ അപെക്‌സ് സംഘങ്ങളില്‍ ഏതാനും സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ റൂള്‍സ് തയാറാകാത്തതിനാല്‍ അവയിലെ നിയമനങ്ങളില്‍, നിയമവ്യവസ്ഥ പ്രാബല്യത്തില്‍ വന്നു 29 വര്‍ഷം കഴിഞ്ഞിട്ടും, പബ്ലിക് സര്‍വീസ് കമ്മീഷനു പരീക്ഷ നടത്തി സെലക്ട് ലിസ്റ്റ് നല്‍കാന്‍ സാധിച്ചിട്ടില്ല.

 

കേരള സഹകരണസംഘംനിയമം 1969 മെയ് പതിനഞ്ചിനു പ്രാബല്യത്തില്‍ വന്നെങ്കിലും സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥവിഭാഗവുമായി ബന്ധപ്പെട്ട 80-ാം വകുപ്പും 182 മുതല്‍ 201 വരെയുള്ള ചട്ടങ്ങളും 1974 ജനുവരി ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്. സഹകരണനിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ അതില്‍ 110 വകുപ്പുകളും 21 ചട്ടങ്ങളുമാണുണ്ടായിരുന്നത്. 1969 നുശേഷം സഹകരണനിയമത്തിലെ 110 വകുപ്പുകളോടൊപ്പം 42 വകുപ്പുകളും 201 ചട്ടങ്ങളോടൊപ്പം 21 പുതിയ ചട്ടങ്ങളും കൂട്ടിച്ചേര്‍ക്കുകയുണ്ടായി. 80-ാം വകുപ്പ് പ്രാബല്യത്തില്‍ വരുമ്പോള്‍ അതില്‍ അഞ്ചു ക്ലോസുകള്‍ മാത്രമേയുണ്ടായിരുന്നുള്ളു. പിന്നീടുണ്ടായ സഹകരണനിയമഭേദഗതികളിലൂടെ എട്ടു പുതിയ ക്ലോസുകള്‍ അതില്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്്, കേരള പട്ടികജാതി-പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍, കേരള സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന്‍, കേരള സംസ്ഥാന സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍, കേരള സംസ്ഥാന റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍, മത്സ്യഫെഡ്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍, കേരള സംസ്ഥാന കശുവണ്ടിത്തൊഴിലാളി അപക്‌സ് ഇന്റസ്ട്രിയല്‍ സംഘം, കേരള സംസ്ഥാന കൈത്തറി നെയ്ത്തുകാരുടെ സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സംസ്ഥാന സഹകരണ ടെക്‌സ്റ്റൈല്‍ ഫെഡറേഷന്‍, 14 ജില്ലാ സഹകരണ ബാങ്കുകള്‍ എന്നിവകളിലെ നേരിട്ടു നിയമനം നടത്തുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാക്കിനല്‍കുന്ന സെലക്ട് ലിസ്റ്റില്‍നിന്നു മാത്രമേ നടത്താവൂ എന്നു നിഷ്‌കര്‍ഷിച്ചുകൊണ്ടുള്ള ക്ലോസ് 3 എ 1995 ആഗസ്റ്റ് അഞ്ചു മുതലാണ് 80-ാം വകുപ്പില്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് പ്രാബല്യത്തില്‍ വന്നത്. 1958 ലെ കേരള സംസ്ഥാനവും സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സും എന്നതിലെ ചട്ടങ്ങള്‍ 14 മുതല്‍ 17 വരെയുള്ളവയിലെ സംവരണതത്വം പാലിച്ചുകൊണ്ട് പി.എസ്.സി.യുടെ അഡൈ്വസില്‍ നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും നിയമപരമായി സാധുതയുള്ളവയാണെന്നു സ്ഥിരീകരിച്ചുകൊണ്ടുള്ള വ്യവസ്ഥ 80 ( 3 എ എ ) 2010 ഏപ്രില്‍ 28 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധമുള്ള ഭേദഗതിയാണു 2010 ല്‍ 80-ാം വകുപ്പില്‍ കൊണ്ടുവന്നത്.

