പാലിനും പാലുല്‍പന്നങ്ങള്‍ക്കും ഉപഭോക്താവു നല്‍കുന്ന ഓരോ രൂപയിലും 80 പൈസ കര്‍ഷകര്‍ക്ക് നൽകും

moonamvazhi

പ്രമുഖ ക്ഷീര സഹകരണഭീമനായ അമുലും ദേശീയ ക്ഷീര വികസനബോര്‍ഡിന്റെ മദര്‍ ഡെയറിയും പ്രമുഖ ഡെയറി സ്ഥാപനമായ പരാഗ് മില്‍ക്ക് ഫുഡ്ഡും പാല്‍വില വര്‍ധിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പുഫലപ്രഖ്യാപനത്തിന്റെ തലേന്ന്, തിങ്കളാഴ്ച, ആണു വിലവര്‍ധന പ്രഖ്യാപിച്ചതെന്നതു ശ്രദ്ധേയമാണ്. ഞായറാഴ്ചയാണു പൊതുതിരഞ്ഞെടുപ്പു പൂര്‍ത്തിയായത്. വിലവര്‍ധന പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പു കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്നു വ്യക്തം.

പ്രവര്‍ത്തനച്ചെലവും ഉത്പാദനച്ചെലവും കൂടിയതും ഉഷ്ണതരംഗംമൂലമുണ്ടായ ബുദ്ധിമുട്ടുകളും അംഗയൂണിയനുകള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന വിലയില്‍ ആറുമുതല്‍ എട്ടുവരെ ശതമാനം വര്‍ധന വരുത്തിയതുമാണു വിലവര്‍ധനക്കു കാരണമായി അമുല്‍ പറയുന്നത്. തൈര് തുടങ്ങിയ മറ്റു ക്ഷീരോത്പന്നങ്ങളുടെ വിലയും വൈകാതെ കൂട്ടുമെന്നു സൂചനയുണ്ട്. പാലധിഷ്ഠിതഉത്പന്നങ്ങളായ മിത്തായ്, ഐസ്‌ക്രീം തുടങ്ങിയവയുടെ വില വര്‍ധിപ്പിക്കാനിടയില്ല. അമുല്‍ അര ലിറ്റര്‍ പാലിന് ഒരു രൂപയും പാക്ക് ചെയ്ത വിവിധയിനം പാലുകള്‍ക്കു ലിറ്ററിനു രണ്ടു രൂപയുമാണു കൂട്ടിയത്. അമുല്‍ ഗോള്‍ഡിന്റെയും അമുല്‍ താസയുടെയും വില ലിറ്ററിനു രണ്ടു രൂപ കൂടും. അമുല്‍ എരുമപ്പാലിനു ലിറ്ററിനു മൂന്നു രൂപയാണു കൂടുക. മറ്റിനങ്ങള്‍ക്കൊക്കെ ലിറ്ററിന് ഒരു രൂപയും.

ജൂണ്‍ മൂന്നിനു വിലവര്‍ധന പ്രാബല്യത്തില്‍വന്നു. വിലവര്‍ധന മൂലം കുറഞ്ഞ വില്‍പനവിലയില്‍ മൂന്നുമുതല്‍ നാലുവരെ ശതമാനം വര്‍ധനയുണ്ടാകും. 2023 ഫെബ്രുവരിക്കുശേഷം തങ്ങള്‍ പാക്കറ്റ്പാലിനു വില കൂട്ടിയിട്ടില്ലെന്ന് അമുല്‍ ചൂണ്ടിക്കാട്ടി. പാലിനും പാലുല്‍പന്നങ്ങള്‍ക്കും ഉപഭോക്താവു നല്‍കുന്ന ഓരോ രൂപയിലും 80 പൈസ കര്‍ഷകര്‍ക്കുതന്നെ നല്‍കണമെന്നതാണ് അമുലിന്റെ നയം.