പിഴ ചുമത്തല്‍: റിസര്‍വ് ബാങ്കിനു കിട്ടിയത് 78.6 കോടി രൂപ

moonamvazhi
  • പിഴശിക്ഷയില്‍ 88 ശതമാനം വര്‍ധന
  • കെ.വൈ.സി. മാനദണ്ഡം പാലിക്കാത്തതും കള്ളപ്പണം വെളുപ്പിക്കാന്‍ പഴുതുണ്ടാക്കുന്നതും വലിയ വീഴ്ച

വിവിധ വീഴ്ചകള്‍ക്കു റിസര്‍വ്ബാങ്ക് ധനകാര്യസ്ഥാപനങ്ങള്‍ക്കു ചുമത്തിയ പിഴയില്‍ 88 ശതമാനം വര്‍ധന. മൂന്നു വര്‍ഷംകൊണ്ട് 78.6 കോടി രൂപയാണു പിഴയായി ഈടാക്കിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടുചെയ്തു. വീഴ്ചകളില്‍ ഏറ്റവും കൂടുതല്‍ കെ.വൈ.സി. ( Know Your Customer ) മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതും കള്ളപ്പണം വെളുപ്പിക്കാന്‍ പഴുതുണ്ടാക്കിയതുമാണ്.

2023 ല്‍മാത്രം പല സ്ഥാപനങ്ങളില്‍നിന്നായി 261 തവണ പിഴ ഈടാക്കി. അര്‍ബന്‍ സഹകരണബാങ്കുകളും ഗ്രാമീണസഹകരണബാങ്കുകളുമാണ് ഏറ്റവും കൂടുതല്‍ പിഴ അടക്കേണ്ടിവന്നത്. വീഴ്ചകള്‍ വരുത്തിയ വിവിധ അര്‍ബന്‍ ബാങ്കുകളില്‍നിന്നായി 13.5 കോടി രൂപ പിഴ ഈടാക്കി. ഗ്രാമീണ സഹകരണബാങ്കുകളില്‍നിന്നു 20.13 കോടി രൂപയും. ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ അനുസരിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കുന്ന സൈന്‍സൈ (SignZy) എന്ന ഫിന്‍ടെക് സ്ഥാപനം ക്രോഡീകരിച്ച ആര്‍.ബി.ഐ. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണക്കുകളെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണബാങ്കുകളിലും ഫിന്‍ടെക്കുകളിലും പലപ്പോഴും റിസ്‌ക്കുകള്‍ സംബന്ധിച്ച കാര്യങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്നു നോക്കാന്‍ ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കാറില്ലെന്നു കണ്ടെത്തിയതായി സൈന്‍സൈയുടെ സഹസ്ഥാപകനായ അങ്കിത് രത്തന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. വൈദഗ്ധ്യമില്ലായ്മയോടൊപ്പം സംവിധാനത്തിലെയും ബാന്റ്‌വിഡ്ത്തിലെയുമൊക്കെ പ്രശ്‌നങ്ങള്‍ പിഴ ചുമത്തപ്പെടാവുന്ന വീഴ്ചകളിലേക്കു നയിക്കാറുണ്ട്.

ഓഡിറ്റുപോലുള്ള കാര്യങ്ങളില്‍ ആര്‍.ബി.ഐ.നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയതും വീഴ്്ചകള്‍ കൂടുതല്‍ കണ്ടെത്തി പിഴ ചുമത്താന്‍ കാരണമായിട്ടുണ്ട്. ഫിന്‍ടെക്കുകളുടെയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെയും ഓഡിറ്റ് റിസര്‍വ് ബാങ്ക് കൂടുതല്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ കാര്യങ്ങള്‍ ചെയ്യുന്ന ഫിന്‍ടെക്കുകള്‍ വലിയ റിസ്‌കുകള്‍ കൈകാര്യം ചെയ്യാനും ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും വേണ്ടത്ര ഉദ്യോഗസ്ഥരെ വയ്ക്കാതെ പോകുന്നുണ്ട്. ബാങ്കുകള്‍ക്കുള്ള കാര്യവിവരവും പലപ്പോഴും ഫിന്‍ടെക്കുകള്‍ക്ക് ഇല്ലെന്നു കണ്ടെത്തിയതായും അങ്കിത് രത്തന്‍ പറയുന്നുണ്ട്. ബാങ്കിങ്ങിനെയും ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെയും സംബന്ധിച്ച ഫിന്‍ടെക്കുകളുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ആര്‍.ബി.ഐ. നിര്‍ദേശിക്കുന്ന മട്ടിലല്ല പലപ്പോഴും ഫിന്‍ടെക്കുകള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആര്‍.ബി.ഐ.ക്ക് ഇവയുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.