13 ലക്ഷം പേര്‍ക്ക്  പ്രയോജനം; സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ വായ്പകളും എഴുതിത്തള്ളി

moonamvazhi
  • സഹകരണത്തിലൂടെ ജനക്ഷേമമെന്ന തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നയത്തിന്റെ വിജയം

സഹകരണബാങ്കുകള്‍ നല്‍കിയ 5000 കോടി രൂപയുടെ സ്വര്‍ണവായ്പകള്‍ എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ചു പവന്‍വരെ പണയംവച്ച് എടുത്ത വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 1.31 ദശലക്ഷം പേര്‍ക്ക് ഇതു പ്രയോജനപ്പെടും. 2021 മാര്‍ച്ച് 31വരെ സഹകരണബാങ്കുകളില്‍ നിന്നെടുത്ത സ്വര്‍ണവായ്പ എഴുതിത്തള്ളുമെന്നു സ്റ്റാലിന്‍ മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞിരുന്നു. ഡി.എം.കെ.യുടെ തിരഞ്ഞെടുപ്പുപ്രകടനപത്രികയിലും ഈ വാഗ്ദാനമുണ്ടായിരുന്നു. 4,818.88 കോടിയുടെ ഇളവാണ് അനുവദിച്ചിട്ടുള്ളത്. സ്വര്‍ണവായ്പയെടുത്ത 13,12,717പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും – ഇതുസംബന്ധിച്ച സര്‍ക്കാര്‍ അറിയിപ്പ് വ്യക്തമാക്കി.

സ്ത്രീകളുടെ സ്വയംസഹായസംഘങ്ങള്‍ക്കു സഹകരണബാങ്കുകള്‍ വഴി അനുവദിച്ച 2,755.99 കോടി രൂപയുടെ വായ്പകളും എഴുതിത്തള്ളിയിട്ടുണ്ട്. 1,17,617 സ്വയംസഹായസംഘങ്ങള്‍ക്ക് ഇതുകൊണ്ടു പ്രയോജനം കിട്ടും.

2021 മെയ് മുതല്‍ 2023 ഡിസംബര്‍വരെ 35.85 ലക്ഷം കോടിരൂപയുടെ പലിശരഹിതകാര്‍ഷികവായ്പകള്‍ സഹകരണസംഘങ്ങള്‍ വഴി നല്‍കിയിട്ടുണ്ട്. 4,672,849 കര്‍ഷകര്‍ക്ക് ഇതു കിട്ടി. ചെന്നൈയിലും പരിസരങ്ങളിലും ചുഴലിക്കാറ്റു നാശംവിതച്ച പ്രദേശങ്ങളില്‍ 2.31 ദശലക്ഷം കുടുംബങ്ങളില്‍ ഓരോന്നിനും 6000 രൂപ വീതം സഹായം നല്‍കിയിരുന്നു. തിരുനല്‍വേലി, തൂത്തുക്കുടി ജില്ലകളില്‍ വെള്ളപ്പൊക്കംമൂലം ദുരിതത്തിലായവര്‍ക്കും ഇതു നല്‍കി.

സഹകരണവകുപ്പിലൂടെ വിവിധപദ്ധതികള്‍ നടപ്പാക്കി ജനക്ഷേമം ഉറപ്പാക്കാനുള്ള മുഖ്യമന്ത്രിയുടെ ദ്രാവിഡമാതൃകാഭരണത്തിന്റെ ഭാഗമാണ് ഈ സഹായമെല്ലാമെന്നു സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.