ജനകീയ ബാങ്കിങ്ങുമായി കണയന്നൂര്‍ ഗ്രാമവികസന ബാങ്ക്

moonamvazhi
വി.എന്‍. പ്രസന്നന്‍

ജനകീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിങ് പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയമായ
കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസനബാങ്കിനു വീണ്ടും സംസ്ഥാന പുരസ്‌കാരം. സഹകരണ ഭൂപണയ ബാങ്കായി 1974 ല്‍ തുടക്കം കുറിച്ച ഈ ബാങ്കിനു ഗ്രാമവികസനവും സാധാരണക്കാരുടെ ക്ഷേമവുമാണു മുഖ്യ കര്‍മലക്ഷ്യം.

കൃഷിയിലൂടെ ഗ്രാമവികസനം, കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നും സാധാരണക്കാര്‍ക്കൊപ്പം ‘ എന്ന മുദ്രാവാക്യവുമായി കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് ( Kanayannur Taluk Co-operative Agricultural and Rural Development Bank) പുരസ്‌കാരത്തിളക്കത്തില്‍. എറണാകുളം ജില്ലയിലെ കണയന്നൂര്‍, കൊച്ചി താലൂക്കുകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ അര നൂറ്റാണ്ടോളം മുമ്പ് രൂപംകൊണ്ട ഈ സഹകരണ സ്ഥാപനത്തിനാണു കാര്‍ഷിക സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം. കണയന്നൂര്‍ താലൂക്കിലെ 11 ഗ്രാമപ്പഞ്ചായത്തും നാലു മുനിസിപ്പാലിറ്റിയും കൊച്ചി കോര്‍പറേഷന്റെ വലിയൊരു ഭാഗവും പ്രവര്‍ത്തനപരിധിയായുള്ള ബാങ്ക് ജനകീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിങ് പോലുള്ള പ്രത്യേകതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2010 ല്‍ സംസ്ഥാന തലത്തില്‍ മികച്ച മൂന്നാമത്തെ കാര്‍ഷിക സഹകരണ ബാങ്കിനുള്ള പുരസ്‌കാരവും ഈ ബാങ്കിനു ലഭിച്ചിരുന്നു.

1969 ലെ സഹകരണ സംഘം നിയമപ്രകാരം ഇ – 326-ാം നമ്പരായി നിലവില്‍വന്ന സംഘമാണിത്. 1974 മാര്‍ച്ച് ആറിനു രജിസ്റ്റര്‍ ചെയ്ത സംഘം ഏപ്രില്‍ 17നു പ്രവര്‍ത്തനമാരംഭിച്ചു. പാലാരിവട്ടമാണ് ആസ്ഥാനം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൃഷിക്കു വായ്പ കിട്ടാനുള്ള സംവിധാനങ്ങള്‍ അന്നു കുറവായിരുന്നു. ഇതാണ് ഈ ബാങ്ക് രൂപവത്കരിക്കാന്‍ പ്രേരകം. കേരള സംസ്ഥാനകാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പൂര്‍വരൂപമായ കേരള സഹകരണ കേന്ദ്ര ഭൂപണയബാങ്ക് ആയിടെ ഇത്തരം ബാങ്കുകള്‍ കൂടുതല്‍ തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ കണയന്നൂര്‍ താലൂക്കിനു പുറമെ കൊച്ചി താലൂക്കിലെ പ്രദേശങ്ങളും ഇതിന്റ പരിധിയില്‍പ്പെട്ടിരുന്നു. ആദ്യം ഇതു കണയന്നൂര്‍ സഹകരണ ഭൂപണയബാങ്ക് (Kanayannur Co – operative Land Mortgage Bank) എന്നാണ് അറിയപ്പെട്ടിരുന്നത്. 1975 ആഗസ്റ്റ് ഒമ്പതിനു ബാങ്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഫിലിയേറ്റ് ചെയ്തു. 1993 ആഗസ്റ്റ് 20നു കണയന്നൂര്‍ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നു പേരു മാറ്റി. 2020 ജനുവരി 31 നു പേര് കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നാക്കി. ബൈലോ ഭേദഗതി ചെയ്തായിരുന്നു ഈ നടപടി. 1984 ലെ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിയമപ്രകാരമാണ് ഇതിന്റെ പ്രവര്‍ത്തനം. (പിന്നീട് കൊച്ചി താലൂക്കിനായി പ്രത്യേകം കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിലവില്‍ വന്നു. ഓരോ താലൂക്കിലും കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായായിരുന്നു അത്. 2012 ഏപ്രിലിലാണു കൊച്ചി താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിലവില്‍ വന്നത്)