10 ശതമാനം
സംവരണം

ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മേല്‍സൂചിപ്പിച്ച 29 സഹകരണസ്ഥാപനങ്ങളില്‍ 1995 ഏപ്രില്‍ 25 മുതല്‍ 1995 ആഗസ്റ്റ് നാലുവരെ നേരിട്ടു നടത്തിയിട്ടുള്ള നിയമനങ്ങളെല്ലാം അസാധുവാക്കിക്കൊണ്ടുള്ള വ്യവസ്ഥയാണ് 80-ാം വകുപ്പില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട ക്ലോസി ( 3 ബി ) ലുള്ളത്. ഉപവകുപ്പ് ഒന്നിലോ രണ്ടിലോ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും നേരിട്ടുള്ള നിയമനരീതിയാണെങ്കില്‍ ഓരോ സഹകരണസംഘത്തിലെയും ജീവനക്കാരുടെ പത്തു ശതമാനം തസ്തികകള്‍ പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍നിന്നും നിയമനം നടത്താനായി സംവരണം ചെയ്തിരിക്കണമെന്ന വ്യവസ്ഥ 80-ാം വകുപ്പിലെ ക്ലോസി ( 4 ) ല്‍ 1986 ജനുവരി 30 മുതലാണു ബാധകമാക്കിയത്. ഓരോ സഹകരണസംഘത്തിലെയും ആകെയുള്ളതിന്റെ മൂന്നു ശതമാനം തസ്തികകളിലേക്കു, മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുള്ളതുപ്രകാരം, 40 ശതമാനമോ അതില്‍ക്കൂടുതലോ വികലാംഗത്വമുള്ളവരെ നിയമിക്കണമെന്ന വ്യവസ്ഥ 80-ാം വകുപ്പില്‍ അഞ്ചാം ഉപവകുപ്പായി 2010 ഏപ്രില്‍ 28 മുതല്‍ ബാധകമാക്കി.

97-ാം ഭരണഘടനാഭേദഗതിയുടെ പശ്ചാത്തലത്തില്‍ 2013 ഫെബ്രുവരി 13 നു പ്രാബല്യത്തില്‍ വന്ന സമഗ്ര സഹകരണ നിയമഭേദഗതിയുടെ ഭാഗമായി 80-ാം വകുപ്പില്‍ ഉപവകുപ്പ് ( 6 ) എന്ന പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു. സഹകരണസംഘങ്ങളുടെ ശമ്പളച്ചെലവുകള്‍ നിശ്ചയിക്കാനും പരമാവധി പരിധിയും കുറഞ്ഞ പരിധിയും ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ നിശ്ചയിക്കാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന വ്യവസ്ഥയാണു വകുപ്പ് 80 ( 6 ) ആയി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കൂടാതെ, അറ്റനഷ്ടമുള്ള സഹകരണസംഘങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ നിരക്കിലുംതാഴെ ശമ്പളവും അലവന്‍സുകളും നല്‍കാമെന്നും വകുപ്പ് 80 ( 6 ) ന്റെ പ്രൊവിസോയില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

ഒരു സഹകരണസംഘവും സര്‍ക്കാരും പരസ്പരം സമ്മതിച്ചതുപ്രകാരമുള്ള വ്യവസ്ഥകളനുസരിച്ചു സംഘം നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ സേവനം സംഘകാര്യങ്ങള്‍ നടത്തുന്നതിലേക്കായി നല്‍കാവുന്നതും അയാള്‍ക്കു നിശ്ചയിക്കപ്പെട്ടപ്രകാരമുള്ള അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന വ്യവസ്ഥയും വകുപ്പ് 80 ( 10 ) ആയി 2013 ഫെബ്രുവരി 14 നു പ്രാബല്യത്തില്‍ കൊണ്ടുവരികയുണ്ടായി. സഹകരണസ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങളും മാനുഷികപരിഗണനകളും ഉള്‍ക്കൊണ്ടാണു 1974 നുശേഷം മേല്‍സൂചിപ്പിച്ച ഭേദഗതികളെല്ലാം സഹകരണനിയമത്തില്‍ കൊണ്ടുവന്നത്.

