സഹകരണ സംഘങ്ങളുടെ സാമ്പത്തിക പ്രശ്‌നം പഠിക്കാന്‍ നാല് അഡീഷ്ണല്‍ രജിസ്ട്രാറുടെ നേതൃത്വത്തില്‍ സംഘം

Moonamvazhi

സഹകരണ സംഘങ്ങളിലും ബാങ്കുകളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതിന്റെ കാരണം പഠിക്കാനും തിരുത്തല്‍ നടപടിയെടുക്കാനും സര്‍ക്കാര്‍ പ്രത്യേകം സമിതിയെ നിയോഗിച്ചു. നാല് അഡീഷ്ണല്‍ രജിസ്ട്രാര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ സമിതിയോട് ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാര്‍ ഹൈക്കോടതിയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുള്ളത്.

സ്ഥിരനിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ വീഴ്ചവരുത്തിയെന്ന പരാതി ഉയര്‍ന്ന സഹകരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി. ഈ പരിശോധനയ്ക്കാണ് പ്രത്യേകം സംഘത്തെ നിയോഗിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലുമേഖലകളായി അന്വേഷണ സംഘം പരിശോധന നടത്തും. സംസ്ഥാനത്തെ 58 സഹകരണ സംഘങ്ങള്‍ക്കെതിരെയാണ് നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ കേസുള്ളത്. ഈ സംഘങ്ങളില്‍ നിക്ഷേപം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടിയെടുക്കും.

സഹകരണ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണം കണ്ടെത്തി തിരുത്തുന്നതിനും, ക്രമക്കേട് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും രജിസ്ട്രാര്‍ അറിയിച്ചു. സഹകരണ സംഘങ്ങളിലെ പരിശോധനയില്‍ എന്തെങ്കിലും ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, അതകിന്റെ റിപ്പോര്‍ട്ട് പോലീസിനും വിജിലന്‍സിനും കൈമാറാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി ജൂണ്‍ ഏഴിന് വിജ്ഞാപനം ചെയ്തതായി സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷല്‍ ഗവ.പ്ലീഡര്‍ പി.പി.താജുദ്ദീന്‍ അറിയിച്ചു.

സഹകരണ സംഘങ്ങളെ സംബന്ധിച്ചുള്ള സമാന കേസുകള്‍ ഒന്നിച്ച് വാദം കേള്‍ക്കുന്നതിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൊവ്വാഴ്ചയിലേക്ക് മാറ്റി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സംഘങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ പുനരുദ്ധാരണ സ്‌കീമും, കുടിശ്ശിക വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിനുള്ള രജിസ്ട്രാറുടെ പ്രത്യേക പദ്ധതിയും കോടതി വിശദമായി പരിശോധിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.