പാലക്കാട് സഹകരണ സംഘത്തിന്റെ പടക്കവിപണി സജീവം : 15 ലക്ഷത്തിന്റെ പടക്കം വിറ്റു

moonamvazhi
  • പടക്ക വിൽപന 25 ശതമാനം വിലക്കുറവിൽ
  • 30 വർഷമായി തുടരുന്ന പടക്ക വിൽപന

വിഷു എത്തിയതോടെ നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. എല്ലാ വര്‍ഷവര്‍ഷത്തെയും പോലെ സാധാരണക്കാരന് ആശ്വാസമായി പാലക്കാട് സഹകരണ സംഘത്തിന്റെ പടക്കവിപണി തുടങ്ങി. സംഘം പ്രസിഡന്റ് പി മാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ വില്‍പന നഗരസഭാ കൗണ്‍സിലര്‍ കെ. ഭവനദാസന് നല്‍കി.

പാലക്കാട് ചിറ്റൂര്‍ റോഡ് കുന്നത്തൂര്‍ മേട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ഓഫീസ് കെട്ടിടത്തില്‍ 25 ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്. ശബ്ദം കൂടുതലുള്ള പടക്കത്തേക്കാള്‍ വര്‍ണ വിസ്മയം ഒരുക്കുന്ന പടക്കത്തിനാണ് ആവശ്യക്കാര്‍. ശിവകാശി പടക്കങ്ങളാണ് ഇത്തവണയും വിഷു വിപണിയില്‍ സജീവം. ശിവകാശിയില്‍ നിന്നും സംഘം നേരിട്ട് പോയാണ് പടക്കം വാങ്ങിക്കുന്നത്. പടക്ക വില്‍പന നടത്തുന്നതിനായുളള ലൈസന്‍സും സംഘത്തിനുണ്ട്. ന്യായമായ വിലയായതിനാല്‍ പാലക്കാട് ജില്ലയിലെ ഭൂരിഭാഗം ആളുകളും പടക്കം വാങ്ങിക്കാനായി ഇങ്ങോട്ടേക്ക് എത്താറുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് വില്‍പന. ഇതുവരെയായി 15 ലക്ഷം രൂപയിലധികം പടക്കം വിറ്റു പോയിട്ടുണ്ട്. വിഷുവിന്റെ തലേദിവസം രാത്രി വരെ വിപണി സജീവമാണ്.

30 വര്‍ഷത്തിലധികമായി ബാങ്ക് പടക്കവിപണി നടത്തിവരുന്നു. വ്യാപാരികളുടെ പൊളളുന്ന വിലയില്‍ നിന്നും സാധാരണക്കാരന് രക്ഷനേടാന്‍ വിപണി ഏറെ സഹായകമാണ്. – പി. മാധവന്‍ (സംഘം പ്രസിഡന്റ്).

ചടങ്ങില്‍ സംഘം ഡയറക്ടര്‍മാരായ പി. പ്രജുഷ്, എ. മോഹന്‍, വി.ഹരി, ടി.വി. സജേഷ്, വി.സ്വാമിനാഥന്‍, കെ.ജയ, സി.ലീല, ശാരദ സംഘം സെക്രട്ടറി ആര്‍.നിധിന്‍ എന്നിവര്‍ സംസാരിച്ചു.