നാലു ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡില്‍ പലിശനിരക്ക്, വൈകല്‍ ഫീസ്, ഇടപാടു നിരക്ക് എന്നിവയില്‍ മാറ്റം വരും

Moonamvazhi
  • യൂട്ടിലിറ്റി പേമെന്റുകള്‍ക്ക് പുതിയ സര്‍ച്ചാര്‍ജ്;  ചില ബാങ്കുകള്‍ക്ക് സര്‍ച്ചാര്‍ജില്ല

നാലു ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നയങ്ങളില്‍ മാറ്റം വരുത്തി. ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ്ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയാണിവ. പലിശനിരക്ക്, വൈകല്‍ഫീസ്, ഇടപാടുനിരക്കുകള്‍ തുടങ്ങിയവയിലാണു മാറ്റം. ഇവയില്‍ യെസ്ബാങ്ക് ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ വ്യക്തമായിട്ടില്ല.

ബോബ്കാര്‍ഡ് ലിമിറ്റഡ് നല്‍കുന്ന ബാങ്ക്ഓഫ് ബറോഡയുടെ കോബ്രാന്റഡ് ക്രെഡിറ്റ് കാര്‍ഡില്‍ ജൂണ്‍ 23 മുതല്‍ മാറ്റങ്ങളുണ്ടാകും. ക്രെഡിറ്റ് കാര്‍ഡില്‍ പണമടച്ചില്ലെങ്കില്‍ കൊടുക്കേണ്ട പലിശ 3.49 ശതമാനത്തില്‍നിന്നു 3.57 ശതമാനമായി ഉയരും. ഇതിന്റെ വാര്‍ഷികനിരക്ക് 41.88 ശതമാനത്തില്‍നിന്നു 45 ശതമാനമാവും. ക്രെഡിറ്റ്പരിധി കവിഞ്ഞാലുള്ള ഫീ അധികമെടുത്ത തുകയോ 500 രൂപയോ, ഏതാണോ കൂടുതല്‍, അതിന്റെ 2.5 ശതമാനമായിരിക്കും. നേരത്തേ 400 രൂപയായിരുന്നിടത്താണ് 500 രൂപ എന്നു നിശ്ചയിച്ചിരിക്കുന്നത്. വൈകി പണമടക്കുന്നതിനു നല്‍കേണ്ടിയിരുന്ന കുറഞ്ഞ പിഴ 100 രൂപയില്‍നിന്ന് 250 രൂപയാക്കി.

എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സ്വിഗ്ഗി കോബ്രാന്റഡ് ക്രെഡിറ്റ്കാര്‍ഡില്‍ ജൂണ്‍ 21 മുതല്‍ സ്വിഗ്ഗി ആപ്പില്‍ സ്വിഗ്ഗിമണിയായി ക്യാഷ്ബാക്ക് ക്രെഡിറ്റ് ആകുന്നതിനുപകരം നേരിട്ടു ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റില്‍ വരികയാണു ചെയ്യുക. ക്യാഷ്ബാക്ക് ശതമാനത്തില്‍ മാറ്റമില്ല. സ്വിഗ്ഗിആപ്പ് ഇടപാടുകള്‍ക്കു 10 ശതമാനം, ഓണ്‍ലൈന്‍ സ്‌പെന്റിങ്ങിന് 5 ശതമാനം, അല്ലാത്തവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണിത്. സ്വിഗ്ഗിമണിയായി ക്യാഷ്ബാക്ക് നേരത്തേതന്നെ സമാഹരിച്ചുകഴിഞ്ഞവര്‍ക്ക് 2025 ജൂണ്‍ 21 വരെ അതുപയോഗിക്കാം.

ഐ.ഡി.എഫ്.സി. ബാങ്ക് ക്രെഡിറ്റ്കാര്‍ഡ് ഉള്ളവര്‍ നടത്തുന്ന യൂട്ടിലിറ്റി പേമെന്റുകള്‍ക്കു പുതിയ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി. ഇതുടന്‍ നടപ്പാവുകയാണ്. ഒറ്റ ബില്ലിങ് സൈക്കിളില്‍ 20,000 രൂപയില്‍ക്കൂടുതല്‍ പണം നല്‍കുമ്പോള്‍ ജി.എസ്.ടി.ക്കുപുറമെ ഒരു ശതമാനം സര്‍ചാര്‍ജ് ഫീയും ആ ഫീക്കു 18 ശതമാനം ജി.എസ്.ടി.യും അടക്കണം. എന്നാല്‍, ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്, എല്‍.ഐ.സി. ക്ലാസിക് ക്രെഡിറ്റ് കാര്‍ഡ്, എല്‍.ഐ.സി. സെലക്ട് ക്രെഡിറ്റ് കാര്‍ഡ് എന്നിവയില്‍ സര്‍ചാര്‍ജ് നല്‍കേണ്ട.

യെസ് ബാങ്കിന്റെ ചില ക്രെഡിറ്റ്കാര്‍ഡുകളില്‍ ഇന്ധനം വാങ്ങുമ്പോള്‍ നല്‍കേണ്ട നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്നു സൂചനയുണ്ട്. വാര്‍ഷികഫീയിലും ചേരുമ്പോഴുള്ള ഫീയിലുമുള്ള ഇളവുകളിലും മാറ്റം വരും. ക്രെഡിറ്റ്കാര്‍ഡില്‍ നടത്തുന്ന യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കും പുതിയഫീസ്‌നിരക്കുകള്‍ വന്നേക്കാം.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi