ആദ്യത്തെ സോളാര്‍ ഡെയറിപ്ലാന്റുമായി മില്‍മ എറണാകുളം യൂണിയന്‍

moonamvazhi
  •  ഇടപ്പള്ളിയില്‍ സെന്‍ട്രല്‍ ക്വാളിറ്റി ലാബ് വരുന്നു

ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണസൗരോര്‍ജാധിഷ്ഠിത ഡെയറി പ്ലാന്റ് തൃപ്പൂണിത്തുറയില്‍ രണ്ടുമൂന്നുമാസത്തിനകം കമ്മീഷന്‍ ചെയ്യും. മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ മൂന്നാംവഴിയോട് അഭിമുഖത്തില്‍ അറിയിച്ചതാണിത്. 14-15 കോടിരൂപ ചെലവു വരുന്ന സോളാര്‍ പ്ലാന്റ് രണ്ടു മെഗാവാട്ട് വൈദ്യുതോല്‍പാദനശേഷിയുള്ളതാണ്. അത്യാധുനിക ക്വാളിറ്റി കണ്‍ട്രോള്‍ ലാബും ഇവിടെയുണ്ടാകും. ഇടപ്പള്ളിയിലെ മില്‍മ ആസ്ഥാനത്ത് സ്റ്റേറ്റ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബും വൈകാതെ ഉദ്ഘാടനം ചെയ്യും. ഷുഗര്‍ഫ്രീ പേഡ, ചോക്ലേറ്റ് പേഡ, ജാക്ക്ഫ്രൂട്ട് പേഡ, ഗുവാ ഐസ്‌ക്രീം, ജാക്ക് ഫ്രൂട്ട് ഐസ്‌ക്രീം, ബ്ലൂബെറി ഐസ്‌ക്രീം, ടെന്‍ഡര്‍ കോക്കനട്ട് ഐസ്‌ക്രീം, വിവിധയിനം കുക്കീസ് തുടങ്ങി നിരവധി മൂല്യവര്‍ധിതോത്പന്നങ്ങള്‍ എറണാകുളം മേഖലായൂണിയനുണ്ട്. ഹോട്ടല്‍ വ്യവസായരംഗത്തും നന്നായി മുന്നേറുന്നു. കാലാവസ്ഥാധിഷ്ഠിതമായ കന്നുകാലിഇന്‍ഷുറന്‍സ് പോലെ അതുല്യമായ പരിരക്ഷകള്‍ ക്ഷീരകര്‍കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തി. ഇടപ്പള്ളിയില്‍ പ്രോഡക്ട്‌സ് ഡെയറിയുടെ വിപുലീകരണം, കോട്ടയം പ്ലാന്റിന്റെ ശേഷിവര്‍ധന, വികേന്ദ്രീകൃത വെറ്ററിനറി യൂണിറ്റുകള്‍ തുടങ്ങി നിരവധി സേവന-വികസനപ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

ഇടപ്പള്ളിയിലെ മില്‍മ ആസ്ഥാനത്തു സ്റ്റേറ്റ് സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബിന് സ്ഥലം നല്‍കിയത് എറണാകുളം യൂണിയനാണ്. കെട്ടിടവും മറ്റു സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയത് സംസ്ഥാനഫെഡറേഷനും. ദേശീയക്ഷീരവികസനബോര്‍ഡിന്റെ കാഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്റര്‍ ഫോര്‍ അനാലിസിസ് ആന്റ് ലേണിങ് ഇന്‍ ലൈവ്‌സ്‌റ്റോക്ക് ആന്റ് ഫുഡിനാണു നടത്തിപ്പുചുമതല. ഉന്നതമായ അക്രഡിറ്റേഷനുകളുള്ള അത്യാധുനിക മള്‍ട്ടി ഡിസിപ്ലിനറി അനലിറ്റിക്കല്‍ ലാബ് ആയിരിക്കും. ഇവിടെ ക്ഷീരോല്‍പന്നങ്ങളുടെയും കാലിത്തീറ്റയുടെയും മാത്രമല്ല, വിവിധ ഭക്ഷ്യോല്‍പന്നങ്ങളുടെയും പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണനിലവാരപരിശോധനകള്‍ ലോകനിലവാരമുള്ള കൃത്യതയോടെ നടത്താന്‍ കഴിയും.

ഹോട്ടല്‍ വ്യവസായരംഗത്തു വിവിധ സ്ഥലങ്ങളില്‍ മില്‍മ റിഫ്രഷ് വെജ് ഭക്ഷണശാലകള്‍, ചാലക്കുടിയില്‍ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി യൂണിറ്റ്, എറണാകുളത്തും തൃശ്ശൂരും മില്‍മാ ഓണ്‍വീല്‍സ് ലഘുഭക്ഷണശാലകള്‍, കൊച്ചി മെട്രോസ്റ്റഷനുകള്‍ അടക്കമുള്ളയിടങ്ങളില്‍ മില്‍മഷോപ്പികള്‍, വിദ്യാലയങ്ങളില്‍ മില്‍മ അറ്റ് സ്‌കൂള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. ഇടപ്പള്ളിയിലെ ആസ്ഥാനമന്ദിരത്തോടുചേര്‍ന്നും അടുത്തുതന്നെ വലിയ റെസ്‌റ്റോറന്റ് തുറക്കും. മരുന്നും ഡോക്ടറുടെ സേവനവും സൗജന്യമായി ലഭ്യമാക്കുന്നതാണു വികേന്ദ്രീകൃത വെറ്ററിനറി യൂണിറ്റുകള്‍. പശുവൊന്നിന് ഇന്‍ഷുറന്‍സ് പ്രീമിയമിനത്തില്‍ 500 രൂപ സബ്‌സിഡി നല്‍കുന്നു. ഇന്‍ഷുറന്‍സ് ഇല്ലാത്ത പശുക്കളാണെങ്കിലും മരണമടഞ്ഞാല്‍ അവയുടെ ഉടമയ്ക്ക് ഉടന്‍ 15000 രൂപ അനുവദിക്കുന്നുണ്ട്. വൈക്കോല്‍, സൈലോ, റബ്ബര്‍മാറ്റ്, കറവയന്ത്രം, ചാഫ് കട്ടര്‍, വീല്‍ബാരോ, ക്യാനുകള്‍, ഇലക്ട്രിക് സെന്‍ട്രിഫ്യൂജ്, കൗ ലിഫ്റ്റ്, ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ എന്നിവയ്‌ക്കൊക്കെ സബ്‌സിഡി കൊടുക്കുന്നുണ്ട്. അത്യുഷ്ണംമൂലം പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞെന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നു പാല്‍ വാങ്ങിയാണു കുറവു പരിഹരിക്കുന്നതെന്നും ജയന്‍ പറഞ്ഞു.

എം.എ, എല്‍.എല്‍.ബി. ബിരുദധാരിയായ ജയന്‍ പതിനെട്ടാംവയസ്സില്‍ എളന്തിക്കര ക്ഷീരോല്‍പാദകസഹകരണസംഘം പ്രസിഡന്റായി സഹകരണപ്രസ്ഥാനത്തില്‍ വന്നതാണ്. കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍സെക്രട്ടറിയാണ്. 2000ല്‍ മില്‍മ എറണാകളം മേഖലായൂണിയന്റെയും തുടര്‍ന്നു സംസ്ഥാനഫെഡറേഷന്റെയും ഡയറക്ടര്‍ബോര്‍ഡംഗമായി. 2008 മുതല്‍ 13 വരെ എറണാകുളം മേഖലായൂണിയന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം 2022 ഓഗസ്റ്റില്‍ വീണ്ടും പ്രസിഡന്റായി. (വിശദമായ അഭിമുഖം ജൂണ്‍ലക്കം മൂന്നാംവഴിയില്‍)