കേരള ബാങ്ക്ന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് യോഗം ഇന്ന് : പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന്റെ പലിശ കുറയ്ക്കണമെന്ന അജണ്ട ചർച്ചയ്ക്ക്.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് നൽകിവരുന്ന പലിശ കുറയ്ക്കുന്നത് സംബന്ധിച്ച അജണ്ട ഇന്ന് നടക്കുന്ന കേരള ബാങ്കിന്റെ ബോർഡ് ഓഫ് മാനേജ്മെന്റ് യോഗം ചർച്ച ചെയ്യും. കേരള ബാങ്കിനെ ലാഭത്തിൽ ആക്കുക എന്ന ലക്ഷ്യത്തിൽ ഊന്നിയ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥതലത്തിൽ വേഗത്തിലാക്കിതിന്റെ പ്രതിഫലനമാണ് ഇത്. ഒപ്പം കേരളബാങ്കിന്റെ ചെലവുചുരുക്കൽ എന്ന ലക്ഷ്യവും ഇതിനുണ്ട്.ഈ വിഷയത്തിൽ സഹകാരികൾ ഇതിനകം തന്നെ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ സഹകരണ മേഖലയെ തച്ചുടക്കുമെന്ന് സഹകാരികൾ ആണയിടുന്നു.

ബോർഡ് ഓഫ് മാനേജ്മെന്റ്ലെ പല സഹകാരികളെയും ഇക്കാര്യം സഹകാരികൾ അറിയിച്ചിട്ടുണ്ട്. നിലവിൽ അധികമായി അര ശതമാനം മാത്രമാണ് സഹകരണ സംഘങ്ങൾ സമാഹരിച്ച് കേരള ബാങ്കിൽ നിക്ഷേപിക്കുന്നതിന് കേരള ബാങ്ക്പലിശ നൽകുന്നത്. നേരത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിൽ നൽകിയിരുന്ന ഷെയറിന് ഡിവിഡൻഡ് ലഭിച്ചിരുന്നു. ഇപ്പോൾ അത് ഇല്ലാതായി. എന്നാൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് അംഗങ്ങൾക്ക് പലിശ നൽകുകയും വേണം. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഷെയർ പിൻവലിക്കാനുള്ള അവസരവും ഇപ്പോൾ നിഷേധിക്കപ്പെട്ടു. കേരള ബാങ്കിന്റെ 55% നിക്ഷേപവും പ്രാഥമിക സഹകരണ സംഘങ്ങളുടെതാണ്. 35 ശതമാനം നിക്ഷേപം പഴയ ജില്ലാ ബാങ്കുകളുടെതാണ്. ഇതും ഒരർത്ഥത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളുടെതു തന്നെ. യഥാർത്ഥത്തിൽ കേരള ബാങ്കിന്റെ 90% നിക്ഷേപവും സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപമാണ്. പ്രാഥമിക സഹകരണ സംഘങ്ങളെ ഇല്ലാതാക്കുന്ന നിലപാടുകളാണ് കേരളബാങ്ക് ഇപ്പോൾ ആലോചിക്കുന്നത്. കേരള ബാങ്കിനെ കൂടുതൽ ലാഭത്തിൽ ആക്കുക എന്ന പുതിയ കോർപ്പറേറ്റ് രീതിയാണ് ഇതിന് അടിസ്ഥാനം. സഹകാരികളുടെ ബാങ്ക് എന്ന രീതിയിൽ നിന്നും മാറി കോർപ്പറേറ്റ് സ്വഭാവമുള്ള ബാങ്കിലേക്ക് മാറുന്നതിന്റെ സൂചനയാണ് ഇതെല്ലാം എന്ന് സഹകാരികൾ വിലയിരുത്തുന്നു.

കേരള ബാങ്കിന്റെ ചിലവ് എങ്ങനെ കുറയ്ക്കാം എന്ന ഉദ്യോഗസ്ഥരുടെ ചിന്തയിൽ നിന്നാണ് ഇത്തരത്തിലുള്ള കുറുക്കുവഴികളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നത്.എല്ലാരീതിയിലും പ്രാഥമിക സഹകരണ സംഘങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ട കേരള ബാങ്ക്, അത്തരം താൽപര്യങ്ങൾ സംരക്ഷിക്കുന്നില്ല എന്ന് സഹകാരികൾകിടയിൽ തന്നെ വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് നടക്കുന്ന ബോർഡ് ഓഫ് മാനേജ്മെന്റ് യോഗം ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥരുടെയും മാനേജ്മെന്റ്ലെ സഹകാരികളുടെയും ആശയങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആകാൻ ഇടയുണ്ട്.

Leave a Reply

Your email address will not be published.

Latest News