ജീവിത സമ്പാദ്യം അക്കൗണ്ടില്‍ നിന്ന് ഊറ്റിയെടുക്കുന്ന സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍

moonamvazhi
  • അജ്ഞാതകോളുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക
  • തിരിച്ചുവിളിക്കാമെന്നു പറഞ്ഞ് ഉടനെ ബാങ്കുമായി ബന്ധപ്പെടുക 

സൈബറാക്രമണത്തിനിരയായ മുന്‍ ബാങ്കുദ്യോഗസ്ഥയായ വയോധികക്ക് ഒരു കോടി രൂപ നഷ്ടപ്പെട്ടു. അന്തമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെ സ്‌കൂള്‍ലൈനില്‍ താമസിക്കുന്ന വനിതയ്ക്കാണു ജീവിതസമ്പാദ്യം നഷ്ടപ്പെട്ടത്. വിവിധ നിയന്ത്രണഏജന്‍സികളുടെയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെയും ഉദ്യോഗസ്ഥരാണ് എന്ന വ്യാജേന ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരെ സൈബര്‍അക്രമികള്‍ വലയില്‍ വീഴ്ത്തിയതെന്നു നിക്കോബാര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2024 മാര്‍ച്ച് ഏഴിനാണു കെണിയില്‍ വീഴ്ത്തിയ പരമ്പരകളുടെ തുടക്കം. ടെലികോം നിയന്ത്രണ അതോറിറ്റി ( ട്രായ് ) യുടെ പ്രതിനിധിയാണ് എന്നു പറഞ്ഞാണു ആദ്യത്തെ വിളി വന്നത്. നിയമവിരുദ്ധ പരസ്യങ്ങളും ദ്രോഹിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും വനിതയുടെ മൊബൈലില്‍നിന്നു പുറത്തുവരുന്നതായാണ് അയാള്‍ പറഞ്ഞത്. ഇതിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മൊബൈല്‍ബന്ധം വിച്ഛേദിക്കുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. വിളിയുടെ ആധികാരികതയെക്കുറിച്ചു വനിത ചോദ്യം ചെയ്തപ്പോള്‍ അയാള്‍ കോള്‍ കട്ട് ചെയ്തു. സൈബര്‍ടീം പക്ഷേ, പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. അന്നുതന്നെ വൈകിട്ട് വേറൊരു കോള്‍ വന്നു. വേറൊരു നമ്പറില്‍നിന്നായിരുന്നു ഈ കോള്‍. മുംബൈയിലെ അഴിമതിവിരുദ്ധ ബ്യൂറോവില്‍നിന്നു വിളിക്കുന്നു എന്നാണയാള്‍ പറഞ്ഞത്. വനിതയുടെ മുംബൈയിലെ ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിച്ചതായി അയാള്‍ ആരോപിച്ചു. തന്റെ നിരപരാധിത്വം ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിട്ടും ബാങ്കുദ്യോഗസ്ഥയെ ചെവിക്കൊള്ളാന്‍ സൈബര്‍ ക്രിമിനല്‍ ഒരുക്കമായിരുന്നില്ല. മാത്രമല്ല, കൂടുതല്‍ക്കൂടുതല്‍ ആരോപണങ്ങള്‍ അയാള്‍ ഉന്നയിക്കുകയും ചെയ്തു. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ഒരു മുന്‍ വിമാനക്കമ്പനിയുടമയുടെ പേരും അയാള്‍ സൂചിപ്പിച്ചു. ആകെ പരിഭ്രാന്തിയിലായ വനിത തന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നു ഭയന്നു.

പിറ്റേന്നും ഫോണിലൂടെയുള്ള മാനസികപീഡനം സൈബര്‍കുറ്റവാളികള്‍ തുടര്‍ന്നു. തലേദിവസം വിളിച്ച നമ്പറില്‍നിന്നുതന്നെയാണ് എട്ടാം തീയതിയിലെ കോളും വന്നത്. തനിക്കിപ്പോള്‍ സംസാരിക്കാന്‍ പ്രയാസമാണെന്നു വനിത പറഞ്ഞപ്പോള്‍ മറുഭാഗത്തുനിന്നു ഭീഷണിയുടെ സ്വരമുയര്‍ന്നു. രണ്ടു മണിക്കൂറിനുള്ളില്‍ മറ്റൊരു കോള്‍ വരുമെന്നു പറഞ്ഞ് അയാള്‍ ഫോണ്‍വെച്ചു. പിന്നീട് ഫോണിലും സ്‌കൈപ്പിലും വിളികള്‍ തുടര്‍ന്നു. ഭീഷണികള്‍ അവസാനിക്കാതായപ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയ്ക്ക് 20 ലക്ഷം രൂപ ആര്‍.ടി.ജി.എസ്. വഴി വനിത ഒരു അക്കൗണ്ടിലേക്കയച്ചു. മാര്‍ച്ച് പതിനൊന്നിനു 60 ലക്ഷം രൂപയും പതിമൂന്നിനു 20 ലക്ഷം രൂപയും മറ്റുചില അക്കൗണ്ടുകളിലേക്കും നിസ്സഹായയായ ആ വനിതയ്ക്കു അയക്കേണ്ടിവന്നു. അങ്ങനെ, മൊത്തം ഒരു കോടി രൂപ അവര്‍ക്കു നഷ്ടമായി.