സംഘങ്ങളുടെ
തരംതിരിവ്

80-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ സഹകരണസംഘങ്ങളെ അവയുടെ സ്വഭാവത്തിന്റെയും സാമ്പത്തികസ്ഥിതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തരംതിരിയ്ക്കുമെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. സഹകരണസംഘങ്ങളെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുള്ളതു ചട്ടം 15 ലാണ്. ഹ്രസ്വകാല-മധ്യകാല വായ്പാസംഘങ്ങള്‍, ഇന്‍ഷ്വേര്‍ഡ് സഹകരണ ബാങ്ക്, മറ്റു പ്രാഥമിക വായ്പാസംഘങ്ങള്‍, ദീര്‍ഘകാല വായ്പാസംഘങ്ങള്‍, ഭവനനിര്‍മാണസംഘങ്ങള്‍, വിപണനസംഘങ്ങള്‍, സംസ്‌കരണസംഘങ്ങള്‍, കാര്‍ഷിക വ്യവസായസംഘങ്ങള്‍, ഉപഭോക്തൃസംഘങ്ങള്‍, ഫാമിങ് സംഘങ്ങള്‍, ഉല്‍പ്പാദകസംഘങ്ങള്‍, ആശുപത്രിസംഘങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗസംഘങ്ങള്‍, വിദ്യാഭ്യാസ സഹകരണസംഘങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍, വനിതാ സഹകരണസംഘങ്ങള്‍, ടൂറിസം സഹകരണസംഘങ്ങള്‍, പലവക സംഘങ്ങള്‍ എന്നീ വിഭാഗങ്ങളായിട്ടാണു പ്രസ്തുത ചട്ടത്തില്‍ സംഘങ്ങളെ തരംതിരിച്ചിട്ടുള്ളത്.

സാമ്പത്തികനിലയുടെ അടിസ്ഥാനത്തിലുള്ള തരംതിരിവാണ് അനുബന്ധം III ല്‍ നല്‍കിയിട്ടുള്ളത്. സഹകരണച്ചട്ടം 182 ല്‍ സര്‍ക്കാരിനു സ്വമേധയാലോ മറ്റുവിധത്തിലോ രജിസ്ട്രാറുമായി ആലോചിച്ചശേഷം മൂന്നു വര്‍ഷത്തിലൊരിക്കല്‍ അപ്രകാരമുള്ള തരംതിരിവ് പരിഷ്‌കരിക്കാവുന്നതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കുകള്‍, ജീവനക്കാരുടെ വായ്പാസംഘങ്ങള്‍, റീജ്യണല്‍ ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, വായ്പാസംഘങ്ങള്‍ എന്നിവയെ ക്ലാസ് വണ്‍ സൂപ്പര്‍ഗ്രേഡ് മുതല്‍ ക്ലാസ് സെവന്‍ വരെയുള്ള ഒമ്പതു ക്ലാസുകളിലാണ് അനുബന്ധം III ല്‍ തരംതിരിച്ചിട്ടുള്ളത്. മാസശരാശരി പ്രവര്‍ത്തനമൂലധനം, മാസശരാശരി നിക്ഷേപം, മാസശരാശരി നില്‍പ്പുവായ്പ, വായ്പയിലെ മുതല്‍ക്കുടിശ്ശിക, ഓഡിറ്റ് ക്ലാസ്, ലാഭത്തില്‍ പ്രവര്‍ത്തിക്കേണ്ട വര്‍ഷങ്ങള്‍, ലാഭവീതം നല്‍കേണ്ട വര്‍ഷങ്ങള്‍ എന്നിങ്ങനെ ഏഴു മാനദണ്ഡങ്ങളാണു തരംതിരിവിന് അടിസ്ഥാനമായി എടുത്തിട്ടുള്ളത്. ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് ബാങ്കിനു നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതകളില്‍ നിര്‍ബന്ധയോഗ്യതകളായിട്ടുള്ളവ മാസശരാശരി പ്രവര്‍ത്തനമൂലധനം 30 കോടി രൂപയും മാസശരാശരി നിക്ഷേപം 26 കോടി രൂപയും മാസശരാശരി വായ്പ 22 കോടി രൂപയും മുതല്‍ക്കുടിശ്ശിക ഡിമാന്റിന്റെ 25 ശതമാനത്തില്‍ അധികരിച്ചുകൂടാ എന്നതുമാണ്.

