ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റെടുത്ത്‌ സഹകരണ ബാങ്ക്

moonamvazhi

തലയെടുപ്പുള്ളൊരു സ്‌കൂള്‍ ഏറ്റെടുത്താണ് ചിറക്കല്‍ സഹകരണ ബാങ്ക് അക്ഷരവഴിയിലേക്കിറങ്ങിയത്. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ സ്ഥാപനം. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട് ചിറക്കലിനെ സമ്പൂര്‍ണ നിക്ഷേപ സൗഹൃദ പഞ്ചായത്താക്കാനുള്ള വിപുലമായ കര്‍മപരിപാടികളിലാണ് ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്. ചരിത്രത്തില്‍ ചിറക്കലിനെ അടയാളപ്പെടുത്തിയ വിദ്യാലയത്തെ കാലത്തിനൊത്ത മാറ്റത്തിലേക്ക് ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ചിറക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ബാങ്കില്‍ സേവിങ്‌സ് അക്കൗണ്ട് തുടങ്ങിയാണ് നിക്ഷേപസമാഹരണം. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കല്‍ രാജാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാജാസ് യുപി സ്‌കൂള്‍ എന്നിവയുടെ നവീകരണം നടത്തുക.

1916 ല്‍ ചിറക്കല്‍ മഹാരാജാവായിരുന്ന ആയില്യം തിരുനാള്‍ രാമവര്‍മ്മ വലിയരാജയാണ് രാജാസ് സ്‌കൂള്‍ സ്ഥാപിച്ചത്. ചിറക്കല്‍ രാജവംശത്തിന്റെ അധീനതയിലായിരുന്ന സ്‌കൂള്‍ 2016 ലാണ് ബാങ്ക് ഏറ്റെടുത്തത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിക്കായി പഞ്ചായത്തുതലത്തിലും മുഴുവന്‍ വാര്‍ഡുകളിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. പൊതുപ്രവര്‍ത്തകര്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ നിക്ഷേപസമാഹരണം നടത്തിവരികയാണ്. തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ വിദ്യാലയത്തിന്റെ നവീകരണം നാടിന്റെ പൊതു ആവശ്യമായി ഏറ്റെടുത്ത് പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും നിക്ഷേപസമാഹരണം വിജയിപ്പിക്കാന്‍ രംഗത്തുണ്ട്.

നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഭാവിയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ബാങ്ക് പ്രസിഡന്റ് പി. പ്രശാന്തന്‍ പറഞ്ഞു. ചിറക്കല്‍ പഞ്ചായത്തിലെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി സംരംഭങ്ങള്‍ ബാങ്ക് മുന്‍കൈയെടുത്ത് നടത്തുന്നുണ്ട്. ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നീതി മെഡിക്കല്‍ സ്റ്റോറും ഫിസിയോതെറാപ്പി സെന്ററും പുതിയതെരു ഹൈവെയില്‍ വളം ഡിപ്പോയുമുണ്ട്. ആറാംകോട്ടം നരിക്കുണ്ട് വയലില്‍ നെല്‍കൃഷിയിറക്കി ‘ചിറക്കലരി’ എന്ന പേരില്‍ അരി വിപണിയിലെത്തിച്ചിരുന്നു.

 

Leave a Reply

Your email address will not be published.

Latest News