ഗുജറാത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് അമുലിന്റെ ഇലക്ഷന്‍ ഓഫര്‍

moonamvazhi

ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ഒരു ശുഭവാര്‍ത്ത. വോട്ടു ചെയ്താല്‍ അവര്‍ക്കു കിട്ടാന്‍പോകുന്നതു നോട്ടുകളാണ്. വോട്ടു ചെയ്തവര്‍ പാലളക്കാനെത്തിയാല്‍ ഒരു ലിറ്ററിന് ഒരു രൂപവെച്ച് ഇന്‍സെന്റീവ് കിട്ടും. കനത്ത പോളിങ് പ്രോത്സാഹിപ്പിക്കാനായി ഗുജറാത്ത് സഹകരണ മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനും ( ജി.സി.എം.എം.എഫ് ) അമുലുമാണു ഈ നൂതനപരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.

മെയ് ഏഴിനാണു ഗുജറാത്തിലെ 26 ലോക്‌സഭാസീറ്റുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നത്. പോളിങ്ദിവസം വോട്ടു ചെയ്തു പാലളക്കാന്‍ വരുന്ന ക്ഷീരകര്‍ഷകര്‍ കൈയിലെ മഷിയടയാളം കാണിച്ചാല്‍ അമുലിന്റെ ഇന്‍സെന്റീവ് ഉറപ്പ്. അളക്കുന്ന ഓരോ ലിറ്ററിനും ഒരു രൂപ കൂടുതല്‍ കിട്ടും. അംറേലിയില്‍ സംഘടിപ്പിച്ച സഹകാരിസമ്മേളനത്തിനുശേഷമാണു ജി.സി.എം.എം.എഫ്. ‘ വോട്ടിനു നോട്ട് ‘  സമ്മാനം പ്രഖ്യാപിച്ചത്. ജി.സി.എം.എം.എഫുമായി ബന്ധപ്പെട്ട എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 36 ലക്ഷം ക്ഷീരോല്‍പ്പാദകരാണു ജി.സി.എം.എം.എഫിനു കീഴിലുള്ളത്.

ഗ്രാമീണമേഖലയില്‍ കനത്ത പോളിങ് പ്രോത്സാഹിപ്പിക്കാന്‍ ഗുജറാത്ത് നിയമസഭാസ്പീക്കര്‍ ശങ്കര്‍ഭായ് ലഗ്ധീര്‍ഭായ് ചൗധരി ഗ്രാമങ്ങള്‍ക്കായി മത്സരം പ്രഖ്യാപിച്ചിരിക്കയാണ്. താരാടിലെ പതിനൊന്നു ഗ്രാമങ്ങള്‍ തമ്മിലാണു വോട്ടിടല്‍മത്സരം. ഏറ്റവും കൂടുതലാളുകള്‍ വോട്ടു ചെയ്യുന്ന ഗ്രാമത്തിനു ഒന്നാംസമ്മാനമായി നല്‍കുന്നത് 25 ലക്ഷം രൂപയാണ്. രണ്ടാംസ്ഥാനക്കാര്‍ക്കു 20 ലക്ഷവും മൂന്നാംസ്ഥാനക്കാര്‍ക്കു 15 ലക്ഷവും കിട്ടും. ഇങ്ങനെ ഏഴു ഗ്രാമങ്ങള്‍ക്കു കാഷവാര്‍ഡുണ്ട്. കിട്ടുന്ന പണം അതതു ഗ്രാമത്തിലെ വികസനപദ്ധതികള്‍ക്കായി വിനിയോഗിക്കും.