ക്ലാസ് വണ്‍ സ്‌പെഷല്‍ഗ്രേഡില്‍പ്പെടുന്ന സംഘങ്ങളില്‍ അനുവദനീയമായ തസ്തികകളുടെ എണ്ണം മുപ്പതാണ്. പ്രധാനപ്പെട്ട വരുമാനസ്രോതസ്സായ വായ്പയുടെ ആളോഹരി ശരാശരി കണക്കാക്കിയാല്‍ 73 ലക്ഷം രൂപ മാത്രമാണുണ്ടാവുക. കാര്യക്ഷമമായ ഫണ്ട് മാനേജ്‌മെന്റ് നടക്കുന്ന സംഘങ്ങളില്‍പ്പോലും ഓരോ നൂറു രൂപ വായ്പയില്‍നിന്നും ശരാശരി നാലു രൂപയ്ക്കുമേല്‍ പലിശമിച്ചം കിട്ടാറില്ല. ( വായ്പയില്‍നിന്നുള്ള പലിശമിച്ചനിരക്ക് = വായ്പയില്‍നിന്നുള്ള ശരാശരി പലിശവരവ് – വായ്പ നല്‍കാനുപയോഗിക്കുന്ന നിക്ഷേപത്തിന്റെ ശരാശരി പലിശച്ചെലവ് ). ഇപ്പോള്‍ ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡില്‍പ്പെടുന്ന ഒരു വായ്പാസംഘത്തിലെ ജീവനക്കാരുടെ ആളോഹരി പ്രവര്‍ത്തനച്ചെലവ്് ( ശമ്പളച്ചലവ് + തന്‍ചെലവ് ) പ്രതിവര്‍ഷം പത്തു ലക്ഷത്തിനു മുകളിലുണ്ടാകുമ്പോള്‍ ശരാശരി 73 ലക്ഷം ആളോഹരിവായ്പയില്‍നിന്നും മൂന്നു ലക്ഷം രൂപയില്‍ത്താഴെ മാത്രമാണ് ആദായസംഭാവന ഉണ്ടാകുന്നത്. ജീവനക്കാരുടെ ആളോഹരി വാര്‍ഷിക ആദായസംഭാവനയും പ്രവര്‍ത്തനച്ചെലവും തമ്മില്‍ വലിയ അന്തരത്തിനുള്ള മുഖ്യകാരണം ചട്ടം 182 ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളവിധം സഹകരണവായ്പാസംഘങ്ങളുടെ സാമ്പത്തികനിലയുടെ അടിസ്ഥാനത്തിലുള്ള തരംതിരിവ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ പുതുക്കണമെന്ന നിബന്ധന പാലിക്കപ്പെടാത്തതാണ്. കേരളത്തിലെ 1620 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളില്‍ 645 സംഘങ്ങള്‍ നഷ്ടത്തിലായതിനും അവയുടെ നഷ്ടത്തുക 5594 കോടി രൂപയായി ഉയര്‍ന്നതിനും പല കാരണങ്ങളുള്ളതില്‍ ഒരു പ്രധാനകാരണം ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ ശമ്പളപരിഷ്‌കരണം നടക്കുന്ന വര്‍ഷങ്ങളിലെങ്കിലും പരിഷ്‌കരിക്കാന്‍ കഴിയാത്തതാണ്.

സഹകരണസംഘങ്ങളിലെ ശമ്പളച്ചെലവിന്റെ പരമാവധി പരിധിയും കുറഞ്ഞ പരിധിയും നിശ്ചയിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നു വകുപ്പ് 80 ( 6 ) ല്‍ ഒരു പുതിയ വ്യവസ്ഥയായി 2013 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. വായ്പകളില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നുമുള്ള പലിശവരവും ചിട്ടിക്കമ്മീഷനും വ്യാപാരലാഭം ഉള്‍പ്പെടെയുള്ള പലവക വരുമാനവും കൂടുന്ന മൊത്തം വരുമാനത്തെ ആശ്രയിച്ചായിരിക്കണം എസ്റ്റാബ്ലിഷ്‌മെന്റ് ചെലവിന്റെ കുറഞ്ഞതും കൂടിയതുമായ പരിധി നിര്‍ണയിക്കേണ്ടത്. മൊത്തം വാര്‍ഷികവരുമാനത്തിന്റെ പത്തു ശതമാനത്തില്‍ത്താഴെമാത്രം എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകളുള്ള സംഘങ്ങളും 30 ശതമാനത്തിനു മുകളിലുള്ള സംഘങ്ങളും സംസ്ഥാനത്തുണ്ട്. സംഘങ്ങളുടെ വാര്‍ഷികഓഡിറ്റ് നടത്തുന്ന ഓഡിറ്റര്‍മാര്‍ അവര്‍ നടത്തുന്ന റേഷ്യോ അനാലിസിസില്‍ മൊത്തം വരുമാനത്തില്‍ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍ വളരെ ഉയര്‍ന്ന നിലവാരത്തിലാണെന്നോ പ്രവര്‍ത്തനനഷ്ടത്തിനുള്ള കാരണം പരിധിയില്‍ അധികരിച്ച സില്‍ബന്ധിച്ചെലവാണെന്നോ ജീവനക്കാരുടെ ആളോഹരി ബിസിനസ്സും ജോലിഭാരവും തൃപ്തികരമായ നിലവാരത്തിലാണെന്നോ പരിശോധിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്നില്ല.

നിയമത്തിലെ 80-ാം വകുപ്പിലെ ഉപവകുപ്പ് എട്ടില്‍ സര്‍ക്കാരിന് ഒരുത്തരവിനാല്‍ എല്ലാ തരത്തിലുമുള്ള സഹകരണസംഘങ്ങളിലെയും ജീവനക്കാരുടെ ഏകീകൃത പെരുമാറ്റച്ചട്ടങ്ങളും സേവനവ്യവസ്ഥകളും ക്രോഡീകരിച്ച് ഉത്തരവാകാവുന്നതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1974 ജനുവരി ഒന്നിനു 80-ാം വകുപ്പ് പ്രാബല്യത്തില്‍ വന്നപ്പോള്‍മുതല്‍ ഉണ്ടായിരുന്ന വ്യവസ്ഥയാണിതെങ്കിലും സംസ്ഥാനത്തെ വിവിധവിഭാഗം സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്കു മറ്റു സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ളതുപോലെ ഒരു ഏകീകൃത പെരുമാറ്റച്ചട്ടവും സേവനവ്യവസ്ഥകളും പ്രാവര്‍ത്തികമാക്കുന്ന ഉത്തരവ് ഉണ്ടായിട്ടില്ല.

