സഹകരണ പെന്‍ഷന്‍ ഓണ്‍ലൈനില്‍ അടക്കണം; മാര്‍ഗനിര്‍ദ്ദേശമിറക്കി രജിസ്ട്രാര്‍

moonamvazhi

സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് സ്ഥാപനങ്ങള്‍ അടക്കുന്നത് ഓണ്‍ലൈന്‍ രീതിയിലാക്കിയത് കാര്യക്ഷമമാക്കാന്‍ മാര്‍ഗനിര്‍ദ്ദേശമിറക്കി സഹകരണ സംഘം രജിസ്ട്രാര്‍. 2021 ഏപ്രില്‍മുതല്‍ പെന്‍ഷന്‍ ഫണ്ട് ഓണ്‍ലൈനായി അടക്കണമെന്നാണ് പെന്‍ഷന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനായി ബോര്‍ഡ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. എന്നാല്‍, പല സംഘങ്ങളും ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം കൃത്യമായി അടക്കുകയോ കണക്ക് നല്‍കുകയോ ചെയ്യുന്നില്ലെന്ന പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ സര്‍ക്കുലര്‍ ഇറക്കിയത്. ആറ് നിര്‍ദ്ദേശമാണ് രജിസ്ട്രാര്‍ നല്‍കിയിട്ടുള്ളത്.

  •  ഫങ്ഷണല്‍ രജിസ്മാര്‍മാര്‍ അവരുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേന പെന്‍ഷന്‍ ഫണ്ട് അടവാക്കുന്നതിന് നടപടി സ്വീകരിക്കണം.

 

  •  ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് സംഘങ്ങള്‍ അടക്കുന്നുണ്ടെന്ന് ഓഡിറ്റ് പരിശോധനയില്‍ ഉള്‍പ്പെടുത്തണം. ഇല്ലെങ്കില്‍ അത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ന്യൂനതയായി രേഖപ്പെടുത്തണം. ഓണ്‍ലൈന്‍ വഴിയാണോ ഫണ്ട് അടക്കുന്നത്, ശമ്പളപരിഷ്‌കരണമുണ്ടാകുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കുടിശ്ശിക അടക്കുന്നുണ്ടോ എന്നിവയെല്ലാമാണ് ഓഡിറ്റില്‍ പരിശോധിക്കുക.

 

  •  സംഘങ്ങള്‍ അടക്കുന്ന പെന്‍ഷന്‍ ഫണ്ട് വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. ഇതില്‍ ഓരോ ജീവനക്കാരന്റെയും പേരിനൊപ്പം ഇതുവരെ അടവാക്കിയ തുക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൃത്യമാണോയെന്ന് സംഘങ്ങളിലെ കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ പരിശോധിക്കണം. കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ ഇല്ലാത്ത സംഘങ്ങളില്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇക്കാര്യം നോക്കണം. ഇങ്ങനെ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ട് സംഘങ്ങള്‍ സൂക്ഷിക്കണം. പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം. വിരമിക്കുന്ന ജീവനക്കാരന്റെ പെന്‍ഷന്‍ അപേക്ഷയ്‌ക്കൊപ്പം ഈ സാക്ഷ്യപത്രം കൂടി ഹാജരാക്കണം.

 

  • സഹകരണ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായിട്ടുള്ള മുഴുവന്‍ സഹകരണ സംഘങ്ങളും ഫണ്ട് ഓണ്‍ലൈനായാണോ അടക്കുന്നതെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാരും ഫങ്ഷണല്‍ രജിസ്ട്രാര്‍മാരും ഉറപ്പുവരുത്തണം.

 

  • പെന്‍ഷന്‍ ഡോക്കറ്റിനുള്ള അപേക്ഷാഫീസ് സഹകരണ സംഘങ്ങള്‍ ഓണ്‍ലൈന്‍ വഴി ജനറേറ്റ് ചെയ്ത് ചലാന്‍ മുഖേന അടച്ച് അപ്‌ലോഡ് ചെയ്യണം.

 

  • കേരളബാങ്കിലെ ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് വിഹിതവും, അഡ്മിനിസ്‌ട്രേറ്റീന് ചാര്‍ജും ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ മുഖേന ജനറേറ്റ് ചെയ്ത ചലാന്‍ മുഖേനെയാണെന്ന് അടക്കേണ്ടത്. സഹകരണ സംഘങ്ങള്‍ കേരളാബാങ്കില്‍ അടക്കുന്ന പെന്‍ഷന്‍ ഫണ്ട് വിഹിതവും ഇതേരീതിയില്‍ ജനറേറ്റ് ചെയ്ത ചലാന്‍ മുഖേനെയാണെന്ന് കേരളബാങ്ക് ഉറപ്പാക്കണം.

Leave a Reply

Your email address will not be published.