സഹകരണാധിഷ്ഠിത സാമ്പത്തികവികസനം ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ സഹകരണനയം ഈ മാസം പ്രഖ്യാപിച്ചേക്കും

moonamvazhi
പുതിയ ദേശീയ സഹകരണനയം ഈ മാസം നിലവില്‍വരുമെന്നു ‘  ടൈംസ് ഓഫ് ഇന്ത്യ ‘  റിപ്പോര്‍ട്ട് ചെയ്തു. 2002 ലെ ദേശീയ സഹകരണനയത്തിനു പകരമായി വരുന്ന പുതിയ നയം താഴെത്തട്ടില്‍വരെ കടന്നുചെന്നു സഹകരണപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഒന്നായിരിക്കും. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തില്‍ 49 അംഗ സമിതിയാണു പുതിയ ദേശീയനയത്തിനു രൂപം നല്‍കുന്നത്. സഹകരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കും പുതിയ നയത്തിന്റെ കാതല്‍.

സഹകരണമേഖലയില്‍നിന്നുള്ള വിദഗ്ധരും ദേശീയ, സംസ്ഥാന, ജില്ലാ, പ്രാഥമികതലത്തില്‍നിന്നുവരെയുള്ള സഹകരണസ്ഥാപനങ്ങളുടെ പ്രതിനിധികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം ചേര്‍ന്നാണു പുതിയ സഹകരണനയത്തിന്റെ അന്തിമ കരട് തയാറാക്കിയിരിക്കുന്നത്. 2022 സെപ്റ്റംബര്‍ രണ്ടിനു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സഹകരണനയരൂപവത്കരണസമിതി ഇതിനകം 17 കൂടിയാലോചനായോഗങ്ങള്‍ നടത്തിക്കഴിഞ്ഞു. ‘  സഹകരണത്തിലൂടെ സമൃദ്ധി ‘  എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനനുസൃതമായി സഹകരണസംഘങ്ങളെ ഊര്‍ജസ്വലമായ സാമ്പത്തികകേന്ദ്രമാക്കി മാറ്റുകയും സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നവീകരിക്കുകയും സഹകരണോല്‍പ്പന്നങ്ങളുടെ കയറ്റുമതിസാധ്യത കണ്ടെത്തുകയും ഉത്തേജന ആനുകൂല്യങ്ങളും വേണ്ടത്ര മൂലധനവും നല്‍കി വിശേഷാല്‍ സാമ്പത്തികമേഖലയാക്കി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണു പുതിയ നയത്തിലുള്ളത്.

ദേശീയ കമ്പനി ലോ ട്രിബ്യൂണലിന്റെ മാതൃകയില്‍ ഒരു ദേശീയ സഹകരണ ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ പുതിയ ദേശീയ സഹകരണനയം ശിപാര്‍ശ ചെയ്യാനിടയുണ്ട്. അതുപോലെ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ( MSME  ) തുപോലുള്ള ഒരു ദേശീയസമിതി സഹകരണമേഖലയ്ക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരു ദേശീയ സഹകരണ ബാങ്കിനുള്ള ശിപാര്‍ശയും പുതിയ സഹകരണനയത്തിലുണ്ടാകാനിടയുണ്ട്.

ഇപ്പോള്‍ രാജ്യത്തു എട്ടര ലക്ഷത്തിലധികം സഹകരണസംഘങ്ങളുണ്ടെന്നാണു കണക്ക്. ഇവയിലെല്ലാംകൂടി 29 കോടിയാളുകള്‍ അംഗങ്ങളാണ്. സഹകരണമേഖലയുടെ ശാക്തീകരണത്തിനായി 2021 ജൂലായ് മുതല്‍ 54 സുപ്രധാന സംരംഭങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളെ ആധുനികീകരിക്കുന്നതിന്റെയും അവയെ വിവിധോദ്ദേശ്യസംഘങ്ങളാക്കിമാറ്റുന്നതിന്റെയും ഭാഗമായി ഒരു മാതൃകാ നിയമാവലി കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. സഹകരണസംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കും വിത്തുകള്‍ക്കും ജൈവക്കൃഷിക്കുമായി ദേശീയതലത്തില്‍ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു കേന്ദ്രം രൂപം കൊടുത്തുകഴിഞ്ഞു. സഹകരണമേഖലയ്ക്കായി ഒരു ദേശീയ സര്‍വകലാശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇത് ഈ വര്‍ഷമാദ്യം നിലവില്‍ വരാനാണു സാധ്യത. സഹകരണമേഖലയില്‍ ലോകത്തെ വന്‍ ഭക്ഷ്യസംഭരണ പദ്ധതിയ്ക്കും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രാരംഭ പ്രോജക്ടുകള്‍ 24 സംസ്ഥാനങ്ങളിലെ 24 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളിലായി തുടക്കം കുറിച്ചിട്ടുണ്ട്. പ്രോജക്ടിന്റെ രണ്ടാംഘട്ടത്തില്‍ 27 സംസ്ഥാനങ്ങളിലെ 1779 പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ പങ്കാളികളാകും- കേന്ദ്ര സഹകരണമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!