സംസ്ഥാനത്ത് ജനകീയ ദുരന്ത പ്രതിരോധസേന വരുന്നു.

adminmoonam

അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും.

പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.

കേരളത്തിലെ 124 ഫയര്‍ ആന്‍റ് റെസ്ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. ഒരു ഗ്രൂപ്പില്‍ 50 വോളണ്ടിയര്‍മാരെന്ന നിലയ്ക്ക് 124 ഗ്രൂപ്പുകളിലായി 6200 പേരെയാണു ആദ്യഘട്ടമായി നിശ്ചയിക്കുന്നത്. സാധ്യമായ സ്ഥലങ്ങളിലെ യൂണിറ്റുകളില്‍ 30% (ഒരു യൂണിറ്റില്‍ പതിനഞ്ചു പേര്‍) സ്ത്രീകളായിരിക്കണം. 20% വോളണ്ടിയര്‍മാരെങ്കിലും (ഒരു യൂണിറ്റില്‍ അഞ്ചു പേരെങ്കിലും) ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ മേഖലയിലുള്ളവര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ വിദഗ്ദ്ധതൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുമാകണം. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്‍റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!