ഐ.ഡി.എഫ്.സി. ലിമിറ്റഡിനെ ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടിക്ക് അംഗീകാരം

Moonamvazhi

 

  •  ലയനത്തിനു റിസര്‍വ് ബാങ്ക് പച്ചക്കൊടി കാട്ടിയത് ഡിസംബറില്‍
  •  ഫസ്റ്റ് ബാങ്കിന്റെ ഓഹരിവിലയില്‍ മുന്നേറ്റം

ഐ.ഡി.എഫ്.സി. ലിമിറ്റഡിനെ തങ്ങളുടെ ബാങ്കില്‍ ലയിപ്പിക്കാനുള്ള പദ്ധതിക്ക് ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കിന്റെ ( IDFC First Bank ) ഓഹരിയുടമകള്‍ അംഗീകാരം നല്‍കി. ദേശീയ കമ്പനിനിയമ ട്രിബ്യൂണലിന്റെ ( NCLT ) ചെന്നൈ ബെഞ്ച് മെയ് പതിനേഴിനു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അംഗീകാരമുണ്ടായത്. ഐ.ഡി.എഫ്.സി. ലിമിറ്റഡിനെ അതിന്റെ ബാങ്കിങ് സബ്‌സിഡറിയായ ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടിക്ക് 2023 ഡിസംബറില്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. ഓഹരിയുടമകളില്‍ നാലില്‍ മൂന്നു ഭൂരിപക്ഷം ലയനനടപടിക്ക് അംഗീകാരം നല്‍കിയതായി ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് അറിയിച്ചു.

 

2023 ജൂലായിലാണു ലയനനടപടികള്‍ക്ക് ഐ.ഡി.എഫ്.സി. ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് കമ്പനി ലിമിറ്റഡ്, ഐ.ഡി.എഫ്.സി. ലിമിറ്റഡ്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകാരം നല്‍കിയത്. ലയനതീരുമാനമനുസരിച്ച് ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കില്‍ ഓഹരിയുള്ള ഐ.ഡി.എഫ്.സി. ഓഹരിയുടമകള്‍ക്ക് ഓരോ 100 ഓഹരിക്കും 155 ഓഹരി ലഭിക്കും. ഐ.ഡി.എഫ്.സി. ലിമിറ്റഡ്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക് എന്നിവയുടെ ഓഹരിക്കു പത്തു രൂപയാണു മുഖവില. ഇക്കഴിഞ്ഞ ദിവസം ബോംബെ ഓഹരിവിപണിയില്‍ ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കിന്റെ ഓഹരിവില 0.26 ശതമാനം വര്‍ധിച്ച് 77.44 രൂപയിലെത്തിയിട്ടുണ്ട്.

ഐ.ഡി.എഫ്.സി. ( ഇന്‍ഫ്രാസ്ടക്ച്ചര്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി ) ബാങ്കിനു 2014 ലാണു റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിച്ചത്. 2018 ല്‍ ഐ.ഡി.എഫ്.സി. ബാങ്ക് കാപിറ്റല്‍ ഫസ്റ്റ് ലിമിറ്റഡുമായി ലയിച്ചതോടെയാണ് ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്കായി മാറിയത്.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi