പേരില്‍ കോവിഡ് പോരാളികള്‍; വാക്സിന്‍ ലഭിക്കാതെ സഹകരണ ജീവനക്കാര്‍

Deepthi Vipin lal

നാട് അടച്ചിടുമ്പോഴും നിയന്ത്രണം പാലിച്ച് തുറന്നിരിക്കേണ്ടവയാണ് ബാങ്കുകള്‍. കേരളത്തിലാണെങ്കില്‍ സഹകരണ ബാങ്കുകളും ഒരുവിഭാഗം സഹകരണ സംഘങ്ങളും അടച്ചിടാനെ കഴിയാത്തവിധം ജനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്. പെന്‍ഷന്‍, ഭക്ഷ്യകിറ്റ് എന്നിവയുടെ വിതരണത്തിലും സംഭരണത്തിലുമെല്ലാം സഹകരണ സ്ഥാപനങ്ങളുടെ പങ്ക് ഏറെയാണ്. പേരില്‍ സഹകരണ – ബാങ്കിങ് മേഖലയിലുള്ളവരെല്ലാം കോവിഡ് പോരാളികളാണ്. പക്ഷേ, വാക്സിന്‍ വിതരണത്തിന് മാത്രം ഈ പരിഗണനയില്ല.

സഹകരണ മേഖലയിലെ ജീവനക്കാരുടെ എല്ലാസംഘടനകളും വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന വിഭാഗക്കാരായി ഇവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബശ്രീക്കുള്ള വായ്പ വിതരണം, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍, സാമൂഹ്യക്ഷേമ പെന്‍ഷന്‍, മറ്റ് ഇടപാടുകള്‍ എന്നിവയെല്ലാം കാരണം സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ കൂടുതലായി ജനങ്ങളോട് ഇടപഴകേണ്ടിവരുന്നുണ്ടെന്ന് എംപ്ലോയീസ് യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം മറ്റ് സംഘടനകളും നേരത്തെ ഉന്നയിച്ചതാണ്. ഇതൊന്നും സര്‍ക്കാരില്‍നിന്ന് അനുകൂല നടപടിയുണ്ടാകാന്‍ കാരണമായിട്ടില്ല.

രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാര്‍ക്കും കോവിഡ് വാക്സിന്‍ കുത്തിവെയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം, വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ എന്നിവയോട് കേന്ദ്ര ധനകാര്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നതാണ്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍, എച്ച്.ഡി.എഫ്.സി.ബാങ്ക്, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ ആവശ്യം പരിഗണിച്ചായിരുന്നു ഇത്. ബാങ്ക് ജീവനക്കാര്‍ കോവിഡ് ബാധിതരായി മരിച്ച സംഭവങ്ങള്‍ കേന്ദ്രധനവകുപ്പ് ആരോഗ്യമന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും അറിയിച്ചിട്ടും ഫലമുണ്ടായില്ല.

സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ജീവനക്കാര്‍ക്കെല്ലാം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്‍പായി കോവിഡ് വാക്സിനേഷന്‍ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തീകരിച്ചിരുന്നു. അപ്പോഴും ബാങ്ക് ജീവനക്കാരെ പരിഗണിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ബാങ്കുകള്‍ മുഖേനയാണ് നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് കാല സഹായമടക്കം സഹകരണ ബാങ്കുകളെ ആശ്രയിച്ചാണ് നടത്തുന്നത്. ഡിജിറ്റല്‍ ബാങ്കിങ് പരമാവധി പ്രോത്സാഹിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും ഇന്ത്യന്‍ ഗ്രാമീണ സാഹചര്യത്തില്‍ അത്ര ഫലപ്രദമായില്ല. കോവിഡ് കാലത്തും ബാങ്കിനെ നേരിട്ടാശ്രയിക്കുന്ന ഉപഭോക്താക്കളാണ് കൂടുതലും. വര്‍ക്ക് ഫ്രം ഹോം സൗകര്യവും ബാങ്കിങ് മേഖലയില്‍ കാര്യമായിട്ട് നടപ്പായിട്ടില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി 229-ാം റിപ്പോര്‍ട്ടില്‍ ബാങ്ക് ജീവനക്കാരെ കോവിഡ് പോരാളികള്‍ എന്ന ഗണത്തിലുള്‍പ്പെടുത്തിയിരുന്നു. ലോക്ഡൗണ്‍ കാലയളവിലും മികച്ച സേവനം നല്‍കി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ തകര്‍ച്ചകൂടാതെ നിലനിര്‍ത്തി. കോവിഡ് വ്യാപനമേഖലയിലെല്ലാം ബാങ്ക് പ്രവര്‍ത്തനം തടസ്സമില്ലാതെ നടന്നു എന്നതുകൂടി പരിഗണിച്ചാണ് കോവിഡ് പോരാളികള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കോവിഡ് പ്രതിരോധത്തിലും സര്‍ക്കാരിനുള്ള സാമ്പത്തിക പിന്തുണയിലും കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഇടപെടലിനെ മുഖ്യമന്ത്രി പലവട്ടം ശ്ലാഘിച്ചിട്ടുണ്ട്. പക്ഷേ, തൊട്ടടുത്തുള്ളവര്‍ മരണത്തിന് കീഴടങ്ങുമ്പോള്‍ ആധിയും ആശങ്കയും നിറയുന്ന സഹകരണ ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!