സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന സഹകരണ യൂണിയന്‍ 

moonamvazhi

സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്‍ ആശങ്കരേഖപ്പെടുത്തി സംസ്ഥാന സഹകരണ യൂണിയന്റെ വാര്‍ഷിക പൊതുയോഗം പ്രമേയം പാസാക്കി.

രാജ്യത്തെ സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തല്‍. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമവും കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്നിലുണ്ട്. ഇതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതി ബില്ല് നിയമമാക്കിയതു പോലും കൃത്യമായ അജണ്ടകള്‍ മുന്‍നിര്‍ത്തിയാണ്. 97-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധിയില്‍ സഹകരണം സംസ്ഥാന വിഷയമാണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് മറച്ചുവെച്ച് സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്രം കടന്നു കയറുകയാണ്. ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലന്നാണ് ആര്‍.ബി.ഐ. പരസ്യം നല്‍കി. ആദായ നികുതി വകുപ്പിനെയും ആര്‍.ബി.ഐ.യേയും ഉപയോഗപ്പെടുത്തി സര്‍ക്കുലറുകളും നോട്ടീസുകളും പുറപ്പെടുവിച്ച് കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.

സഹകരണ യൂണിയന്‍ ആഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുയോഗം ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി എം.പി. രജിത് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ കെ. രാജഗോപാല്‍ കെ.കെ. ലതിക , ടി കെ ദേവകുമാര്‍, വി.എം. ശശി, എന്‍.കെ. രാമചന്ദ്രന്‍, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സര്‍ക്കിള്‍ യൂണിയന്‍ പ്രതിനിധികള്‍, അപ്പക്‌സ് സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സഹകാരിക്കുള്ള റോബട്ട് ഓവന്‍ പുരസ്‌കാരം നേടിയ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായരെ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ ആദരിച്ചു.