സഹകരണ വകുപ്പിലെ ഓൺലൈൻ സ്ഥലമാറ്റം പുതിയ സോഫ്റ്റ്വെയറിലൂടെ നടപ്പിലാക്കും: മന്ത്രി വി.എൻ വാസവൻ

moonamvazhi

സഹകരണ വകുപ്പിൽ ജീവനക്കാരുടെ 2024 ലെ പൊതുസ്ഥലം മാറ്റം ഓൺലൈൻ മുഖേന പുതിയ സോഫ്റ്റ് വെയറിലൂടെ അടിയന്തരമായി നടപ്പാക്കുന്നതിനുളള നടപടികൾ സഹകരണ സംഘം രജിസ്ട്രാർമാർ സ്വീകരിച്ചു വരികയാണന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.ഡോ: മാത്യുകുഴലനാടൻ എം എൽഎ യുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സഹകരണ സംഘങ്ങളിലെ ജീവനക്കാർ ഒരു സെക്ഷനിൽ 2 വർഷത്തിലധികം തുടരുന്നത് അനുവദിക്കാൻ പാടുള്ളതല്ല എന്ന് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ സഹകരണ വകുപ്പിലെ ഓഡിറ്റർമാരെ 2 വർഷത്തിൽ അധികം ഒരു സ്ഥാപനത്തിൽ ആഡിറ്ററായി തുടരാൻ അനുവദിക്കരുത് എന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.

2023 വർഷത്തെ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കുന്നതിനായി സ്പാർക്ക് മുഖേന ജീവനക്കാരിൽ നിന്നും സഹകരണ സംഘം രജിസ്ട്രാർ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാൽ പ്രസ്തുത പൊതുസ്ഥലമാറ്റ നടപടികൾ സംബന്ധിച്ച് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ O.A.നം. 20/2024 കേസ് ഫയൽ ചെയ്യുകയും പ്രസ്തുത കേസിൽ സഹകരണ വകുപ്പിലെ 2023 വർഷത്തെ ഓൺലൈൻ പൊതുസ്ഥലമാറ്റ നടപടികൾ ഒഴിവാക്കുന്നതിനും 2024 ഓൺലൈൻ പൊതുസ്ഥലമാറ്റം ഏപ്രിൽ 30 നകം പൂർത്തീകരിക്കുന്നതിന് 07.03.2024 ൽ ബഹു. കരള അഡ്മിനിസ്ലേറ്റീവ് ട്രൈബ്യൂണൽ വിധിന്യായം പുറപ്പെടുവിച്ചിരുന്നു. എന്നാൽ വകുപ്പിലെ കെ.എസ്.ആർ. ചട്ടം 144 പ്രകാരം വിവിധ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് സ്പാർക്ക് സോഫ്റ്റ് വെയറിലൂടെ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.

ഇക്കാര്യം ബഹു.കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി
ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഒ.എ. നം. 20/2024 & 404/2024 നമ്പർ വിധി നടപ്പിലാക്കുന്നതിനുള്ള സമയ പരിധി 30.04.2024 മുതൽ മൂന്ന് മാസത്തേയ്ക്ക് ദീർഘിപ്പിച്ചുകൊണ്ട് എം. എ .നം 932/2024 ൽ 20.05.2024 ന് ബഹു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Leave a Reply

Your email address will not be published.