ചാനല്‍ അവതാരകന് പോയത് സസമ്പാദ്യത്തിന്റെ പാതി

ഭീഷണികള്‍ക്കു വഴങ്ങിയതിന്റെ പേരില്‍ ബാങ്കുദ്യോഗസ്ഥയെ കുറ്റപ്പെടുത്താന്‍ വരട്ടെ. വിദേശത്തെ പ്രശസ്തനായ ഒരു ചാനല്‍ അവതാരകന്റെ കഥ കേട്ടാല്‍ ഇതു വളരെ നിസ്സാരമായ തുകയാണ്. ടി.വി. ചാനലുകളിലും റേഡിയോവിലും അവതാരകനായി പേരെടുത്ത, ബ്രിട്ടീഷുകാരനായ പീറ്റര്‍ ലെവി എന്ന അറുപത്തിയെട്ടുകാരന്റെ ജീവിതസമ്പാദ്യത്തിന്റെ പകുതിയാണു സൈബര്‍ക്രിമിനലുകള്‍ തട്ടിയെടുത്തത്. പക്ഷേ, തട്ടിപ്പുകാര്‍ക്ക് അത് അനുഭവിക്കാന്‍ യോഗമുണ്ടായില്ല. തട്ടിയെടുത്ത പണം സൈബര്‍പോലീസ് പിന്നീട് അദ്ദേഹത്തിനു തിരിച്ചുപിടിച്ചുകൊടുത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണു സംഭവം. തനിക്ക് അക്കൗണ്ടുള്ള ബാങ്കില്‍നിന്നാണ് എന്ന മട്ടിലാണു ലെവിക്ക് ഒരു ദിവസം ഫോണ്‍വിളി വന്നത്. താങ്കളുടെ അക്കൗണ്ടില്‍ സംശയകരമായ എന്തോ കാര്യങ്ങള്‍ നടക്കുന്നു എന്നാണു വിളിച്ചയാള്‍ പറഞ്ഞത്. ചില സെക്യൂരിറ്റി പരിശോധനയ്ക്കായി ലെവിയുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ അയാളാവശ്യപ്പെട്ടു. മറുത്തൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ പീറ്റര്‍ ലെവി അതനുസരിച്ചു. അതോടെ, സമ്പാദ്യത്തിന്റെ പകുതിയും സൈബര്‍ ക്രിമിനലുകള്‍ ചോര്‍ത്തിയെടുത്തു.

സംഭവത്തെക്കുറിച്ച് പീറ്റര്‍ ലെവി ബി.ബി.സി. റേഡിയോവില്‍ പിന്നീട് വിശദീകരിച്ചത് ഇങ്ങനെയാണ്: ‘ ഫെബ്രുവരിയിലെ ഒരു വൈകുന്നേരം തനിക്ക് ഒരു ഫോണ്‍ വരുന്നു. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ താങ്കള്‍ 500 പൗണ്ട് ചെലവാക്കിയോ എന്നായിരുന്നു വിളിച്ചയാളുടെ ചോദ്യം. ഇല്ലെന്നു മറുപടി നല്‍കി. ആ സമയത്ത് താന്‍ ജോലിത്തിരക്കിലായിരുന്നു. താങ്കളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യൂ എന്നു വിളിച്ചയാള്‍ നിര്‍ദേശിച്ചു. താന്‍ അതനുസരിച്ചു. സൈബര്‍തട്ടിപ്പ് തടയുന്ന വിഭാഗത്തില്‍നിന്നോ ബാങ്കില്‍നിന്നോ അല്ല ആ വിളി വന്നത് എന്നു താന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യം കൈവിട്ടുപോയിരുന്നു.’

സൈബര്‍ തട്ടിപ്പിനെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നു തന്റെ പ്രേക്ഷകരോടും ശ്രോതാക്കളോടും നിരന്തരം പറയാറുള്ളയാളാണു ലെവി. അങ്ങനെയുള്ള താന്‍തന്നെ തട്ടിപ്പിനിരയായപ്പോള്‍ വല്ലാത്ത ലജ്ജ തോന്നി എന്നാണു ലെവി പറഞ്ഞത്. തനിക്കെങ്ങനെ ഇത്ര മണ്ടനാകാന്‍ കഴിഞ്ഞു? – അദ്ദേഹം സ്വയം ചോദിച്ചു. രണ്ടു രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തട്ടിപ്പു നടത്തുന്ന ക്രിമിനലുകള്‍ ഒന്നാംതരം അഭിനേതാക്കളാണെന്നു സ്വന്തം അനുഭവംവെച്ച് ലെവി പറയുന്നു. ഇതു തടയാന്‍ ഒറ്റ വഴിയേ ഉള്ളുവെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. പരിചിതമല്ലാത്ത നമ്പറില്‍നിന്നു ഇങ്ങനെ വിളിക്കുന്നവരെ ഒരിക്കലും വിശ്വസിക്കരുത്. ഞാന്‍ താങ്കളെ തിരിച്ചുവിളിക്കാം എന്നു പറഞ്ഞു ഫോണ്‍ വെക്കുക. തിരിച്ചുവിളിക്കാം എന്നു പറഞ്ഞാല്‍ ആര്‍ക്കും മുഷിച്ചില്‍ തോന്നില്ല. എന്നിട്ട് ഉടനെ ബാങ്കില്‍ വിളിച്ച് സത്യാവസ്ഥ ബോധ്യപ്പെടുക- പീറ്റര്‍ ലെവി ഉപദേശിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!