വെളിയത്തുനാട് ബാങ്ക് കൂണ്‍സംസ്‌കരണശാലയും കാര്‍ഷികകേന്ദ്രവും തുടങ്ങി

moonamvazhi
എറണാകുളംജില്ലയിലെ വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കാര്‍ഷിക അടിസ്ഥാനസൗകര്യനിധി പദ്ധതിപ്രകാരം നബാര്‍ഡ് ധനസഹായത്തോടെ നിര്‍മിച്ച വെസ്‌കൂപ്‌സ് കാര്‍ഷികവിജ്ഞാനവ്യാപനകേന്ദ്രവും കൂണ്‍ അഗ്രിപ്രോസസിങ് യൂണിറ്റും സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സഹകരണസ്ഥാപനങ്ങളുടെ മൂല്യവര്‍ധിതോത്പന്നങ്ങള്‍ വിദേശത്തേക്കു കയറ്റിയയക്കാന്‍ കഴിയുന്നുണ്ടെന്നും വെളിയത്തുനാട് ബാങ്കിന്റെ കൂണ്‍ ഉത്പന്നങ്ങളുടെ കാര്യത്തിലും അതു ചെയ്യാന്‍ സര്‍ക്കാര്‍ സഹായിക്കാമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാക്കി നിര്‍മാണനിര്‍വഹണഘട്ടങ്ങളില്‍ സാങ്കേതികസഹായങ്ങളും മറ്റും നല്‍കിയ അഗ്രോനേച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ. രഞ്ജിത് രാമചന്ദ്രനു മന്ത്രി വാസവന്‍ ഉപഹാരം നല്‍കി.
വ്യവസായമന്ത്രി പി. രാജീവ് മുന്‍കൈയെടുത്തു കളമശ്ശേരി മണ്ഡലത്തില്‍ നടപ്പാക്കുന്ന കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗംകൂടിയാണ് കാര്‍ഷികകേന്ദ്രവും കൂണ്‍സംസ്‌കരണയൂണിറ്റും. ആറ്റിപ്പുഴ എന്‍.എസ്.എസ്.ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി രാജീവ് അധ്യക്ഷനായിരുന്നു. കൃഷിമന്ത്രി പി. പ്രസാദ് മാതൃകാകൂണ്‍ണ്‍ഗ്രാമപ്രഖ്യാപനം നടത്തി.
ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് സ്വാഗതം പറഞ്ഞു. ബാങ്കിന്റെ സഹായത്തോടെ ആദ്യം 10വീടുകളില്‍ തുടങ്ങിയ കൂണ്‍കൃഷി ഇപ്പോള്‍ നൂറുവീടുകളിലേക്കു വ്യാപിച്ചിരിക്കുകയാണെന്നും 5000 വീടുകളില്‍ കൂണ്‍കൃഷിയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള കൂണ്‍ എത്രവലിയതോതില്‍ കൃഷി ചെയ്താലും അവയത്രയും സംഭരിക്കാന്‍ ബാങ്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ആലങ്ങാട് ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് രമ്യാതോമസ്, കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ശ്രീലതാലാലു, ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍, നബാര്‍ഡ് എ.ജി.എം. അജീഷ് ബാലു, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, ബാങ്ക് വികസനസമിതി ചെയര്‍മാന്‍ എം.കെ. സദാശിവന്‍, ബാങ്കുസെക്രട്ടറി പി.പി. സുജാത,പറവൂര്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി.എം. ഷാജിത, പി.പി. രമേഷ്, വി.എം. ശശി, ഇ.കെ. സേതുഎന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.