സഹകരണ മേഖലയ്‌ക്കെതിരായ ദുഷ്പ്രചരണം തടയണം – മുഖ്യമന്ത്രി

Deepthi Vipin lal

സഹകരണ മേഖലയ്ക്ക് എതിരായുള്ള ദുരുദ്ദേശപരമായ പ്രചാരണങ്ങള്‍ സഹകാരികള്‍ തടയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സഹകരണ എക്സ്പോ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ഒപ്പം നിന്ന സഹകരണ മേഖല എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് മുന്നോട്ട് പോയത്. ഇത് കൂടുതല്‍ കരുത്തായി. ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സഹകരണ മേഖലയുടെ സാന്നിധ്യം കാണാം. എല്ലാ മേഖലകളിലേയ്ക്കും സഹകരണ മേഖല കടന്നു ചെന്നിരിക്കുന്നു. ആഗോളീകരണ നയങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയതോടെയാണു സഹകരണ മേഖലയ്ക്കു മുമ്പുണ്ടായിരുന്ന പ്രാമുഖ്യം കിട്ടാതെ പോയത്. എന്നാല്‍, കേരളത്തില്‍ എല്ലാ സര്‍ക്കാരുകളും സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന നിലപാടാണു കൈക്കൊണ്ടത്. ആ പിന്തുണ കൂടിയുള്ളതുകൊണ്ടാണ് എതിര്‍നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ സഹകരണ മേഖലയ്ക്കു കഴിഞ്ഞത്- മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. എക്സ്പോ സ്റ്റാള്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരെ പൊന്നാടയണിയിച്ച് ആദരിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.എല്‍.എ.മാരായ ടി.ജെ. വിനോദ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.ജെ. മാക്സി, പി.വി. ശ്രീനിജന്‍, PACS അസോസിയേഷന്‍ പ്രസിഡന്റു കൂടിയായ എം.എല്‍.എ. വി. ജോയ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ഡയരക്ടര്‍ എം.എസ്. ഷെറിന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ അദീല അബ്ദുള്ള നന്ദിയും പറഞ്ഞു.

ഏപ്രില്‍ 18 നാരംഭിച്ച സഹകരണ എക്‌സ്‌പോ 25 നവസാനിക്കും.

Leave a Reply

Your email address will not be published.

Latest News