നഷ്ടത്തിലാകുന്ന സംഘങ്ങള്‍ക്കു കരുതല്‍ധനവ്യവസ്ഥയില്‍ ഇളവ്

moonamvazhi

നഷ്ടത്തിലാകാനിടയുള്ള സഹകരണസംഘങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും റിസര്‍വ്തുക വകയിരുത്തുന്നതില്‍ ഇളവ് അനുവദിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റില്‍ വായ്പാകുടിശ്ശികയ്ക്കും വായ്പയിലുള്ള പലിശക്കുടിശ്ശികയ്ക്കും 40/2007 സര്‍ക്കുലര്‍ പ്രകാരം നിര്‍ദേശിക്കപ്പെട്ട കരുതല്‍ തുക വകയിരുത്തുന്നതുകൊണ്ടുമാത്രം ആ വര്‍ഷം നഷ്ടംവരുന്ന സംഘങ്ങള്‍ക്കാണ് ഇതു ബാധകം. ഇതുപ്രകാരം, ആള്‍ജാമ്യത്തില്‍ നല്‍കിയ വായ്പകളില്‍ ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷംവരെ കുടിശ്ശികയായവയ്ക്കു 10ശതമാനത്തിനുപകരം 7.5ശതമാനം കരുതല്‍ വച്ചാല്‍ മതി. വസ്തുജാമ്യത്തില്‍ നല്‍കി മൂന്നുമുതല്‍ ആറുവരെവര്‍ഷം കുടിശ്ശികയായ വായ്പകള്‍ക്ക് 50ശതമാനത്തിനുപകരം 30ശതമാനം കരുതല്‍ വച്ചാല്‍ മതിയാകും. ആള്‍ജാമ്യത്തില്‍ നല്‍കി മൂന്നുമുതല്‍ ആറുവരെവര്‍ഷം കുടിശ്ശികയായ വായ്പകള്‍ക്കു നിഷ്‌കര്‍ഷിച്ച 100ശതമാനം കരുതല്‍ 80ശതമാനമാക്കി കുറച്ചു. സഹകാരികളുടെയും ജീവനക്കാരുടെ സംഘടനകളുടെയും ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണിത്.
കുടിശ്ശികപ്പലിശയ്ക്കു 100ശതമാനം കരുതല്‍ വയ്ക്കണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും 2023-24ലെ അവസാന മൂന്നുമാസത്തെ കുടിശ്ശികപ്പലിശയെ കരുതല്‍ വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.2023-24ലെ ഓഡിറ്റ് പ്രകാരം ലാഭത്തിലുള്ളസംഘങ്ങളും ബാങ്കുകളും മുന്‍നിര്‍ദേശപ്രകാരംതന്നെ കരുതല്‍ വയ്ക്കണം.

സര്‍ക്കാര്‍ ഉത്തവുപ്രകാരം രൂപവത്കരിച്ച കണ്‍സോര്‍ഷ്യത്തിലേക്കു സംഘങ്ങള്‍ നല്‍കുന്ന തുകയ്ക്കും, കടാശ്വാസകമ്മീഷനുകളുടെ തീരുമാനപ്രകാരം സര്‍ക്കാരില്‍നിന്നു കിട്ടേണ്ട തുകയ്ക്കും, സംഘം ഇളവുചെയ്യാന്‍ നിര്‍ദേശിച്ചിട്ടുള്ള തുകയ്ക്കും, ഉത്തേജനപ്പലിശയിളവുപദ്ധതിയില്‍ പലിശയിളവിനു ജോയിന്റ് രജിസ്ട്രാര്‍മാര്‍ (ജനറല്‍) ശുപാര്‍ശ ചെയ്ത ക്ലെയിംതുകയ്ക്കും കരുതല്‍ വയ്‌ക്കേണ്ടതില്ല.
സംസ്ഥാനസഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ളതും ബാങ്കിങ് റെഗുലേഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്തതുമായ എല്ലാ സഹകരണസംഘവും എല്ലാത്തരം വായ്പകളുടെ കാര്യത്തിലും പുതിയ വ്യവസ്ഥകള്‍ പ്രകാരംവേണം 2023-2024ലെ ഓഡിറ്റ് പൂര്‍ത്തിയാക്കേണ്ടതെന്ന് സഹകരണസംഘം രജിസ്ട്രാര്‍ വ്യക്തമാക്കി. ഇവ പാലിച്ചിട്ടുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുകയും വേണം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!