ക്ഷീരമേഖലയിലെ ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരളബാങ്ക് സംഘം ബനാസിലേക്ക്

moonamvazhi

ക്ഷീരമേഖലയിലെ പദ്ധതികളും മൂല്യവര്‍ദ്ധിത ഉല്‍പാദനത്തിനായുള്ള അധുനീക സംവിധാനങ്ങളും പഠിക്കാന്‍ കേരളബാങ്ക് സംഘം ബനാസിലേക്ക് പോകുന്നു. ഗുജറാത്തിലെ മികച്ച ക്ഷീരപദ്ധതി മേഖലയമാണ് ബനാസ് ക്ഷീരോല്‍പാദക യൂണിയന് കീഴിലുള്ള പ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ മില്‍ക് പ്ലാന്റാണ് ഇവിടെയുള്ളത്. ഈ ഗുജറാത്ത് മാതൃകയില്‍ കേരളത്തിലെ ക്ഷീരമേഖലയിലെ സംരംഭങ്ങളിലേക്ക് സ്വീകരിക്കാനാകുമോയെന്ന പരിശോധനയാണ് കേരളബാങ്ക് നടക്കുന്നത്.

കേരളബാങ്ക് ചെയര്‍മാര്‍ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഗുജറാത്തിലെ ബനാസ് സന്ദര്‍ശിക്കുന്നത്. ഇതിനുള്ള ചെലവ് കേരളബാങ്ക് വഹിക്കണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണന്‍, ഭരണസമിതി അംഗങ്ങളായ പി.ഗഗാറിന്‍, എസ്.ഹരിശങ്കര്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങളായ അഡ്വ.മാണി വിതയത്തില്‍, ഡോ.ജിജു പി.അലക്‌സ്, ചീഫ് ജനറല്‍മാനേജര്‍ റോയ് എബ്രഹാം, ജനറല്‍ മാനേജര്‍ അനില്‍കുമാര്‍ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവര്‍.

ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിലും സംഘം സന്ദര്‍ശിക്കുന്നുണ്ട്. സംസ്ഥാന ബാങ്ക് എന്ന നിലയില്‍ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് പഠിക്കുന്നത്. ഇതില്‍ കേരളത്തിന് സ്വീകരിക്കാവുന്ന മാതൃക ഇവിടെ നടപ്പാക്കാനുള്ള സാധ്യതയാണ് തേടുന്നത്. പ്രാദേശിക സഹകരണ മേഖലയില്‍ ഗുജറാത്ത് സംസ്ഥാന ബാങ്കിന്റെ ഇടപെടല്‍ ശ്ലാഘനീയമാണെന്ന് കേന്ദ്രസഹകരണ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ത്രിതല സഹകരണ രീതി മാറ്റേണ്ടതില്ലെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചതും ഗുജറാത്ത് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തന രീതി കൂടി അടിസ്ഥാനമാക്കിയാണ്.

1969-ല്‍ തുടങ്ങിയതാണ് ബനാസിലെ ക്ഷീരപ്ലാന്റ്. ഈ യൂണിയന് കീഴില്‍ മൂന്നരലക്ഷം ക്ഷീരകര്‍ഷകരുണ്ട്. ഇവര്‍ക്കായി 16ലക്ഷം കന്നുകാലികളുമുണ്ട്. വീടുതളില്‍നിന്ന് തുടങ്ങി പ്ലാന്റില്‍ പാല്‍ എത്തുന്നതുവരെയുള്ള ക്രമീകരണവും, പ്ലാന്റില്‍നിന്ന് ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പാദനവും, അതിന് അമൂല്‍ ബ്രാന്‍ഡിലുള്ള വിപണന ശൃംഖലയുമാണ് ഗുജറാത്തിലെ ക്ഷീരസഹകരണ മാതൃകയുടെ പ്രത്യേകത.

ഒരോദിവസവും രാവിലെ അഞ്ചുമണിക്ക് വീടുകളില്‍നിന്നുള്ള പാല്‍ ശേഖരണം തുടങ്ങും. വീട്ടുകാര്‍ക്ക് എത്തിക്കാന്‍ പ്രാദേശിക കളക്ഷന്‍ സെന്ററുകളാണുള്ളത്. ഇവയൊന്നു ക്ഷീരസംഘങ്ങളായി പ്രവര്‍ത്തിക്കുന്ന പോലുമല്ല. വ്യക്തിഗത ശേഖരണം പോലുമുണ്ട്. ഇങ്ങനെ ശേഖരിച്ച പാല്‍ കേന്ദ്രകീത ശേഖരണ കേന്ദ്രത്തില്‍ എത്തിക്കും. അവിടെനിന്ന് ബാനാസിലെ പ്ലാന്റിലേക്ക് മില്‍ക്ക് ടാങ്കര്‍ ലോറികളിലായി കൊണ്ടുപോകും. പ്രതിദിനം 50ലക്ഷം ലിറ്റര്‍പാല്‍ ഇങ്ങനെ ബനാസിലെത്തുന്നുണ്ട്. അതായത്, ഒരുകര്‍ഷകന് ശരാശരി 14ലിറ്റര്‍ പാലിന്റെ വരുമാനമാണ് ലഭിക്കുന്നത്. കര്‍ഷകന് മെച്ചപ്പെട്ട ജീവനോപാദി ഉറപ്പാക്കാനാകുന്നുവെന്നതാണ് ഈ ഗുജറാത്ത് രീതിയുടെ പ്രത്യേകത.

Leave a Reply

Your email address will not be published.

Latest News