സംഘത്തിന്റെ
ക്ലാസ്‌കയറ്റം

താഴ്ന്ന ക്ലാസിലുള്ള ഒരു സംഘത്തിന് ഉയര്‍ന്ന ക്ലാസില്‍ എത്തുന്നതിനുള്ള യോഗ്യതകള്‍ കൈവരിച്ചുകഴിഞ്ഞാല്‍ സംഘത്തിന്റെ കമ്മറ്റിയ്ക്കു തീരുമാനമെടുത്തു സഹകരണസംഘം രജിസ്ട്രാറുടെ അനുമതിയോടെ ഉയര്‍ന്ന ക്ലാസിലേക്കു മാറാമെന്നു ചട്ടം 182 ( 1 ) ന്റെ മൂന്നാമത്തെ പ്രൊവിസോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ലാസ് കയറ്റം ഉണ്ടാകുന്നതോടെ ജീവനക്കാരുടെ അടിസ്ഥാനശമ്പളം വര്‍ധിക്കുകയും കൂടുതല്‍ തസ്തികകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഭരണസമിതിക്കും ജീവനക്കാര്‍ക്കും താല്‍പ്പര്യമുള്ള കാര്യമായതിനാല്‍ ഉയര്‍ന്ന ക്ലാസിലെത്താനുള്ള യോഗ്യതകള്‍ കൈവരിച്ചുകഴിഞ്ഞാല്‍ കാലതാമസം വരുത്താതെ കമ്മറ്റി തീരുമാനമെടുക്കുകയും രജിസ്ട്രാറുടെ അംഗീകാരം വാങ്ങി ക്ലാസ്‌കയറ്റം നടത്തുകയും ചെയ്യുന്നു. ഇതോടെ, ഉയര്‍ന്ന ശമ്പളസ്‌കെയിലും അധികനിയമനങ്ങളും സാധ്യമാവുന്നു. എന്നാല്‍, നിലവിലുള്ള ക്ലാസില്‍ തുടരുന്നതിനുള്ള യോഗ്യത നഷ്ടപ്പെടുന്ന സംഘങ്ങളുടെ കാര്യത്തില്‍ ക്ലാസ് താഴ്ത്തുന്നതിനു കമ്മറ്റിയുടെ തീരുമാനമുണ്ടാവുകയോ രജിസ്ട്രാറുടെ അംഗീകാരം വാങ്ങി ക്ലാസ് താഴ്ത്തുകയോ ചെയ്യാറില്ല. താന്‍ ഓഡിറ്റ് നടത്തുന്ന സംഘത്തിനു നിലവിലെ ക്ലാസില്‍ തുടരാന്‍ അര്‍ഹതയുണ്ടോ ഇല്ലയോ എന്നു പരിശോധിച്ചു സ്വയം ബോധ്യപ്പെടുകയും യോഗ്യതയില്ലാത്തപക്ഷം റിപ്പോര്‍ട്ടില്‍ ആ വിവരം മേലധികാരിയെ അറിയിക്കുകയും ചെയ്യുകയെന്നതു സംഘം ഓഡിറ്റ് നടത്തുന്ന സഹകരണവകുപ്പ് ഓഡിറ്ററുടെ ചുമതലയാണ്. എന്നാല്‍, വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിനാലോ ജീവനക്കാരോടുള്ള വിധേയത്വംകൊണ്ടോ നിലവിലുള്ള ക്ലാസില്‍ തുടരാനുള്ള അര്‍ഹത പരിശോധിക്കുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ വിരളമാണ്. സംസ്ഥാനത്തെ വടക്കന്‍ ജില്ലയിലുള്ള ഒരു സഹകരണവായ്പാസംഘത്തിനു 42 കോടി രൂപ നിക്ഷേപവും 43 കോടി രൂപ സഞ്ചിതനഷ്ടവും ബാക്കിപത്രത്തില്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍, ക്ലാസ് വണ്ണില്‍ തുടരുന്ന ആ സംഘത്തിന്റെ ക്ലാസിഫിക്കേഷന്‍ താഴ്ത്താനുള്ള നിര്‍ദേശം ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടുകളില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നതു ഗൗരവമായി കാണേണ്ടതാണ്.

