ജന്‍ ഔഷധി കേന്ദ്രം: പ്രാരംഭാനുമതി കിട്ടിയ സംഘങ്ങള്‍ക്ക് മെയ് 31 വരെ രേഖകള്‍ സമര്‍പ്പിക്കാം

moonamvazhi
  • അപേക്ഷ 4500 കവിഞ്ഞു

  • പ്രാരംഭാനുമതി കിട്ടിയത് 2578 സംഘങ്ങള്‍ക്ക്

പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രം ആരംഭിക്കുന്നതിനായി പ്രാരംഭാനുമതി കിട്ടിയ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു സ്റ്റോര്‍ കോഡ് ലഭിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി കേന്ദ്രസര്‍ക്കാര്‍ 2024 മെയ് 31 വരെ നീട്ടി.

ഇതുവരെ 2578 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കാണു ജന്‍ ഔഷധി കേന്ദ്രം തുടങ്ങാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യ ( PMBI ) യുടെ പ്രാരംഭാനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 523 പ്രാഥമികസംഘങ്ങള്‍ക്കു ഡ്രഗ് ലൈസന്‍സ് കിട്ടിക്കഴിഞ്ഞു. പ്രാരംഭാനുമതി കിട്ടിക്കഴിഞ്ഞ സംഘങ്ങള്‍ അന്തിമ സ്റ്റോര്‍ കോഡ് കിട്ടാന്‍ PMBI ക്കു 45 ദിവസങ്ങള്‍ക്കകം മതിയായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണു ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. ഈ സമയപരിധിക്കുള്ളില്‍ പ്രാഥമികസംഘങ്ങള്‍ക്കു രേഖകള്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നു ബോധ്യമായതിനെത്തുടര്‍ന്നാണു അവസാനതീയതി കേന്ദ്രസര്‍ക്കാര്‍ മെയ് 31 വരെ നീട്ടിയത്. ഡ്രഗ് ലൈസന്‍സിനായി പ്രാദേശിക ഡ്രഗ് അതോറിട്ടിക്കാണു സംഘങ്ങള്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടത്.

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പ്രാഥമികസംഘങ്ങളില്‍നിന്നു 4500 ലധികം അപേക്ഷകളാണു കിട്ടിയതെന്നു ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്റ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറില്‍ പറയുന്നു. പ്രാരംഭാനുമതി കിട്ടിയ സംഘങ്ങള്‍ക്കു ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് ഒന്നു മുതല്‍ 90 ദിവസംകൂടി ( അതായത് മെയ് 31 വരെ ) അനുവദിക്കുകയാണെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!