ഡയമണ്ട് ജൂബിലി വർഷത്തിൽ ‘കരുണ’ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമിട്ട് പെരിന്തല്‍മണ്ണ സഹകരണ ബാങ്ക്

moonamvazhi
  • വയോജനങ്ങള്‍ക്കായി ‘പ്രതീക്ഷ’ പെന്‍ഷന്‍ പദ്ധതി

  • അസുഖബാധിതര്‍ക്ക് 25,000 രൂപ വരെ ചികിത്സ സഹായം

  • അഞ്ചു സെന്റിന് താഴെ ഭൂമിയുള്ളവര്‍ക്കായി ഭവനനിര്‍മ്മാണ പദ്ധതി

ഹകരണ രംഗത്ത് 60 വര്‍ഷം പൂര്‍ത്തിയാക്കിയ പെരിന്തൽമണ്ണ സഹകരണ ബാങ്ക് ഡയമണ്ട് ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി ‘കരുണ’ എന്ന പേരില്‍ പുതിയൊരു പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതി വഴി ബാങ്കിന്റെ എ ക്ലാസ് മെമ്പര്‍മാരില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കും ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുവര്‍ക്കും 2000 രൂപ മാസത്തില്‍ പെന്‍ഷന്‍ നല്‍കും. എല്ലാ മാസവും ഈ തുക രോഗിയുടെ അക്കൗണ്ടില്‍ വരും.

അതോടൊപ്പം ‘പ്രതീക്ഷ’ എന്ന പേരില്‍ വയോജനങ്ങള്‍ക്കായി മറ്റൊരു പെന്‍ഷന്‍ പദ്ധതിയും ബാങ്ക് നടപ്പാക്കുന്നുണ്ട്. ബാങ്കിലെ എ ക്ലാസ് മെമ്പര്‍മാരില്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസം 300 രൂപ നല്‍കുന്നതാണ് പദ്ധതി. തുടക്കത്തില്‍ ഇത് 250 രൂപയായിരുന്നു. പുതിയ ഭരണസമിതി നിലവില്‍ വന്നതോടെയാണ് ഇത് 300 രൂപയാക്കിയാണ്. ഇപ്പോള്‍ 480 ഓളം പേര്‍ പ്രതീക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നവരാണ്.

ബാങ്കിന്റെ അംഗങ്ങൾക്ക് അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം എന്നിവ വന്നാല്‍ 25,000 രൂപ വരെ ചികിത്സ സഹായം നല്‍കും. നിലവില്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തവരില്‍ ആര്‍ക്കെങ്കിലും മരണം സംഭവിച്ചാല്‍ മരണാനന്തര തുകയായി 25,000 രൂപയും അനുവദിക്കും. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലെ 29 വാര്‍ഡുകളാണ് പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം പരിധിയായുള്ളത്. ജനകീയ ബാങ്കിന്റെ ജനസേവനമുഖമാണ് പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനത്തിലൂടെ പ്രകടമാകുന്നത്.

നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ബാങ്കിന്റെ കീഴില്‍ നടത്തിവരുന്നുണ്ട്. അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുനിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതുവരെ 23 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷം മൂന്ന് വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. എ ക്ലാസ് മെമ്പര്‍മാരുടെ ക്ഷേമനിധിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഇത് നടപ്പാക്കുന്നത്. എ ക്ലാസ് മെമ്പര്‍മാരില്‍ അഞ്ചു സെന്റിന് താഴെ ഭൂമിയുള്ള വിധവകളോ സ്വന്തമായി വീടില്ലാത്തവരോ ആയവര്‍ക്കാണ് ഈ പദ്ധതി വഴി വീട് നിര്‍മ്മിച്ചു നല്‍കുന്നത്.

ബാങ്കിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷപരിപാടിയുടെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ടവര്‍ ഡിസൈന്‍ പ്രകാശനവും എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രസഡന്റ് പച്ചീരി ഫാറൂക്ക് അധ്യക്ഷത വഹിച്ചു. കരുണ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ചികിത്സാ ധന സഹായ വിതരണവും മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിച്ചു. പ്രതീക്ഷ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനവും പണിപൂര്‍ത്തീകരിച്ച മൂന്നു വീടുകളുടെ താക്കോല്‍ദാനവും നജീബ് കാന്തപുരം എം.എല്‍. എ നിര്‍വഹിച്ചു.

പുതിയ മൂന്ന് വീടുകളുടെ പ്രഖ്യാപനം ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശനും ഡി ക്ലാസ്സ് അംഗങ്ങള്‍ക്കുള്ള ആനുകൂല്യ വിതരണം അസിസ്റ്റന്റ് രജിസ്ട്രാര്‍ വി.സുധാകരനും നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി ശശി ധാരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എ.അര്‍ ചന്ദ്രന്‍, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ചേരിയില്‍ മമ്മിക്കുട്ടി, സി.അബ്ദു നാസര്‍, മൊയ്തു, പടിപ്പുര ഹനീഫ, സമീര്‍ വടക്കേതില്‍, വി.അജിത് കുമാര്‍, ഇ.ആര്‍ സുരാദേവി,റജീന അന്‍സാര്‍, സുല്‍ഫത്ത് ബീഗം, അസിസ്റ്റന്റ് രജിസ്ട്രാര്‍ രാജന്‍, കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ. നാസര്‍ മാസ്റ്റര്‍, നാലകത്ത് ബഷീര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എ. ആനന്ദന്‍, കൃഷ്ണ പ്രിയ, ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, ഡോ നീളര്‍ മുഹമ്മദ്, മങ്കോട്ടില്‍ ബാലകൃഷ്ണന്‍, പി.ടി.എസ്. മൂസ്, സുബ്രമണ്യന്‍, വി.കെ. അന്‍വര്‍, ബാങ്ക് ജീവനക്കാരായ നാസര്‍ കാരാടന്‍, തേക്കത്ത് ഉസ്മാന്‍ അഹമ്മദ് അലി, ഗോകുല്‍ ദാസ്, ശശികല എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.