ഗ്രാമവികസനവും സാധാരണക്കാരുടെ ക്ഷേമവും ലക്ഷ്യമാക്കിയാണു ബാങ്കിന്റെ പ്രവര്‍ത്തനം. അനവധി ഉപഭോക്താക്കള്‍ ബാങ്കിന്റെ സാമ്പത്തിക സഹായത്തിലൂടെ ജീവിത പുരോഗതി കൈവരിച്ചു. 47 വര്‍ഷത്തിനുള്ളില്‍ കെ.എഫ്. അലക്‌സാണ്ടര്‍, കെ.എം. ഉമ്മര്‍, കെ. ഭാസ്‌കരമേനോന്‍, സി.എ. മാധവന്‍, ചെറിയാന്‍ കെ. അന്ത്രയോസ്, എം.ഇ. ഹസൈനാര്‍ എന്നീ പ്രമുഖര്‍ ബാങ്കിന്റെ പ്രസിഡന്റുമാരായിട്ടുണ്ട്. സി.എ. മാധവന്‍ കൊച്ചിയില്‍ മേയറായിരുന്നു. എം.ഇ. ഹസൈനാര്‍ ‘ സഹകാരിത വിഭൂഷണ്‍ ‘ പുരസ്‌കാര ജേതാവാണ്. ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായിരുന്നതു ഹസൈനാരാണ്.

പാലാരിവട്ടത്തെ ആസ്ഥാന ഓഫീസും മുളന്തുരുത്തിയിലെയും പാലാരിവട്ടത്തെയും ശാഖകളും സ്വന്തം കെട്ടിടങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്. പാലാരിവട്ടം ജംഗ്ഷനുസമീപം അഞ്ചു സെന്റ് ഭൂമിയില്‍ മൂന്നുനിലക്കെട്ടിടത്തിലാണ് ആസ്ഥാന ഓഫീസ്. ഈ ഓഫീസില്‍ത്തന്നെയാണു പാലാരിവട്ടം ശാഖ. 1988 ഏപ്രിലിലാണു മുളന്തുരുത്തിയില്‍ ശാഖ ആരംഭിച്ചത്. 2021 ഏപ്രിലില്‍ കുണ്ടന്നൂരിലും ശാഖ തുടങ്ങി. 19,235 എ ക്ലാസ് അംഗങ്ങളും 13,438 ബി ക്ലാസ് അംഗങ്ങളും ബാങ്കിനുണ്ട്. 4.98 കോടി രൂപയാണ് ഓഹരി മൂലധനം. 2020 ഡിസംബര്‍ 31 ലെ കണക്കു പ്രകാരം 11.36 കോടി രൂപയാണു ബാങ്കിന്റെ വായ്പ ബാക്കിനില്‍പ്്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 75,43,000 രൂപയാണു ബാങ്കിന്റെ ലാഭം. നബാര്‍ഡിന്റെ സഹായങ്ങളും മറ്റും കേന്ദ്രബാങ്കായ കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കു വഴിയാണു ലഭിക്കുന്നത്. കേന്ദ്ര ബാങ്കിനുവേണ്ടി ഇവിടെ നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നു.

