സർക്കാരിന്റെ ആയിരം രൂപയുടെ സഹായധനം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം:സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ രീതി അവലംബിക്കണമെന്ന് സഹകാരികൾ.

adminmoonam

സർക്കാരിന്റെ ആയിരം രൂപയുടെ സഹായധനം വിതരണം ചെയ്യുന്നതിൽ ആശയക്കുഴപ്പം.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണ രീതി അവലംബിക്കണമെന്ന് സഹകാരികൾ പറയുന്നു.കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധന സഹായമോ ലഭിക്കാത്ത ബിപിഎൽ കാർഡുടമകൾകാണു ആയിരം രൂപയുടെ സഹായധനം നൽകുന്നത്. സഹകരണ സംഘങ്ങൾ വഴി നാളെമുതൽ വിതരണം ചെയ്യണമെന്നാണ് നിർദ്ദേശം.

സംസ്ഥാനത്തെ14,78,236 കുടുംബങ്ങൾക്കാണ് തുക നൽകുക. സർക്കാരിൽ നിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് അസിസ്റ്റന്റ് രജിസ്ട്രാർമാർ വഴി അതാത് പഞ്ചായത്തുകളിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകിയിരിക്കുകയാണ്. എന്നാൽ ഏതെല്ലാം പ്രദേശത്ത് ഏത് സഹകരണ ബാങ്ക് ഈ തുക വിതരണം ചെയ്യണമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ നിർദ്ദേശിക്കുന്നില്ല. പകരം സഹകരണസംഘങ്ങളോട് നൽകാൻ സാധിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് നൽകാനാണ് അസിസ്റ്റന്റ് രജിസ്ട്രാർമാർ പറഞ്ഞിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു ഗുണഭോക്താവിനുതന്നെ ഒന്നും രണ്ടും സഹകരണസംഘങ്ങൾ തുക വിതരണം ചെയ്യാമെന്ന് പറയുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണം എന്നാണ് സഹകാരികളുടെ ആവശ്യം. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്ത അതേരീതിയിൽ, അതേ വാർഡുകളിൽ ഈ തുകയും വിതരണം ചെയ്യണമെന്ന് അസിസ്റ്റന്റ് രജിസ്റ്റർമാർ നിർദ്ദേശിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് സഹകരണ സംഘം ഭാരവാഹികൾ പറയുന്നു.

നാളെ മുതൽ തുക വിതരണം ചെയ്യുമ്പോൾ ഒരു ഗുണഭോക്താവിന് തന്നെ ഒന്നിൽ കൂടുതൽ തവണ പണം ലഭ്യമായാൽ പിന്നീട് തിരിച്ചു വേടിക്കേണ്ട സ്ഥിതി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ സഹകരണ സംഘം രജിസ്ട്രാറുടെയും ജോയിൻ രജിസ്ട്രാർ മാരുടെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നാണ് സഹകാരികളുടെയും സഹകരണ ജീവനക്കാരുടെയും ആവശ്യം. ഇത് സംബന്ധിച്ച് സഹകരണസംഘം രജിസ്ട്രാർ ഇന്നലെ സർക്കുലർ ഇറട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!