സൈബര്‍ തട്ടിപ്പില്‍ സര്‍ക്കാര്‍ ജാഗ്രത; തട്ടിപ്പ് നടന്നാലുടന്‍ അക്കൗണ്ട് മരവിപ്പിക്കും
സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കൂടിവരുന്നതില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. സൈബര്‍കുറ്റകൃത്യങ്ങള്‍ കൂടിയിട്ടില്ലെന്നും സര്‍ക്കാര്‍ ജാഗ്രത കൂട്ടിയതുകൊണ്ടു കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയുകയാണു ചെയ്തിട്ടുളളതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പി.ടി.ഐ.യ്ക്ക് നല്കിയ അഭിമുഖത്തിലാണ് അമിത്ഷാ ഈ വിശദീകരണം നല്‍കുന്നത്.
കഴിഞ്ഞവര്‍ഷം 27 ലക്ഷം സൈബര്തട്ടിപ്പുകേസുകള് രജിസ്റ്റര്‍ ചെയ്തു. 99.5 ശതമാനം പൊലീസ് സ്റ്റേഷനുകളെയും കേന്ദ്രസര്‍ക്കാരിന്റെ ക്രൈംക്രിമിനല് ട്രാക്കിങ് ശൃംഖലാസംവിധാനത്തോട് (ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്റ് സിസ്റ്റംസ് സി.സി.ടി.എന്‍.എസ്) ബന്ധിപ്പിച്ചു. അന്വേഷണത്തിനും വിവരവിശകലനത്തിനും ഗവേഷണത്തിനും നയരൂപീകരണത്തിനും പൗരസേവനങ്ങള്ക്കും ഇതു നല്ലതാണ്. 0.5 ശതമാനം സ്റ്റേഷനുകളെക്കൂടി മാത്രമേ ബന്ധിപ്പിക്കാന്‍ ബാക്കിയുള്ളൂ. അതിനു തടസ്സം കണക്ടിവിറ്റി പ്രശ്നങ്ങളാണ്. വളരെ ഉള്ളിലും പര്‍വതങ്ങളിലും വനങ്ങളിലുമുള്ളവയാണ് ഈ സ്റ്റേഷനുകള്‍.
കുറ്റകൃത്യങ്ങളില്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ കൂടുതലായി പരാതി കൊടുക്കാനും തയ്യാറാകുന്നു. തട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ അക്കൗണ്ടു മരവിപ്പിക്കും. സൈബര്‍ ക്രമക്കേടുകള്‍ കൂടിയിട്ടില്ല. മുമ്പത്തെക്കാളേറെ തട്ടിപ്പുകള്‍ കണ്ടുപിടിക്കപ്പെടുന്നുവെന്നുമാത്രം. പരാതിപ്പെടാന്‍ സൗജന്യനമ്പരും ഏര്‍പ്പെടുത്തി. പരാതി പരിഹരിക്കുണ്ടെന്നു കണ്ട് ആളുകള്‍ ആ നമ്പരിലേക്കു വിളിക്കുന്നതും കൂടി. ഇന്ത്യന്‍ സൈബര്‍ കുറ്റകൃത്യ ഏകോപനകേന്ദ്രമാണ് (ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ ഐ 4 സി) കൂടുതല്‍ പരാതിയും അന്വേഷിക്കുന്നത്.
കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ സൈബര്‍ വിവരസുരക്ഷാഡിവിഷന്റെ ഭാഗമാണിത്. സ്കൈപ്പ് അക്കൗണ്ടുകള്‍, ഗൂഗിളിലും മെറ്റയിലുമുള്ള പരസ്യങ്ങള്‍, എസ്.എം.എസ്. ഹെഡറുകള്‍, സിംകാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയിലെ സൈബര്‍ കുറ്റകൃത്യം തടയാനുള്ള സംവിധാനങ്ങള്‍ ഐ 4 സി തുടര്‍ച്ചയായി നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ടെന്നും ഷാ പറഞ്ഞു.