മുരളീധര്‍ മോഹോല്‍, കൃഷന്‍പാല്‍ ഗുര്‍ജര്‍ എന്നിവര്‍ സഹമന്ത്രിമാര്‍

moonamvazhi
  • സഹകരണത്തിനു ബി.ജെ.പി. പ്രത്യേകപ്രാധാന്യം നല്‍കുന്നു
  • കേന്ദ്ര സഹകരണനയം ഈ വര്‍ഷം നടപ്പാക്കും

കേന്ദ്ര സഹകരണമന്ത്രാലയത്തില്‍ ഇക്കുറി രണ്ടു സഹമന്ത്രിമാരെ നിയമിച്ചു. മുരളീധര്‍ മോഹോല്‍, കൃഷന്‍പാല്‍ ഗുര്‍ജര്‍ എന്നിവരാണു പുതിയ സഹമന്ത്രിമാര്‍. ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണു ഇത്തവണയും സഹകരണത്തിന്റെയും ക്യാബിനറ്റ് മന്ത്രി. കഴിഞ്ഞ മന്ത്രിസഭയില്‍ ബി.എല്‍. വര്‍മ സഹകരണവകുപ്പില്‍ സഹമന്ത്രിയായിരുന്നു.

മുരളീധര്‍ മോഹോല്‍

മുമ്പു കൃഷിമന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സഹകരണത്തെ പ്രത്യേകമന്ത്രാലയമാക്കി മോദിയുടെ ഏറ്റവും വിശ്വസ്തമന്ത്രിയായി കണക്കാക്കപ്പെടുന്ന അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയത് 2021 ജൂലായ് ആറിനാണ്. സഹകരണത്തിനു ബി.ജെ.പി. പ്രത്യേകപ്രാധാന്യം കല്‍പിക്കുന്നുവെന്നു വ്യക്തമാക്കുന്നതായിരുന്നു ഈ നടപടി. സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റമായി ഇതും തുടര്‍ന്നുള്ള പല നടപടികളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംസ്്ഥാനങ്ങളിലെ സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ടു നിയമമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന 97-ാം ഭരണഘടനാഭേദഗതിയുടെ ചില ഭാഗങ്ങള്‍, സംസ്ഥാനലിസ്റ്റില്‍ വരുന്ന കാര്യങ്ങളില്‍ നിയമമുണ്ടാക്കുമ്പോള്‍, മൂന്നില്‍രണ്ടു നിയമസഭകളുടെ അംഗീകാരം നേടിയിരിക്കണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന കാരണത്താല്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

കൃഷന്‍ പാല്‍ ഗുര്‍ജര്‍

സഹകരണത്തിലൂടെ സമൃദ്ധി എന്ന മുദ്രാവാക്യവുമായി കയറ്റുമതിക്കടക്കം മൂന്നു ദേശീയതല മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങള്‍ രൂപവത്കരിക്കുന്നതുപോലുള്ള നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം എടുത്തുകഴിഞ്ഞു. അങ്ങനെയിരിക്കെ മന്ത്രാലയത്തില്‍ രണ്ടു സഹമന്ത്രിമാരെ ഉള്‍പ്പെടുത്തിയതു സഹകരണരംഗത്തു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയസമീപനങ്ങള്‍ തുടരാനും ഒപ്പം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ബി.ജെ.പി.ക്കും കേന്ദ്രസര്‍ക്കാരിനും ഉദ്ദേശ്യമുള്ളതിന്റെ സൂചനയായി കരുതപ്പെടുന്നുണ്ട്. ദേശീയസഹകരണനയം മേഖലാതലചര്‍ച്ചകളും മറ്റും പൂര്‍ത്തിയാക്കി ഈ വര്‍ഷം നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

മഹാരാഷ്ട്രയിലെ പുണെയില്‍നിന്നുള്ള ലോക്‌സഭാംഗമാണു സഹകരണമന്ത്രാലയത്തിലെ പുതിയ സഹമന്ത്രി മുരളീധര്‍ മോഹോല്‍. ആഭ്യന്തരവ്യോമയാനമന്ത്രാലയത്തിന്റെയും സഹമന്ത്രിയാണ്. പുണെയിലെ മുന്‍മേയറാണ്. പുണെയില്‍ സഹകരണപ്രസ്ഥാനം അത്ര ശക്തമല്ല. പശ്ചിമഹാരാഷ്ട്രയിലെ സഹകരണമേഖലയുടെ നിയന്ത്രണം കൈയടക്കാനുള്ള ബി.ജെ.പി.യുടെ താത്പര്യം മുരളീധര്‍ മോഹോലിന്റെ സ്ഥാനലബ്ധിക്കുപിന്നിലുണ്ടെന്നു കരുതപ്പെടുന്നു. ആദ്യമായാണു മുരളീധര്‍ മോഹോല്‍ ലോക്‌സഭാംഗമാകുന്നത്. 1.23 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസ്സിലെ രവീന്ദ്ര ധങ്കേക്കറെയാണു തോല്‍പിച്ചത്. സഹകരണമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായ കൃഷന്‍ പാല്‍ ഗുര്‍ജര്‍ ഹരിയാണയിലെ ഫരീദാബാദില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. 1.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. കോണ്‍ഗ്രസ്സിലെ മഹേന്ദ്രപ്രതാപ്‌സിംഗിനെയാണു തോല്‍പിച്ചത്. ഫരീദ്ബാദിലെ മേവ്‌ലാ മഹാരാജ്പൂര്‍ സ്വദേശിയാണ്. ബിരുദവും നിയമബിരുദവുമുണ്ട്. മുമ്പു ഹരിയാണയില്‍ ഗതാഗതമന്ത്രിയായിരുന്നിട്ടുണ്ട്.

വീണ്ടും സഹകരണമന്ത്രിപദത്തിലെത്തിയ അമിത്ഷായെ സഹകരണമേഖലയിലെ പ്രമുഖര്‍ അഭിനന്ദിച്ചു. അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാപെസഫിക് വൈസ് പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍സിങ് യാദവ്, ദേശീയസഹകരണയൂണിയന്‍ പ്രസിഡന്റ് ദിലീപ് സംഘാനി, സഹകാര്‍ ഭാരതി പ്രസിഡന്റ് ഡി.എന്‍. താക്കൂര്‍, ഇഫ്‌കോ മാനേജിങ് ഡയറക്ടര്‍ ഡോ. യു.എസ്. അവസ്തി, എന്‍.യു.സി.എഫ്.ഡി.സി. പ്രസിഡന്റ് ജ്യോതീന്ദ്രമേത്ത, സംസ്ഥാനസഹകരണബാങ്കുകളുടെ ദേശീയഫെഡറേഷന്‍ പ്രസിഡന്റ് കെ. രവീന്ദ്ര റാവു, സഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകളുടെ ദേശീയഫെഡറേഷന്‍ എം.ഡി. കെ.കെ. രവീന്ദ്രന്‍, അര്‍ബന്‍ സഹകരണബാങ്കുകളുടെയും വായ്പാസംഘങ്ങളുടെയും ദേശീയഫെഡറേഷന്റെ വൈസ്‌ചെയര്‍മാന്‍ മിലിന്ദ് കാലെ തുടങ്ങിയവര്‍ അതില്‍പ്പെടുന്നു.

Leave a Reply

Your email address will not be published.