പരമാവധി വായ്പ 75 ലക്ഷം

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് വായ്പ നല്‍കുന്നുണ്ട്. പരസ്പര ജാമ്യത്തിന്മേല്‍ സംയുക്ത ബാധ്യതാ ഗ്രൂപ്പുകള്‍ക്കും (JLG) വായ്പ നല്‍കിവരുന്നു. അഞ്ചു മുതല്‍ 10 വരെ പേരുള്ള ഗ്രൂപ്പുകള്‍ക്കാണ് ഇത്തരം വായ്പകള്‍. ഒരാള്‍ക്കു പരമാവധി 50,000 വരെ എന്ന തോതില്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണമനുസരിച്ചാണു വായ്പ അനുവദിക്കുന്നത്. വായ്പകളുടെ കാര്യത്തില്‍ ഒരാള്‍ക്കു ലഭിക്കാവുന്ന പരമാവധി വായ്പ 75 ലക്ഷം രൂപയായിരിക്കുമെന്നു നിജപ്പെടുത്തിയിട്ടുണ്ട്. വായ്പാ വിതരണം വര്‍ധിപ്പിക്കാന്‍ അടുത്ത കാലത്തു ‘ജനകീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിംഗ്’ നടപ്പാക്കി. ബാങ്ക് പരിധിയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് യോഗങ്ങള്‍ വിളിച്ചുകൂട്ടി. ആ യോഗങ്ങളില്‍ ബാങ്കുദ്യോഗസ്ഥര്‍ ബാങ്കിന്റെ വിവിധ വായ്പാ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിച്ചു. മിക്കയിടത്തും അതതു തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരാണു യോഗം ഉദ്ഘാടനം ചെയ്തത്. ഈ ബോധവത്കരണം വായ്പകളില്‍ കാര്യമായ പുരോഗതിയുണ്ടാക്കി. വായ്പാവിതരണം 100 കോടിക്കു മുകളില്‍ എത്തിക്കാന്‍ കഴിഞ്ഞു. കാര്‍ഷിക വായ്പകള്‍ക്കു ഏഴു ശതമാനമാണു പലിശ. 2020-21 സാമ്പത്തിക വര്‍ഷം 50 കോടി രൂപയാണു വായ്പയായി നല്‍കിയത്. ഇടപാടുകാര്‍ക്കായി പാലാരിവട്ടം, മുളന്തുരുത്തി ശാഖകളില്‍ ലോക്കര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

10 വര്‍ഷത്തിലേറെയായി ബാങ്ക് ലാഭത്തിലാണ്. കുടിശ്ശികയുടെ ശതമാനം ഇരുപതില്‍ത്താഴെ മാത്രമാക്കാന്‍ വര്‍ഷങ്ങളായി ബാങ്കിനു കഴിയുന്നുണ്ട്. 2019-20 സാമ്പത്തിക വര്‍ഷം 18.96 ആണു കുടിശ്ശിക ശതമാനം. നിഷ്‌ക്രിയ ആസ്തിയും 20 ശതമാനത്തില്‍ താഴെയാണ് – 18.8 ശതമാനം.

സഹകാരികളുടെ കൈത്താങ്ങ്

പ്രളയകാലത്തു ബാങ്കും ജീവനക്കാരും ചേര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 52.57 ലക്ഷം രൂപ നല്‍കി. ഒരു വീടുവച്ചുകൊടുക്കുകയും ചെയ്തു. കോവിഡ് 19 നെത്തുടര്‍ന്നു പ്രസിഡന്റിന്റെ ഓണറേറിയം, ഭരണസമിതിയംഗങ്ങളുടെ സിറ്റിംഗ് ഫീസ്, ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം എന്നിവയുള്‍പ്പെടെ 17.46 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഏല്‍പ്പിച്ചു.

നിരാലംബരും നിര്‍ധനരുമായ രോഗികളെ സഹായിക്കാന്‍ ‘സഹകാരികളുടെ കൈത്താങ്ങ്’ എന്ന പദ്ധതി ബാങ്ക് ആരംഭിച്ചിട്ടുണ്ട്. സൗജന്യ ഡയാലിസിസ് പദ്ധതിയാണിത്. ആരക്കുന്നത്തെ എ.പി. വര്‍ക്കി മിഷന്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഇതു നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 550 പേര്‍ക്കു 1050 രൂപ എന്ന തോതില്‍ 5,77,500 രൂപ ചെലവഴിച്ചു. ബാങ്കിന്റെ പൊതുനന്‍മാ ഫണ്ടില്‍നിന്നാണ് ഇതു ചെലവഴിച്ചത്. രണ്ടാം ഘട്ടത്തില്‍ ഈ പദ്ധതിക്കായി അഞ്ചു ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി ശാഖയില്‍ മുന്‍ എറണാകുളം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അധ്യക്ഷനായിരുന്നു. കണയന്നൂര്‍ താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ശ്രീലേഖ. കെ. മുഖ്യാതിഥിയായിരുന്നു. എ.പി. വര്‍ക്കി മിഷന്‍ ആശുപത്രി സെക്രട്ടറി എം.ജി. രാമചന്ദ്രന്‍, ബാങ്ക് ഡയരക്ടര്‍മാരായ എന്‍.യു. ജോണ്‍കുട്ടി, ബീന മുകുന്ദന്‍, അസി. സെക്രട്ടറി സന്ധ്യ ആര്‍. മേനോന്‍, റിക്കവറി ഓഫീസര്‍ സിജു. പി.എസ്, ശാഖാ മാനേജര്‍ സിബി. എം.വി, ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍, സെക്രട്ടറി ഷേര്‍ളി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

