രണ്ടിലേറെ കുട്ടികളുള്ളയാള്‍ സംഘം ഭരണസമിതിയംഗമാകരുത് : കോടതി

moonamvazhi

രണ്ടിലേറെ കുട്ടികളുള്ളവര്‍ക്കു സഹകരണസംഘം ഭരണസമിതിയംഗമാകാനാവില്ലെന്നു ബോംബെഹൈക്കോടതി­. ചാര്‍കോപ് കണ്ടിവാലി ഏക്താനഗര്‍ സഹകരണ ഭവനസംഘാംഗം പവന്‍കുമാര്‍സിങ്ങിനെതിരെ ജസ്റ്റിസ് അവിനാഷ് ഘരോട്ടെയുടെതാണു വിധി. സിങ്ങിനുമൂന്നുകുട്ടികളുണ്ടെന്നും, രണ്ടിലേറെ കുട്ടികളുള്ളതിനാല്‍ സിങ്ങിനെ ഭരണസമിതിയില്‍നിന്ന് അയോഗ്യനാക്കണമെന്നും ദീപക് തേജാദെയും രാമാചല്‍ യാദവും സഹകരണഡെപ്യൂട്ടി രജിസ്ട്രാര്‍ക്കു പരാതി നല്‍കി. അദ്ദേഹം സിങ്ങിനെ അയോഗ്യനാക്കി. സിങ് ഡിവിഷണല്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് അപ്പീല്‍ കൊടുത്തു. അപ്പീല്‍ തള്ളി. തുടര്‍ന്നാണു സിങ് ഹൈക്കോടതിയെ സമീപിച്ചത്. 1969ലെ മഹാരാഷ്ട്രസഹകരണസംഘം നിയമത്തിലെ ചെറുകുടുംബവ്യവസ്ഥ സംബന്ധിച്ചു 2019ല്‍കൊണ്ടുവന്ന ഭേദഗതി ഇവിടെ ബാധകമാണെന്നു കോടതി വ്യക്തമാക്കി. രണ്ടിലേറെ കുട്ടികളുള്ളയാള്‍ സഹകരണസംഘം ഭാരവാഹിയാകുന്നതു മഹാരാഷ്ട്രസഹകരണസംഘം നിയമത്തിലെ അനുച്ഛേദം 154(ബി)(23)ന്റെ ലംഘനമാണെന്നു സിങ്ങിന്റെ എതിര്‍ഭാഗം വാദിച്ചു. എന്നാല്‍ അനുച്ഛേദം 154ബി(1) പ്രകാരം 154ബി ഒന്നുമുതല്‍ 31വരെയുള്ള അനുച്ഛേദങ്ങള്‍ ഭവനസഹകരണസംഘങ്ങള്‍ക്കു ബാധകമല്ലെന്നു സിങ്ങിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതു കോടതി സ്വീകരിച്ചില്ല. 154(ബി)(23) സ്വതന്ത്രാസ്തിത്വമുള്ള അനുച്ഛേദമാണെന്നും രണ്ടിലേറെ കുട്ടികളുള്ളവരെ അത് അയോഗ്യരാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. പരാതിക്കാര്‍ പറയുന്ന മൂന്നുകുട്ടികളിലൊരാള്‍ തന്റെതല്ലെന്നും റേഷന്‍കാര്‍ഡില്‍ പേരുണ്ടെങ്കിലും ആ കുട്ടിയെ വിദ്യാഭ്യാസത്തിനായി തന്റെ വീട്ടില്‍ നിര്‍ത്തിയിരിക്കുന്നതാണെന്നും സിങ് വാദിച്ചു. പക്ഷേ, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സിങ്ങിനായില്ല. അതിനാല്‍ ആ വാദവും കോടതി തള്ളി.

 

 

Leave a Reply

Your email address will not be published.