റബ്ബര്‍മാര്‍ക്കിന്റെ എം.ഡി.നിയമനത്തില്‍ ചട്ടം മാറ്റി; ഇനി കരാര്‍ നിയമനവുമാകാം

moonamvazhi

കേരള സംസ്ഥാന സഹകരണ റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്റെ നിയമന ചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. മാനേജിങ് ഡയറക്ടറെ കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്.

യു.ഡി.എഫ്. നിയന്ത്രണത്തിലാണ് റബ്ബര്‍മാര്‍ക്കിന്റെ ഭരണസമിതി. നിലവില്‍ ഇവിടെ കരാര്‍ അടിസ്ഥാനത്തിലാണ് മാനേജിങ് ഡയറക്ടര്‍ നിയമനം നടത്തിയിട്ടുള്ളത്. നേരത്തെ ഐ.എ.എസ്., ഐ.പി.എസ്. റാങ്കിലുള്ളവരെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എം.ഡി.യായി നിയമിച്ചിരുന്നത്. ഇത്തവണ ആ രീതി മാറിയപ്പോള്‍ നിയമനചട്ടത്തിന് വിരുദ്ധമായത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ചട്ടം തിരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നാണ് സൂചന.

ഐ.എ.എസ്. കേഡറിലെ സീനിയര്‍ ടൈം സ്‌കെയിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാരിന് റബ്ബര്‍മാര്‍ക്കില്‍ മാനേജിങ് ഡയറക്ടറായി നിയമിക്കാമെന്നാണ് പുതിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. അല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാം. പൊതുമേഖല സ്ഥാപനങ്ങള്‍, വാണിജ്യ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ 15 വര്‍ഷമെങ്കിലും മാനേജീരിയല്‍ തസ്തികയില്‍ ജോലി ചെയ്തവരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാകുക. ഇവര്‍ എന്‍ജിനീയറിങ്, മാനേജ്‌മെന്റ് വിഷയങ്ങളിലേതെങ്കിലും പ്രൊഫഷണല്‍ ബിരുദധാരികളാകണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളിൽ നിയമന ചട്ടങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിയമനം നടത്തിയത് നേരത്തെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൺസ്യൂമർഫെഡ്, മാർക്കറ്റ് ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർമാർക്ക് ഇത്തരത്തിൽ സ്ഥാനം ഒഴിയേണ്ടി വന്നതാണ്. നിയമന ചട്ടത്തിൽ കരാർ നിയമനവും ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ്.

Leave a Reply

Your email address will not be published.

Latest News