സാരസ്വത് അര്‍ബന്‍ ബാങ്കിനും ഊരാളുങ്കലിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പ്രശംസ

moonamvazhi
സാരസ്വത് അര്‍ബന്‍ സഹകരണ ബാങ്കും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘവും ( യു.എല്‍.സി.സി.എസ് ) സഹകരണമേഖലയ്ക്കു നല്‍കിയ മഹത്തായ സംഭാവനകളെ കേന്ദ്ര സഹകരണമന്ത്രാലയം പ്രശംസിച്ചു.

‘  രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ സഹകരണ ബാങ്കുകളുടെ സംഭാവന ‘  എന്ന തലക്കെട്ടില്‍ ഹിന്ദിയിലാണു സഹകരണമന്ത്രാലയം സാരസ്വത് ബാങ്കിനെ ട്വീറ്റിലൂടെ പ്രശംസിച്ചത്. രാജ്യത്തെ വന്‍കിട അര്‍ബന്‍ ബാങ്കുകളിലൊന്നാണു സാരസ്വത് ബാങ്ക്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബാങ്കിന്റെ 2022 ലെ മൊത്തം ബിസിനസ് 71,000 കോടി രൂപയ്ക്കു മുകളിലാണ് – ട്വീറ്റില്‍ പറയുന്നു. മൊത്തം വിറ്റുവരവ്, ശാഖകളുടെയും എ.ടി.എമ്മുകളുടെയും എണ്ണം, ഫോര്‍ബ്‌സ് റാങ്കിങ്ങിലെ സ്ഥാനം എന്നിവ എടുത്തുപറഞ്ഞു മന്ത്രാലയം സാരസ്വത് ബാങ്കിന്റെ മികച്ച നേട്ടങ്ങളെ പുകഴ്ത്തി. 1918 ല്‍ മുംബൈ ആസ്ഥാനമായാണ് ഈ ബാങ്ക് സ്ഥാപിച്ചത്.

ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘമാണു കോഴിക്കോട് ആസ്ഥാനമായുള്ള യു.എല്‍.സി.സി.എസ്. എന്നു മന്ത്രാലയം ട്വീറ്റ് ചെയ്തു. അടിസ്ഥാനസൗകര്യവികസനത്തിലും മാനേജ്‌മെന്റ് വര്‍ക്കിലും ഉള്‍പ്പെട്ടിട്ടുള്ള ഈ പഴക്കംചെന്ന തൊഴിലാളി സഹകരണസംഘം സുസ്ഥിരസംഘങ്ങളെ സൃഷ്ടിക്കുക എന്നതാണു ലക്ഷ്യംവെക്കുന്നതെന്നു മന്ത്രാലയം അഭിപ്രായപ്പെടുന്നു. 13,000 അംഗങ്ങളുള്ള ഈ സംഘത്തിന്റെ ഉടമകളും കൈകാര്യകര്‍ത്താക്കളും അംഗങ്ങള്‍തന്നെയാണ്. 7500 പ്രൊജക്ടുകള്‍ സംഘം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സഹകരണ സഖ്യ ( ഐ.സി.എ ) ത്തില്‍ അംഗത്വമുള്ള ഏക പ്രാഥമിക സഹകരണസംഘമാണിത് – മന്ത്രാലയം ചൂണ്ടിക്കാട്ടി.

സാരസ്വത് ബാങ്കിനെയും ഊരാളുങ്കലിനെയും പ്രശംസിച്ചുകൊണ്ടുള്ള സഹകരണമന്ത്രാലയത്തിന്റെ നടപടിയെ അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ ഏഷ്യാ-പെസഫിക് വിഭാഗം പ്രസിഡന്റ് ഡോ. ചന്ദ്രപാല്‍ സിങ് യാദവ് അഭിനന്ദിച്ചു. അംഗങ്ങളുടെ ക്ഷേമത്തിനൊപ്പം രാജ്യത്തിന്റെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളില്‍ ആത്മവിശ്വാസം നിറയ്ക്കാന്‍ മന്ത്രാലയത്തിന്റെ ഈ നടപടി സഹായകമാവുമെന്നു അദ്ദേഹം പറഞ്ഞു. ഒരു സഹകാരി സഹകരണമന്ത്രാലയത്തിന്റെ തലപ്പത്തിരിക്കുന്നതിന്റെ പ്രതിഫലനമാണിതെന്നു നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( എന്‍.സി.യു.ഐ ) പ്രസിഡന്റ് ദിലീപ് സംഘാനി അഭിപ്രായപ്പെട്ടു. പ്രാഥമിക സഹകരണസംഘം തൊട്ട് ജില്ലാ സഹകരണ ബാങ്കിലും സംസ്ഥാന സഹകരണ ബാങ്കിലുംവരെ അമിത് ഷാ നടത്തിയ പ്രവര്‍ത്തങ്ങളെ സൂചിപ്പിച്ചുകൊണ്ടാണു സംഘാനി ഇങ്ങനെ പറഞ്ഞത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!