സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ പരീക്ഷയ്ക്ക് അപേക്ഷിക്കാം

moonamvazhi
  • നിയമനം ജില്ലാ അടിസ്ഥാനത്തില്‍
  •  ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ തസ്തികയില്‍ 190 ഒഴിവ്
  • അപേക്ഷിക്കേണ്ട അവസാനതീയതി 2024 ജൂലായ് 02

കേരളത്തിലെ വിവിധ സഹകരണസംഘങ്ങളിലും ബാങ്കുകളിലുമുള്ള 207 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 ജൂലായ് രണ്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി. സെക്രട്ടറി, അസി. സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് OMR പരീക്ഷയും മറ്റുള്ള വിഭാഗങ്ങളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷയുമായിരിക്കും.

ഒഴിവിന്റെ വിശദവിവിരങ്ങള്‍: കാറ്റഗറി നമ്പര്‍ 1 – സെക്രട്ടറി. രണ്ടൊഴിവ്. തിരുവനന്തപുരത്തും കണ്ണൂരിലും ഓരോ ഒഴിവ് വീതം. കാറ്റഗറി 2 – അസി. സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്. ഏഴ് ഒഴിവ്. ( തൃശ്ശൂരില്‍ രണ്ടും എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ ഒഴിവ് വീതവും ). കാറ്റഗറി 3- ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍ ( 190 ഒഴിവ്. 14 ജില്ലകളിലും ഒഴിവുണ്ട്. അവയുടെ കണക്കിങ്ങനെ: തിരുവനന്തപുരം – 6, കൊല്ലം – 5, പത്തനംതിട്ട – 1, ആലപ്പുഴ – 4, കോട്ടയം – 9, ഇടുക്കി – 3, എറണാകുളം – 39, തൃശ്ശൂര്‍ – 23, പാലക്കാട് – 46, മലപ്പുറം – 23, കോഴിക്കോട് – 15, വയനാട് – 4, കണ്ണൂര്‍ – 10, കാസര്‍ഗോഡ് – 2 ). കാറ്റഗറി 4- സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍. നാലൊഴിവ്. കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോ ഒഴിവ് വീതം. കാറ്റഗറി 5- ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. നാലൊഴിവ്. പാലക്കാട്ട് രണ്ടും തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഓരോ ഒഴിവ് വീതവും. സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് 2024 മെയ് 15 ന് ഇറക്കിയ വിജ്ഞാപനത്തിന്റെ നമ്പര്‍ സി.എസ്.ഇ.ബി / എന്‍ & സി.എ./ 815 / 24 ആണ്.

നേരിട്ടുള്ള നിയമനമാണ്. പരീക്ഷാബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. / ഓണ്‍ലൈന്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാബോര്‍ഡ് തയാറാക്കുന്ന റാങ്ക്‌ലിസ്റ്റ്പ്രകാരമായിരിക്കും നിയമനം. ബന്ധപ്പെട്ട സഹകരണസംഘങ്ങളും ബാങ്കുകളുമായിരിക്കും നിയമനാധികാരി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെയാണ് ( www.cseb.kerala.gov.in ) അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡിന്റെ വെബ്‌സൈറ്റില്‍നിന്നു ( www.keralacseb.kerala.gov.in ) കിട്ടും. തപാല്‍വഴി അയക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.

അപേക്ഷകര്‍ക്കു 2024 ജനുവരി ഒന്നിനു 18 വയസ് തികഞ്ഞിരിക്കേണ്ടതും 40 വയസ് തികയാന്‍ പാടില്ലാത്തതുമാണ്. പട്ടികജാതി/പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കു ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവു ലഭിക്കും. മറ്റു പിന്നോക്കവിഭാഗത്തിനും വിമുക്തഭടന്മാര്‍ക്കും EWS നും മൂന്നു വര്‍ഷത്തെ ഇളവും ഭിന്നശേഷിക്കാര്‍ക്കു പത്തു വര്‍ഷത്തെ ഇളവും വിധവകള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവും ലഭിക്കും.