മൊബൈല്‍ ബാങ്കിങ്

കോവിഡ് മൂലം ബാങ്കിലേക്ക് എത്താന്‍ കഴിയാത്ത ഇടപാടുകാര്‍ക്കായി മൊബൈല്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സഹകരിച്ച് മുളന്തുരുത്തിയില്‍ ഒരേക്കര്‍ സ്ഥലത്തു തരിശുഭൂമിയില്‍ പച്ചക്കറിക്കൃഷി നടത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി, ഗുഡ് പേ മാസ്റ്റര്‍ സ്‌കീം, കേരള സഹകരണ റിസ്‌ക് ഫണ്ട് പദ്ധതി, കേരള സഹകരണ അംഗ സമാശ്വാസപദ്ധതി എന്നിവയും ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഒരു വായ്പയ്ക്കു മാസം പരമാവധി 270 രൂപവച്ച് വര്‍ഷം 3250 രൂപയാണു ഗുഡ് പേമാസ്റ്റര്‍ സ്‌കീം പ്രകാരം പലിശയിളവു ലഭിക്കുക. ഇതിന്റെ 75 ശതമാനം കേരള സംസ്ഥാന കാര്‍ഷിക വികസന ബാങ്കും 25 ശതമാനം താലൂക്ക് ബാങ്കുമാണു വഹിക്കുന്നത്. ബാങ്കിന്റെ സേവന വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് 2020 ഒക്ടോബര്‍ ഒമ്പതിന് എറണാകുളം ജില്ലാ സഹകരണ സംഘം ജോ. രജിസ്ട്രാര്‍ (ജനറല്‍) കെ. സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു.

ബാങ്കില്‍ സെക്രട്ടറിയടക്കം 22 സ്ഥിരം ജീവനക്കാരാണുള്ളത്. കൂടാതെ, ഒരു അസി. രജിസ്ട്രാര്‍/ വാല്യുവേഷന്‍ ഓഫീസര്‍, സെയില്‍സ് ഓഫീസര്‍, ഓഡിറ്റര്‍, കൃഷി ഓഫീസര്‍ എന്നിവരും. 2019 ആഗസ്റ്റ് 24 മുതല്‍ സി.കെ. റെജിയുടെ നേതൃത്വത്തിലുള്ള 13 അംഗസമിതിയാണു ബാങ്കിന്റെ ഭരണം നിര്‍വഹിക്കുന്നത്. എന്‍.എന്‍. സോമരാജന്‍ (വൈസ് പ്രസിഡന്റ്), എന്‍.യു. ജോണ്‍കുട്ടി, സുല്‍ഫി പി. ഇസഡ്, ജോയി .സി.ജെ, ഷീബന്‍ കെ.വി, സജീവ് കെ, വി.കെ. പുരുഷോത്തമന്‍, അബ്ദുള്‍ റഹിം എം.ഐ, ചന്ദ്രന്‍ കെ.എ, ബീന മുകുന്ദന്‍, ലക്ഷ്മിക്കുഞ്ഞമ്മ പി.കെ, വത്സല പവിത്രന്‍ എന്നിവരാണു മറ്റു ഡയരക്ടര്‍ ബോര്‍ഡംഗങ്ങള്‍. ഷേര്‍ളി കുര്യാക്കോസ് സെക്രട്ടറിയാണ്. സി.പി.എം. മുളന്തുരുത്തി ഏരിയാകമ്മറ്റിയംഗവും ആരക്കുന്നം സെന്റ് ജോര്‍ജ് സ്‌കൂള്‍ മാനേജരുമായ പ്രസിഡന്റ് സി.കെ. റെജി സിനിമാനടന്‍ കൂടിയാണ്.

