ദേശീയപാതയ്ക്കായി പൊളിച്ച മുട്ടുങ്ങല്‍ എല്‍പി സ്‌കുള്‍ ഊരാളുങ്കല്‍ ഏറ്റെടുത്ത് നിര്‍മ്മിക്കും

moonamvazhi
  • സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഊരാളുങ്കല്‍ സൊസൈറ്റിക്കു കൈമാറി.
  • പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സാഹിത്യകാരന്‍ എം. മുകുന്ദന്‍ നിര്‍വ്വഹിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത് നിര്‍മ്മിക്കും. 130 വര്‍ഷം മുന്‍പ് സ്ഥാപിച്ച ഈ മുട്ടുങ്ങല്‍ സ്‌കൂള്‍ പൊളിച്ചു മാറ്റിയപ്പോള്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുക്കാരും ഏറെ വിഷമിച്ചിരുന്നു. ഇപ്പോള്‍ വാടകക്കെട്ടിടത്തിലാണു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌കുള്‍ അടച്ചു പൂട്ടുമെന്ന സ്ഥിതി വന്നതോടെ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച സ്‌കൂള്‍ സംരക്ഷണ സമിതിയാണ് സ്‌കൂള്‍ ഏറ്റെടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഊരാളുങ്കല്‍ സൊസൈറ്റിയെ സമീപിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എയും സ്‌കൂള്‍ വികസന സമിതിയും ചേര്‍ന്ന് സ്‌കൂളിന്റെ ഉടമസ്ഥത ഊരാളുങ്കല്‍ സൊസൈറ്റിക്കു കൈമാറി.

ഊരാളുങ്കല്‍ ഏറ്റെടുക്കുന്ന സ്‌കൂളിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സാഹിത്യകാരന്‍ എം. മുകുന്ദന്‍ നിര്‍വ്വഹിച്ചു. യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിലും തൊഴിലിലും ഊന്നി സാമൂഹികപരിഷ്‌ക്കരണത്തിനു തുടക്കമിട്ട ഗുരു വാഗ്ഭടാനന്ദന്റെയും അദ്ദേഹത്തിന്റെ മുന്‍കൈയില്‍ സ്ഥാപിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെയും കര്‍മ്മമാര്‍ഗ്ഗത്തിലെ സ്വാഭാവികദൗത്യമാണ് സ്‌കൂള്‍ ഏറ്റെടുക്കലിലൂടെ സൊസൈറ്റി നിറവേറ്റുന്നതെന്ന് മുകുന്ദന്‍ പറഞ്ഞു. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.

വിദ്യാഭ്യാസരംഗത്തു പുതിയ ദിശാബോധം പകരുന്ന ഒരു മാതൃഭാഷാവിദ്യാലയം വളര്‍ത്തിയെടുക്കുക എന്ന വലിയസ്വപ്നമാണ് മനസിലുള്ളത് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ മുന്‍ഗണന നല്‍കും – യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി

ചോമ്പാല എഇഒ സപ്ന ജൂലിയറ്റ്, ഐഎസ്ആര്‍ഒ മുന്‍ ഡയറക്റ്റര്‍ ഇ.കെ.കുട്ടി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.നാരായണന്‍ മാസ്റ്റര്‍, യുഎല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം. കെ. ജയരാജ്, സ്‌കൂള്‍ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച കെ. സി. സജീവന്‍, സജിത് കുമാര്‍ കല്ലിടുക്കില്‍, സി.വി.ബാബു, സ്‌കൂളിന്റെ മുന്‍ മാനേജര്‍ എം.പി. മുരളീധരന്‍, ഹെഡ്മിസ്ട്രസ് എം.രോഷിമ എന്നിവര്‍ ആശംസ നേര്‍ന്നു. സ്‌കൂള്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് യുഎല്‍ റിസേര്‍ച്ച് ഡയറക്ടര്‍ സന്ദേശ് ഇ.പി. അവതരിപ്പിച്ചു. യുഎല്‍സിസിഎസ് വൈസ് ചെയര്‍മാന്‍ എം.എം. സുരേന്ദ്രന്‍ സ്വാഗതവും ജനറല്‍ മാനേജന്‍ (അഡ്മിന്‍) കെ.പി. ഷാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!