ഇന്ത്യയിലെ സഹകരണസംഘങ്ങളില്‍ ഭവനസംഘങ്ങള്‍ ഒന്നാംസ്ഥാനത്ത്

moonamvazhi

* ക്ഷീരസംഘങ്ങള്‍ രണ്ടാം സ്ഥാനത്ത്
* രാജ്യത്ത് എട്ടു ലക്ഷത്തോളം സംഘങ്ങള്‍
* സംഘങ്ങളില്‍ 30 കോടി അംഗങ്ങള്‍

ഇന്ത്യയിലെ സഹകരണസംഘങ്ങളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നതു ഭവന സഹകരണസംഘങ്ങളാണെന്നു ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,91,753 ഭവന സഹകരണസംഘങ്ങളാണു രാജ്യത്തു പ്രവര്‍ത്തിക്കുന്നത്. രണ്ടാംസ്ഥാനത്തു ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളാണ്- 1,41,885 എണ്ണം. മൂന്നാംസ്ഥാനത്തുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ എണ്ണം 98,237 ആണ്. തൊട്ടുപിന്നില്‍ വായ്പാ സഹകരണസംഘങ്ങളും ( 80,032 ) തൊഴിലാളി സഹകരണസംഘങ്ങളും ( 44,564 ) നില്‍ക്കുന്നു.

കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ മാര്‍ച്ച് എട്ടിനു ഡല്‍ഹിയില്‍ പുറത്തിറക്കിയ ദേശീയ സഹകരണ ഡാറ്റാ ബേസിലാണ് ഈ കണക്കുള്ളത്. കേരളം, ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെയാണു ഡാറ്റാ ബേസ് പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നാണു പത്രവാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഈ മൂന്നു സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കുകള്‍കൂടി കൂട്ടുമ്പോള്‍ സഹകരണസംഘങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും.

രാജ്യത്തു മൊത്തം എട്ടു ലക്ഷത്തോളം സഹകരണസംഘങ്ങളുണ്ടെന്നാണു ഡാറ്റാ ബേസ് വ്യക്തമാക്കുന്നത്. ഇവയിലെല്ലാംകൂടി 30 കോടിയിലധികം അംഗങ്ങളുണ്ട്. രാജ്യത്തെ സഹകരണസ്ഥാപനങ്ങളുടെ വ്യക്തവും കൃത്യവുമായ വിവരങ്ങളടങ്ങിയ കേന്ദ്രീകൃത പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നതാണ് ഈ ഡാറ്റാ ബേസ്.

സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം, അംഗങ്ങളുടെ എണ്ണം, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍, തൊഴില്‍ നല്‍കുന്നവരുടെ എണ്ണം, സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍, ആസ്തി-ബാധ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരവും ഡാറ്റാ ബേസിലുണ്ട്.

മൂന്നു ഘട്ടങ്ങളിലായാണു ഡാറ്റാ ബേസ് തയാറാക്കിയത്. ആദ്യഘട്ടത്തില്‍ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, ക്ഷീരോല്‍പ്പാദക സംഘങ്ങള്‍, ഫിഷറീസ് സഹകരണസംഘങ്ങള്‍ എന്നിവയിലെ 2.64 ലക്ഷം സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. വിവിധ ദേശീയ സഹകരണ ഫെഡറേഷനുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, പഞ്ചസാര സഹകരണ മില്ലുകള്‍, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാം ഘട്ടത്തിലും മറ്റു മേഖലകളിലെ പ്രാഥമിക സഹകരണസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മൂന്നാം ഘട്ടത്തിലും ശേഖരിച്ചു.

സഹകരണമേഖലയുടെ വികസനവും ശക്തിപ്പെടുത്തലും ലക്ഷ്യംവെച്ചുകൊണ്ടുള്ള ഇത്തരമൊരു സഹകരണ ഡാറ്റാ ബേസ് തയാറാക്കുന്നതു സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ്- മന്ത്രി അമിത് ഷാ.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ അപക്സ് സംഘങ്ങളുമായും ഗ്രാമങ്ങളെ നഗരങ്ങളുമായും പ്രാദേശികവിപണികളെ ആഗോളവിപണിയുമായും ബന്ധിപ്പിക്കാനും സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളുടെ വിവരങ്ങള്‍ അന്താരാഷ്ട്രതലത്തിലെ വിവരങ്ങളുമായി ബന്ധിപ്പിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നു മന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ എല്ലാ രജിസ്ട്രേഡ് സഹകരണസംഘങ്ങളുടെയും സമഗ്രവിവരവും ഒറ്റ ക്ലിക്കില്‍ ഡാറ്റാ ബേസിലൂടെ കിട്ടും. ഇതിലെ വിവരങ്ങള്‍ കൃത്യമായി പുതുക്കിക്കൊണ്ടിരിക്കും. രാജ്യത്തെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെല്ലാം കമ്പ്യൂട്ടര്‍വത്കരിച്ചുകഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്നു മാതൃകാ നിയമാവലി അംഗീകരിച്ചുകൊണ്ട് പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളുടെ വികസനത്തിനു വഴിയൊരുക്കിയിരിക്കുകയാണ്. 2027 ആകുമ്പോഴേക്കും ഓരോ ഗ്രാമത്തിലും ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘമുണ്ടാകും- അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published.