ചുട്ടുപൊള്ളുന്ന ചൂടില്‍ സംസ്ഥാനത്ത് കാലികളും പക്ഷികളും കൂട്ടമരണത്തിലേക്ക് നീങ്ങുന്നു

moonamvazhi

സംസ്ഥാനത്ത് ചൂടുകൂടിയതോടെ അതിഭീതിതമായ സ്ഥിതിയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ കുംഭം മീനം, മേടം മാസങ്ങളിലായി 497 കറവപ്പശുക്കള്‍ സൂര്യഘാതത്താല്‍ മരിച്ചത്. കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത അനുഭവമാണിത്. അതില്‍ 105 ഓളം പശുക്കള്‍ കൊല്ലം ജില്ലയിലാണ്. സംസ്ഥാനത്ത് 44 പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമമുണ്ട്. വെള്ളം കിട്ടാത്തതിനാല്‍ കാലികളെ കൂട്ടത്തോടെ വിറ്റൊഴിവാക്കുന്ന സ്ഥിതിയാണ് വയനാട്ടിലുള്ളത്.

കടുത്ത വേനലില്‍ പശുക്കള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഏറെയാണെന്നും അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ 11 നും ഉച്ചയ്ക്ക് 3 നും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ഉരുക്കളെ മേയാന്‍ വിടരുത്. ആ സമയത്ത് പശുക്കളെ പാടത്ത് കെട്ടിയിടാതിരിക്കാനും കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളില്‍ നിന്ന് പുറത്തിറക്കി മരത്തണലില്‍ കെട്ടാന്‍ ശ്രദ്ധിക്കണം. തൊഴുത്തില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നല്ലതാണ്. തെങ്ങോല , ടാര്‍പോളിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്ക്കും. സ്പ്രിംഗ്ലര്‍, ഷവര്‍ എന്നിവ ഉപയോഗിച്ച് അരമണിക്കൂര്‍ കൂടുമ്പോള്‍പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വാഹനത്തില്‍ കയറ്റിയുള്ള ദീര്‍ഘദൂര യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.

നിര്‍ജലീകരണം തടയാനും പാല്‍ കറവ നഷ്ടം കുറയ്ക്കുവാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാന്‍ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. വേനലില്‍ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാല്‍ ഏറ്റവും നിലവാരം ഉള്ള തീറ്റ തന്നെ നല്‍കണം. ധാതു ലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ക്കണം

വളര്‍ത്തു കോഴികളില്‍ ബ്രോയ്‌ലര്‍ കോഴികളെയാണ് ചുട് ഏറ്റവും കൂടുതല്‍ബാധിക്കുക. ചൂട് കുറഞ്ഞ സമയങ്ങളില്‍ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര തണുപ്പിക്കണം . മേല്‍ക്കൂരയ്ക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിചെടികള്‍ പടര്‍ത്തുന്നതും ചൂട് കുറയാന്‍ സഹായിക്കും മേല്‍ക്കൂര കഴിയുമെങ്കില്‍ വെള്ളപൂശണം .ഐസിട്ട വെള്ളം കുടിക്കാന്‍ നല്കണം. എക്‌സോസ്റ്റ് ഫാനുകള്‍ കൂട്ടില്‍ ഘടിപ്പിക്കണം

വിയര്‍പ്പുഗ്രന്ഥികള്‍ നന്നേ കുറവായതുകൊണ്ട് വിയര്‍ത്തൊന്നു ശരീരം തണുപ്പിക്കാന്‍ കഴിയാത്തവരാണ് നായകളും പൂച്ചകളും. വളര്‍ത്തു നായ്ക്കള്‍ക്കും അലങ്കാര പൂച്ചകള്‍ക്കും മുമ്പില്‍ തണുത്ത കുടിവെള്ളം എപ്പോഴും വേണം. നായ് കൂടുകള്‍ക്കു മുകളില്‍ തണല്‍ വലകള്‍ അല്പമുയരത്തില്‍ വിരിക്കാം. ചൂടുകൂടിയ സമയങ്ങളില്‍ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നല്‍കുന്ന തീറ്റ പലതവണകളായി മാറ്റാം . ആഹാരത്തില്‍ തൈരോ, ജീവകം സി യോ നല്കണം. നായ്ക്കളുടെ കൂട്ടില്‍ ഒരു ഫാന്‍ നിര്‍ബന്ധമാണ് ദിവസവും ദേഹം ബ്രഷ് ചെയ്യാന്‍ മറക്കരുത്. അധികം ശരീരഭാരമുള്ള ഇനങ്ങള്‍ക്കാണ് സൂര്യാഘാത സാധ്യതയേറുന്നത്. ചൂടുള്ള പകലില്‍ നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തു പോകരുത്. സൂര്യാഘാതമേറ്റാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ മുക്കിയ ടവല്‍ മേനിയില്‍ പുതപ്പിക്കണം .

‘ഇപ്പോഴത്തെ പ്രതിസന്ധികള്‍ നേരിടാന്‍ സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവന്‍ രക്ഷാ മരുന്നുകളും ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിര്‍ദേശം അനുസരിച്ച് മൃഗസംരക്ഷണ മേഖലയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ എന്ന രൂപത്തില്‍ തയ്യാറാക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നുണ്ട്. മൃഗാശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന മൃഗങ്ങള്‍ക്കും ഉടമകള്‍ക്കും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന മൃഗങ്ങളിലു കോഴികളിലും ഉഷ്ണസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താപനില നിശ്ചിത പരിധിക്ക് മുകളില്‍ ഉയരുന്ന ഘട്ടങ്ങളില്‍ എസ്എംഎസ് വഴിയുള്ള മുന്നറിയിപ്പ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയിട്ടുണ്ട് ഇതുപ്രകാരം സംസ്ഥാനത്തെ 5 ലക്ഷത്തില്‍ പരം കര്‍ഷക ഭവനങ്ങളുടെ ലൊക്കേഷനുകള്‍ വകുപ്പ് മാപ്പ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.