2010 നവംബര്‍ രണ്ടിനു പുതിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ വായ്പാസംഘങ്ങള്‍ക്കു ബാധകമാക്കിയപ്പോള്‍ 182-ാം ചട്ടത്തിന്റെ ഒന്നാം ഉപചട്ടത്തില്‍ രണ്ടാമത്തെ പ്രൊവിസോ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പ്രവര്‍ത്തനമൂലധനം, നിക്ഷേപം, വായ്പ തുടങ്ങിയ നിര്‍ബന്ധ യോഗ്യതകള്‍ മാര്‍ച്ച് 31 നു കൈവരിച്ചതായി കാണിക്കാന്‍ ജീവനക്കാര്‍ക്കു സ്വാധീനിക്കാന്‍ കഴിയുന്ന നിക്ഷേപകരെക്കൊണ്ട് അവരുടെ നിക്ഷേപഈടിന്മേല്‍ വായ്പ എടുപ്പിക്കുകയും എടുത്ത വായ്പത്തുക അവിടെത്തന്നെ നിക്ഷേപിക്കുകയും ചെയ്യുന്ന ആനാരോഗ്യകരമായ പ്രവണത അപൂര്‍ം സംഘങ്ങളില്‍ നടക്കുന്നതായി സഹകരണവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണു നിര്‍ബന്ധ യോഗ്യതകളായ പ്രവര്‍ത്തനമൂലധനം, നിക്ഷേപം, വായ്പ എന്നിവ മാസശരാശരിത്തുകയായിരിക്കണമെന്ന ചട്ടവ്യവസ്ഥയുണ്ടായത്. സംഘത്തിന്റെ തരംതിരിക്കലിനായി സാമ്പത്തികസ്ഥിതി പരിഗണിക്കുമ്പോള്‍ ഒരു വര്‍ഷത്തെ 12 മാസങ്ങളിലെ ശരാശരിനിലവാരം ഓരോ മാസത്തെയും അവസാനദിവസത്തെ സ്ഥിതി എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തനമൂലധനം, നിക്ഷേപം, വായ്പ എന്നിവ കണക്കാക്കണമെന്ന പ്രൊവിസോ 182-ാം ചട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. അപൂര്‍വം ചില ഉദ്യോഗസ്ഥര്‍ ബാക്കിപത്രത്തിലെ തുകകളെ 12 കൊണ്ടു ഹരിച്ച് മാസശരാശരി പ്രവര്‍ത്തനമൂലധനവും നിക്ഷേപവും വായ്പയും കണക്കാക്കുന്ന വികലമായ രീതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

അപെക്‌സ് സംഘങ്ങളും ജില്ലാ സഹകരണബാങ്കുകളുമുള്‍പ്പെടുന്ന 29 സഹകരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെയും മറ്റു ജീവനക്കാരുടെയും നേരിട്ടുള്ള നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നല്‍കുന്ന സെലക്ട് ലിസ്റ്റില്‍നിന്നുമാത്രമേ നടത്താവൂ എന്നു നിഷ്‌കര്‍ഷിച്ചുകൊണ്ടുള്ള വ്യവസ്ഥ 80-ാം വകുപ്പില്‍ ഉപവകുപ്പായി ( 3 എ ) 1995 ആഗസ്റ്റ് അഞ്ചിനാണു പ്രാബല്യത്തില്‍ വന്നത്. സംസ്ഥാനത്തെ ഏതാനും ജില്ലാ സഹകരണ ബാങ്കുകളിലെ ക്ലര്‍ക്ക് തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിമതിയാരോപണമുണ്ടായ സാഹചര്യത്തിലാണു മേല്‍സൂചിപ്പിച്ച വ്യവസ്ഥ വകുപ്പില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. സംസ്ഥാനത്തെ അപെക്‌സ് സംഘങ്ങളില്‍ ഏതാനും സ്ഥാപനങ്ങളില്‍ സ്‌പെഷല്‍ റൂള്‍സ് തയാറാകാത്തതിനാല്‍ അവയിലെ നിയമനങ്ങളില്‍, നിയമവ്യവസ്ഥ പ്രാബല്യത്തില്‍ വന്നു 29 വര്‍ഷം കഴിഞ്ഞിട്ടും, പബ്ലിക് സര്‍വീസ് കമ്മീഷനു പരീക്ഷ നടത്തി സെലക്ട്‌ലിസ്റ്റ് നല്‍കാന്‍ സാധിച്ചിട്ടില്ല.

                                                                                                 (മൂന്നാംവഴി സഹകരണ മാസിക മാര്‍ച്ച് ലക്കം)

Leave a Reply

Your email address will not be published.