പ്രമേഹം കുറയ്ക്കുന്ന പാനീയത്തെ കുറിച്ച് മന്ത്രി പറഞ്ഞു; ഇനി അടുത്ത ഉല്‍പന്നം അതെന്ന് മില്‍മ

moonamvazhi

­പ്രമേഹം കുറയ്ക്കാനുള്ള പാനീയം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മില്‍മ. മന്ത്രി വി.എന്‍.വാസവനാണ് ഇതേക്കുറിച്ച് മില്‍മ ചെയര്‍മാനോട് പറഞ്ഞത്. അതേക്കുറിച്ച് പാലക്കാട് നടന്ന മലബാര്‍ മേഖലാ ക്ഷീരോത്പാദക യൂണിയന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വിശദീകരിച്ചു. ‘അമേരിക്കയില്‍ പ്രചാരമുള്ള ഉല്‍പന്നമാണ് പ്രമേഹം കുറയ്ക്കാനുള്ള പാനീയം. ഇതിന്റെ ഗുണഫലം താന്‍ അനുഭവിച്ചറിഞ്ഞതുകൊണ്ട്, ഉല്‍പാദനത്തിന് മില്‍മയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് അംഗീകരിച്ച മില്‍മ ചെയര്‍മാന്‍ അടുത്ത ഉല്‍പന്നമായി ഇത് പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചെറിയ ഔഷധക്കൂട്ട് പാലില്‍ കലര്‍ത്തിയാണ് പാനീയം തയ്യാറാക്കുക’- മന്ത്രി പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് വീടുനിര്‍മ്മിക്കാന്‍ അഞ്ചുലക്ഷം രൂപവീതം നല്‍കുന്ന മലബാര്‍ മില്‍മയുടെ ക്ഷീരസദനം പദ്ധതിയില്‍ ആറ് ജില്ലകളിലെ 13 പേര്‍ക്ക് മന്ത്രി അനുമതി പത്രം നല്‍കി. 2020-ല്‍ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം 23 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ ക്ഷീരമേഖലയില്‍ സംഘടിത സഹകരണ സംവിധാനം ആരംഭിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. പാലക്കാട് മില്‍മ ഡെയറിയില്‍ നടപ്പാക്കുന്ന 3.85 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.

മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയുടെ മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ ധനസാഹായം അദ്ദേഹം വിതരണം ചെയ്തു. മുഖ്യപ്രഭാഷകനായ വി.കെ.ശ്രീകണ്ഠന്‍ എം.പി. വീഡിയോ സന്ദേശം നല്‍കി. ക്ഷീര സമാശ്വാസ തുകയുടെ വിതരണം ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സനില ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബിന്ദു, മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസ്, ഡയറക്ടര്‍മാരായ വി.വി. ബാലചന്ദ്രന്‍, പി.ശ്രീനിവാസന്‍, കെ.കെ.അനിത, കെ.ചന്താമര, ടി.പി. ഉസ്മാന്‍, പി.ടി.ഗിരീഷ് കുമാര്‍, മലബാര്‍ റൂറല്‍ ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സി.ഇ.ഒ. ജോര്‍ജ് കുട്ടി ജേക്കബ്, ബി.ആന്‍ഡ് ഐ. ജില്ലാമേധാവി ഷീജ ഏലിയാസ് എന്നിവര്‍ സംസാരിച്ചു.