സഹകാരികള്‍ക്കുള്ള ഹോണറേറിയം കൂട്ടാത്ത നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ സഹകരണ ഫെഡറേഷന്‍ 

Moonamvazhi

സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാരുടെ ഹോണറേറിയും ഭരണസമിതി അംഗങ്ങളുടെ ദിന-യാത്രാബത്തകള്‍ എന്നിവ കൂട്ടാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ സഹകരണ ഫെഡറേഷന്‍ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 2014-ലാണ് അവസാനമായി ഹോണറേറിയം പുതുക്കിയത്. ഇത് പുതുക്കി നിശ്ചയിക്കണമെന്ന് കാണിച്ച് വിവിധ സഹകാരികളും സംഘടനകളും സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. നിയമസഭയിലടക്കം ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഹോണറേറിയം പുതുക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരുന്നുവെന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇതേ മറുപടിയാണ് സഹകരണ മന്ത്രിയില്‍നിന്നുണ്ടായത്. എന്നാല്‍, ഇത് പുതുക്കി നിശ്ചയിക്കാനുള്ള നടപടിയുണ്ടായില്ല. ഇതോടെയാണ് ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സഹകരണ ഫെഡറേഷന്‍ യോഗം തീരുമാനിച്ചത്.

സഹകരണ സംഘത്തിന്റെ വളര്‍ച്ചയ്ക്ക് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് അതിന്റെ ഭരണസമിതി അംഗങ്ങളും പ്രസിഡന്റും. ഇവര്‍ക്ക് ശമ്പളമോ മറ്റ് ആനുകൂല്യമോ ഇല്ല. പ്രസിഡന്റുമാര്‍ക്ക് ഹോണറേറിയവും ഭരണസമിതി അംഗങ്ങള്‍ക്ക് ദിനബത്ത, യാത്രബത്ത എന്നിവയുമാണുള്ളത്. ഇത് നാമമാത്രമായ തുകയാണ്. പത്തുലക്ഷം വിറ്റുവരവുള്ള ഒരു സഹകരണ സംഘത്തിന്റെ പ്രസിഡന്റിന് മാസം ലഭിക്കുന്ന ഹോണറേറിയും 2000 രൂപയാണ്. കേരളബാങ്കുപോലുള്ള വലിയ സ്ഥാപനങ്ങളിലെ പ്രസിഡന്റിന് ലഭിക്കുന്നത് 22,000 രൂപയാണ്. കേരളബാങ്കിനും കാര്‍ഷിക ഗ്രാമവികസന ബാങ്കിനും മാത്രമാണ് ഈ ഉയര്‍ന്ന നിരക്കുള്ളത്.

സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴില്‍ 16,300 സഹകരണ സ്ഥാപനങ്ങളാണുള്ളത്. ഭൂരിഭാഗവും ചെറിയ സംഘങ്ങളാണ്. സഹകാരികളുടെ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനവും സമൂഹത്തിലെ എല്ലാവിഭാഗക്കാരെയും ഒന്നിപ്പിച്ച് നടത്തുന്ന ഇടപെടലുമാണ് ഓരോ സഹകരണ സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. അവര്‍ക്ക് നല്‍കുന്ന അംഗീകാരമായാണ് ഹോണറേറിയം കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്നത്തെ സാഹചര്യത്തില്‍ ആ സ്ഥാപനത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം പോലും അതിന്റെ വളര്‍ച്ചയ്ക്ക് സമയവും കാലവും നോക്കാതെ അധ്വാനിക്കുന്ന സഹകാരികള്‍ക്ക് ലഭിക്കുന്നില്ല.

ഹോണറേറിയവും ദിന-യാത്രാ ബത്തയും നല്‍കുന്നത് അതത് സഹകരണ സ്ഥാപനങ്ങളാണ്. ഇതില്‍ സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ല. എന്നിട്ടും, പത്തുവര്‍ഷമായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന നിസംഗമനോഭാവമാണ് സഹകരണ ഫെഡറേഷന്‍ യോഗത്തിലും ചര്‍ച്ചയായത്. സഹകാരികള്‍ ഒരു സംഘത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാര്യങ്ങളും, അതിന് ലഭിക്കുന്ന ഹോണറേറിയവും കോടതിയെ ബോധ്യപ്പെടുത്തണമെന്നാണ് ഫെഡറേഷന്‍ തീരുമാനിച്ചത്. അഡ്വ. എം.പി.സാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi