റിസ്‌ക്ഫണ്ട് ആനുകൂല്യങ്ങള്‍ വൈകരുത്- കേരള സഹകരണ ഫെഡറേഷന്‍

Moonamvazhi

കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് റിസ്‌ക് ഫണ്ട് പദ്ധതിയിലൂടെ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒട്ടും വൈകരുതെന്നു കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ സഹകരണമന്ത്രി വി.എന്‍. വാസവനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സഹകരണസംഘങ്ങളില്‍നിന്നു വായ്പയെടുത്തശേഷം മാരകരോഗം ബാധിക്കുകയോ വായ്പാകാലാവധിക്കുള്ളില്‍ മരിക്കുകയോ ചെയ്യുന്നവര്‍ക്ക് നേരത്തേ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പദ്ധതിയില്‍നിന്ന് ആനുകൂല്യങ്ങള്‍ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാലിപ്പോള്‍ ആ അവസ്ഥ മാറി. ഒരു വര്‍ഷവും ഒന്നര വര്‍ഷവും കഴിഞ്ഞാലേ ആനുകൂല്യം ലഭിക്കൂ എന്ന സ്ഥിതിയാണിപ്പോള്‍. പദ്ധതിവഴി ആനുകൂല്യം കിട്ടേണ്ട ജനങ്ങള്‍ക്കും സഹകരണസംഘങ്ങള്‍ക്കും ഇത് ഏറെ നഷ്ടമുണ്ടാക്കുന്നു. അതിനാല്‍, റിസ്‌ക്ഫണ്ട് ആനുകൂല്യം സമയബന്ധിതമായി ലഭിക്കാന്‍വേണ്ട സത്വരനടപടികള്‍ കൈക്കൊള്ളണം- വിജയകൃഷ്ണന്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു.

കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വായ്പക്കാരനുള്ള മരണാനന്തര സഹായം പരമാവധി മൂന്നു ലക്ഷം രൂപയായും ചികിത്സാ ധനസഹായം പരമാവധി ഒന്നേകാല്‍ ലക്ഷം രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. നേരത്തേ ഇതു യഥാക്രമം രണ്ടു ലക്ഷം രൂപയും ഒരു ലക്ഷം രൂപയുമായിരുന്നു.

വായ്പയെടുത്ത അംഗം വായ്പാ കാലാവധിയിലോ വായ്പാ കാലാവധി കഴിഞ്ഞ് ആറു മാസത്തിനുള്ളിലോ മരിച്ചാല്‍ അംഗത്തിന്റെ പേരില്‍ അന്നേ ദിവസം ബാക്കിനില്‍ക്കുന്ന വായ്പാമുതല്‍ അല്ലെങ്കില്‍ മൂന്നു ലക്ഷം രൂപ, ഇതില്‍ ഏതാണോ കുറവ് ആ തുക, കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതിയില്‍ നിന്നു നല്‍കും. ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് എടുത്ത കോ-ഒബ്ലിഗന്റ് ഉള്‍പ്പെട്ട കൂട്ടായ വായ്പയാണെങ്കില്‍, അതിലൊരാള്‍ മരിച്ചാല്‍, ആ വായ്പക്കാരന്റെ മരണദിവസം ബാക്കിനില്‍ക്കുന്ന തുകയില്‍ ആനുപാതികമായ തുക ഫണ്ടില്‍ നിന്നു നല്‍കും.

വായ്പാകാലാവധിക്കുള്ളില്‍ വായ്പക്കാരനു മാരകരോഗം പിടിപെട്ടാല്‍ വായ്പാ മുതലിനത്തില്‍ 1,25,000 രൂപയുടെ ആനുകൂല്യം കിട്ടും. കൂട്ടായ വായ്പയാണെങ്കില്‍ ആനുപാതിക തുക മാത്രമേ ചികിത്സാ സഹായമായി കിട്ടൂ. ഇങ്ങനെ ധനസഹായം കിട്ടിയശേഷം വായ്പക്കാരന്‍ മരിച്ചാല്‍ കിട്ടിയ ആനുകൂല്യം കിഴിച്ച് ബാക്കി സംഖ്യയ്‌ക്കേ പിന്നീട് അര്‍ഹതയുണ്ടാകൂ.ഇതാണ് സർക്കാർ വരുത്തിയ മാറ്റം. ഗുണഭോക്താക്കൾക്ക് ഇത് യഥാസമയം കൊടുക്കുന്നില്ലെന്നാണ് ഇപ്പോഴുയർന്ന പ്രശ്നം.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi