സഹകരണസംഘം പൊതുസ്ഥാപനത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്നു മദ്രാസ് ഹൈക്കോടതി

Moonamvazhi
  •  2013 ല്‍ കേരളത്തിലെ സമാനകേസിലുണ്ടായ സുപ്രീംകോടതിവിധി ഹൈക്കോടതിയില്‍ ഉദ്ധരിക്കപ്പെട്ടു

സഹകരണസംഘം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മയിലാടുതുറൈ ജില്ലയിലെ സീര്‍കാഴി താലൂക്കിലെ മതനം പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘത്തോടു വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ച തമിഴ്‌നാട് വിവരാവകാശകമ്മീഷണറുടെ നടപടി ജസ്റ്റിസ് വി. ഭവാനി സുബ്ബരായന്‍ റദ്ദാക്കുകയും ചെയ്തു. 1983 ലെ തമിഴ്‌നാട് സഹകരണനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘം 2005 ലെ വിവരാവകാശനിയമത്തിലെ സെക്ഷന്‍ രണ്ട് ( എച്ച് ) പ്രകാരമുള്ള പൊതുസ്ഥാപനത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് ഉത്തരവില്‍ പറയുന്നു. സംഘം പ്രസിഡന്റിന്റെ റിട്ട് ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.

കാര്‍ഷിക, സ്വര്‍ണവായ്പകളുടെ വിശദവിവരങ്ങള്‍ നല്‍കാന്‍ 2022 മെയ് നാലിനു വിവരാവകാശകമ്മീഷണര്‍ സംഘത്തോടു നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണു പ്രസിഡന്റ് റിട്ട് നല്‍കിയത്. കെ. ജീവ എന്ന സംഘാംഗമാണു വിവരം തേടിയത്. മയിലാടുതുറൈ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്കാണ് അപേക്ഷ നല്‍കിയത.് 2015 നും 2021 നുമിടയില്‍ കര്‍ഷകര്‍ക്കു വായ്പ നല്‍കിയപ്പോള്‍ ജാമ്യമായി സ്വീകരിച്ച സ്വത്തുക്കളുടെ രേഖകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം. വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ ധാരാളം പേര്‍ക്കു വായ്പ നല്‍കിയെന്നും അതിനുശേഷം ബുദ്ധിമുട്ടുള്ള കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ വായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ ഇവയും എഴുതിത്തള്ളിയെന്നും ജീവ ആരോപിച്ചു. 2021-22 ല്‍മാത്രം സഹകരണസംഘങ്ങള്‍വഴി 14.84 ലക്ഷം കര്‍ഷകര്‍ക്ക് 10,292 കോടി രൂപ വായ്പ നല്‍കിയിരുന്നുവെന്നും പലിശയടവിനു കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ നല്‍കിയെങ്കിലും ദരിദ്രകര്‍ഷകര്‍ക്ക് ആനുകൂല്യം കിട്ടിയില്ലെന്നും ജീവ പരാതിപ്പെട്ടു.

ജീവയുടെ അപേക്ഷക്കു ഡെപ്യൂട്ടി രജിസ്ട്രാറില്‍നിന്നു തൃപ്തികരമായ മറുപടി കിട്ടിയില്ല. ഒന്നാം അപ്പീല്‍ അധികാരിയായ ജോയിന്റ് രജിസ്ട്രാര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണു വിവരാവകാശകമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയത്. വിവരം നല്‍കാന്‍ സംഘത്തോടു കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനെതിരെ സംഘംപ്രസിഡന്റ് നല്‍കിയ റിട്ട്ഹര്‍ജിയില്‍ സഹകരണസംഘം സ്വയംഭരണസ്ഥാപനമാണെന്നും പൊതുസ്ഥാപനമല്ലെന്നും സംഘത്തിന്റെ അഭിഭാഷകന്‍ ശ്രീറാം ആദിത്യന്‍ വാദിച്ചു. പൊതുപ്രവര്‍ത്തനപരമായ ചുമതലകളുള്ള സ്റ്റാറ്റിയൂട്ടറി സ്ഥാപനമല്ല സംഘമെന്നും അതുകൊണ്ടു ഭരണഘടനയുടെ 12-ാം അനുച്ഛേദത്തില്‍ പറയുന്ന സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ വരില്ലെന്നുമുള്ള വാദവും ഉന്നയിച്ചു. 2013 ല്‍ കേരളത്തിലെ സമാനകേസിലുണ്ടായ സുപ്രീംകോടതിവിധിയും 2015 ല്‍ ഈ വിധിയെ പിന്തുടര്‍ന്നു മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച മറ്റൊരു വിധിയും അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു. മേല്‍പറഞ്ഞ വിധികളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സഹകരണസംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘം വിവരാവകാശനിയമം അനുസരിക്കാന്‍ ബാധ്യസ്ഥമല്ലെന്നു കോടതി ഉത്തരവിട്ടു.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi