മില്‍മയുടെ റെഡി ടു ഡ്രിങ്ക് പാലടപ്പായസം വിപണിയില്‍

moonamvazhi

മില്‍മയുടെ റെഡി ടു ഡ്രിങ്ക് പാലടപ്പായസം വിപണിയിലിറക്കി. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ (ഐ.ഡി.എഫ്) പ്രഥമ ഏഷ്യാ-പെസഫിക് മേഖലാ ഡെയറി സമ്മേളനത്തില്‍ മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണിയാണ് മില്‍മ സംസ്ഥാനഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്. മണിയില്‍നിന്ന് ഓട്ടുരുളിയില്‍ പായസം സ്വീകരിച്ചുകൊണ്ട് ഇതു വിപണിയിലിറക്കിയത്. സമ്മേളനത്തിലെ പ്രാസംഗികരായ അരുണാചല്‍ മഗസംരക്ഷണമന്ത്രി ഗബ്രിയേല്‍ ഡെന്‍വാങ് വാങ്സു, കേന്ദ്രമൃഗസംരക്ഷണ-ക്ഷീരവകുപ്പുസെക്രട്ടറി അല്‍കാ ഉപാധ്യായ, ഇന്ത്യയിലെ ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ ക്ഷേണുക സെനെവിരത്നെ, കേന്ദ്രമൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ സെക്രട്ടറി വര്‍ഷാ ജോഷി, ഐ.ഡി.എഫ് പ്രസിഡന്റ് പിയെര്‍ക്രിസ്റ്റ്യാനോ ബ്രസ്സാലെ, ദേശീയ ക്ഷീരവികസനബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് സി. ഷാ, ഭക്ഷ്യകാര്‍ഷികസംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി തകായുകി ഹഗിവാര, ഐ.ഡി.എഫ് ഡയറക്ടര്‍ ജനറല്‍ ലോറന്‍സ് റൈക്കെന്‍, സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവകുപ്പു സെക്രട്ടറി പ്രണാബ് ജ്യോതിനാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഒരു വര്‍ഷംവരെ കേടുകൂടാതെയിരിക്കുന്ന പാലടപ്പായസം 400 ഗ്രാമിന്റെ പാക്കറ്റുകളിലാണു വില്‍ക്കുന്നത്. നാലു പേര്‍ക്കു വിളമ്പാവുന്ന പാക്കറ്റിന്റെ വില 150 രൂപയാണ്.

മൂന്നു ദിവസത്തെ സമ്മേളനം ജൂണ്‍ 26ന് മന്ത്രി ചിഞ്ചുറാണിയാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍സിങ് വീഡിയോസന്ദേശത്തിലൂടെ മുഖ്യപ്രഭാഷണം നടത്തി. 27ന് ഡയറിയിങ്ങിലെ കര്‍ഷകകേന്ദ്രിത നൂതനസംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ.എസ്.പി. സിങ്ബാഗേല്‍, കിംബെര്‍ളി ക്ര്യൂതെര്‍ (ന്യൂസീലന്റ്), ഡോ. ബാംബാങ് പോണ്ട്്ജോ പ്രിയോസോര്യന്റാവോ (ഇന്‍ഡോനേഷ്യ), ഡോ. ഉമേഷ് ദഹല്‍ (നേപ്പാള്‍), പദം ബഹദൂര്‍ ഗുരുങ് (ഭൂട്ടാന്‍) തുടങ്ങിയവര്‍ സംസാരിച്ചു.