അദാലത്ത് വീടുകളിലേക്ക്

കോവിഡ് മൂലം വായ്പ അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ആശ്വാസമേകാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘നവകേരളീയം’ കുടിശ്ശിക നിവാരണ പദ്ധതിയുടെ ( ഒറ്റത്തവണ തീര്‍പ്പാക്കല്‍ ) ബോധവത്കരണത്തിനായി ഭവനസന്ദര്‍ശനം ആരംഭിച്ചതാണ് ബാങ്ക് നടപ്പാക്കിയ ഏറ്റവും പുതിയ കാര്യം. ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ വീടുകള്‍ സന്ദര്‍ശിച്ചു ബോധവത്കരണം നടത്തുകയാണു ചെയ്യുന്നത്. ഇടപാടുകാരുടെ വീടുകളില്‍ പോയി സൗഹാര്‍ദപരമായി അദാലത്ത് നടത്തി കുടിശ്ശിക കുറയ്ക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനമാണിത്. മൂന്നു പ്രദേശങ്ങളില്‍ ഇതു പൂര്‍ത്തിയായി. വായ്പയെടുത്ത കാര്യം ഇടപാടുകാര്‍ കുടുംബാംഗങ്ങളോടു പറയാത്ത സംഭവങ്ങള്‍ ചിലപ്പോഴുണ്ടാകും. കുടിശ്ശികക്കാര്യവും അറിഞ്ഞെന്നു വരില്ല. ജപ്തിനടപടികളിലേക്കു നീങ്ങുമ്പോഴാകും അവര്‍ അറിയുക. എന്നാല്‍, കടത്തിന്റെ കാര്യം കുടുംബാംഗങ്ങള്‍ അറിയുമ്പോള്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കാനാവും. കോവിഡ് മൂലം പ്രയാസപ്പെടുന്ന ബാങ്ക് അംഗങ്ങളെ നടപടികളിലൂടെ ബുദ്ധിമുട്ടിക്കാതെ അവരുടെ കൂടെനിന്നു കടബാധ്യതയില്‍നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. സഹകരണ സൗഹൃദ കുടുംബ അദാലത്ത് എന്ന ഈ പദ്ധതി കളമശ്ശേരി വിടാക്കുഴയില്‍ എറണാകുളം ജില്ലാ സഹകരണ സംഘം ജോ. രജിസ്ട്രാര്‍ (ജനറല്‍) കെ. സജീവ് കര്‍ത്തയാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കാര്‍ഷിക ഗ്രാമവികസന ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി ഓരോ വിഭാഗത്തിലും മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കു ബാങ്ക് പുരസ്‌കാരം നല്‍കി. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അവ വിതരണം ചെയ്തു. പ്രസിഡന്റ് സി.കെ. റെജി അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ ജോര്‍ജ് നാനാട്ട്, ബാങ്ക് വൈസ ്പ്രസിഡന്റ് എന്‍.എന്‍. സോമരാജന്‍, ഡയരക്ടര്‍ സുല്‍ഫി പി.ഇസഡ്, സെക്രട്ടറി ഷേര്‍ളി കുര്യാക്കോസ്, അസി. സെക്രട്ടറി സന്ധ്യ. ആര്‍. മേനോന്‍, പാലാരിവട്ടം ശാഖാ മാനേജര്‍ സിജു. പി.എസ് എന്നിവര്‍ സംസാരിച്ചു.

ഭാവി പ്രവര്‍ത്തനം

സാധാരണക്കാരുടെ എല്ലാ ആവശ്യങ്ങളിലും സഹായിക്കാന്‍ ബാങ്കിനെ പ്രാപ്തമാക്കാന്‍ ഭരണസമിതി പ്രതിബദ്ധമാണെന്നു പ്രസിഡന്റ് സി.കെ. റെജി പറഞ്ഞു. കോവിഡ് മൂലമുള്ള ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങള്‍ പരിഗണിച്ച് പരസ്പര ജാമ്യത്തിന്മേലുള്ള ജെ.എല്‍.ജി വായ്പകള്‍ വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുമായി സഹകരിച്ച് കണയന്നൂര്‍ താലൂക്കിലെ ഏറ്റവും പിന്നോക്കമായ കടമക്കുടി പഞ്ചായത്തിലെ കുറെ വിദ്യാര്‍ഥികള്‍ക്കു ബാങ്ക് ഐപാഡുകള്‍ നല്‍കും. ഇതിനര്‍ഹരായവരെ തിരഞ്ഞെടുക്കുന്ന നടപടികള്‍ നടന്നുവരികയാണ്. ബാങ്കംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി, സി.ബി.എസ.്ഇ. പരീക്ഷകളില്‍ വിജയിച്ചവര്‍ക്കു 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. മുളന്തുരുത്തി ശാഖയോടു ചേര്‍ന്നു ന്യായവില മെഡിക്കല്‍ സ്‌റ്റോറും സര്‍ജിക്കല്‍ ഉപകരണ സ്റ്റോറും ആരംഭിക്കും. ബാങ്കംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ വിലയ്ക്കു മരുന്നും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. കങ്ങരപ്പടിയില്‍ പുതിയ ശാഖ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബാങ്കിന്റെ സേവനങ്ങളെപ്പറ്റി ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ ആകര്‍ഷകമായ ആധുനിക വീഡിയോ പരസ്യം പുറത്തിറക്കും. ഒളിമ്പിക് മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ് ഇത് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!