മള്‍ട്ടിസ്റ്റേറ്റ് സംഘം തിരഞ്ഞെടുപ്പില്‍ സംസ്ഥാനരജിസ്ട്രാര്‍മാര്‍ വരണാധികാരികളാകരുത്
- സംസ്ഥാനങ്ങളിലെ സഹകരണ രജിസ്ട്രാര്‍മാര്‍ക്ക് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കത്ത്
- ചില മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ സംസ്ഥാനരജിസ്ട്രാര്‍മാരെ വരണാധികാരികളാക്കി തിരഞ്ഞെടുപ്പ് നടത്തി
മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ തിരഞ്ഞെടുപ്പില്‍ വരണാധികാരികളെ നിയമിക്കാനും തിരഞ്ഞെടുപ്പുവിശദവിവരങ്ങള്‍ തീരുമാനിക്കാനുമുള്ള അധികാരം കേന്ദ്രസഹകരണമന്ത്രാലയത്തിനു കീഴിലുള്ള സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിക്ക് (കോ-ഓപ്പറേറ്റീവ് ഇലക്ഷന്‍ അതോറിട്ടി – സി.ഇ.എ) മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സഹകരണരജിസ്ട്രാര്‍മാര്‍ക്കുള്ള കത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങളുടെ തിരഞ്ഞെടുപ്പിനു വരണാധികാരികളോ സഹവരണാധികാരികളോ ആകാനുള്ള നിര്‍ദേശം സ്വീകരിക്കരുതെന്ന അറിയിപ്പ് സഹകരണരജിസ്ട്രാര്‍ ഓഫീസുകളിലെ ഫീല്‍ഡ് സ്റ്റാഫ് അടക്കമുള്ളവര്‍ക്കു നല്‍കണമെന്നും അറിയിപ്പിലുണ്ട്.
ചില മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ സംസ്ഥാനസഹകരണരജിസ്ട്രാര്‍മാരെ വരണാധികാരികളായി സ്വയം നിയോഗിച്ചു തിരഞ്ഞെടുപ്പു നടത്തിയതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കത്ത്. 2023 ഓഗസ്റ്റ് മൂന്നിനുശേഷം സഹകരണസംഘംരജിസ്ട്രാര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പു നടത്തിയ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പട്ടിക 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും മെയ് ഏഴിന് ഇറക്കിയ കത്തില്‍ നിര്‍ദേശിച്ചു. ജില്ലാകളക്ടറെയോ ജില്ലാമജിസ്‌ട്രേട്ടിനെയോ ആണ് സി.ഇ.എ വരണാധികാരിയായി നിയമിക്കാറുള്ളത്. 2023 ഓഗസ്റ്റ് മൂന്നിനു വിജ്ഞാപനം ചെയ്യപ്പെട്ട മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘം ഭേദഗതിനിയമത്തിലെ 45 (1) അനുച്ഛേദപ്രകാരം മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനും വോട്ടര്‍പട്ടിക തയ്യാറാക്കലിനു മേല്‍നോട്ടം വഹിക്കാനും നിയന്ത്രിക്കാനും മറ്റുമുള്ള ചുമതല സി.ഇ.എ.യ്ക്കാണ്. ജില്ലാകളക്ടറെയോ ജില്ലാമജിസ്‌ട്രേട്ടിനെയോ ആണ് സി.ഇ.എ വരണാധികാരിയായി നിയമിക്കാറുള്ളത്.
സംസ്ഥാനനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്ക് മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘംനിയമത്തിന്റെ കീഴില്‍വരുന്ന ഫെഡറല്‍ സഹകരണസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രതിനിധിയെ അയക്കാവുന്നതാണ്. ഇക്കാര്യത്തിലും സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍മാരും ഫീല്‍ഡ് ജീവനക്കാരും മതിയായ ജാഗ്രത പുലര്‍ത്തണമെന്നും കത്തിലുണ്ട്.
Click the link for more details ;MVR-Scheme