സഹകരണ സംഘങ്ങളിലൂടെ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ തീര്‍ക്കാന്‍ കണ്ണൂര്‍

Deepthi Vipin lal

സഹകരണ പങ്കാളിത്തതോടെ സ്വയം പര്യാപ്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ആദ്യമായി ചുവടുവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അതിന്റെ പ്ലാന്‍ഫണ്ടോ സര്‍ക്കാര്‍ ഗ്രാന്റോ മാത്രം ഉപയോഗിച്ച് വികസന പ്രക്രീയ പൂര്‍ത്തിയാക്കാവില്ലെന്ന തിരിച്ചറിവ് മാത്രമല്ല ഈ ഉദ്യമത്തിന് കാരണം. സഹകരണ സംഘങ്ങള്‍ക്ക് ഒരു പ്രദേശത്തിന്റെ വികസനത്തിന് ഒട്ടേറെ ചെയ്യാനാകുമെന്ന ബോധ്യം കൂടിയാണ്.

സംരംഭകത്വത്തിലൂടെ നാട്ടുവികസനം എന്ന രീതിയിലേക്ക് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മാറണമെന്ന കാഴ്ചപ്പാടാണ് ഇപ്പോഴുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര അപ്പക്‌സ് സഹകരണ സ്ഥാപനങ്ങളുടെയും നബാര്‍ഡ്, എന്‍.സി.ഡി.സി. തുടങ്ങിയ ഏജന്‍സികളുടെയും ധനസഹായ സ്‌കീമുകളെല്ലാം ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്. സൗരോര്‍ജ യൂണിറ്റുകള്‍, മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍, അംഗക്ഷേമ സംരംഭങ്ങള്‍ എന്നിവയ്‌ക്കെല്ലാം കുറഞ്ഞ പലിശയ്ക്കും സബ്‌സിഡിയോടെയും നിരവധി സഹായ പദ്ധതികള്‍ ഈ ഏജന്‍സികള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്നുണ്ട്. സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സഹകരണ സംഘങ്ങള്‍ നല്‍കുന്ന വായ്പയ്ക്ക് പലിശ സബ്‌സിഡി സംസ്ഥാന സര്‍ക്കാരും വാഗ്ധാനം ചെയ്യുന്നുണ്ട്.

ഓരോ പ്രദേശത്തിന്റെയും കാര്‍ഷിക വിളകളില്‍നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് സുഭിക്ഷ കേരളം പദ്ധതിയിലൂടെ സഹകരണ സംഘങ്ങള്‍ക്ക് സഹായമുണ്ട്. കര്‍ഷകരെ ക്ലസ്റ്റര്‍ അടിസ്ഥാനമാക്കി കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് വായ്പ നല്‍കണമെന്നാണ് ഇപ്പോള്‍ സംഘങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ വിപണന കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം ഒരുക്കുന്നതിന് നാഫെഡ് പണം നല്‍കുന്നുണ്ട്. ഇവ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുണ്ടാക്കുന്ന സംരംഭങ്ങള്‍ക്ക സഹായമുണ്ട്. ഈ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളിലൂടെ വിപണിയിലെത്തിക്കാം. ഇത്തരത്തില്‍ സഹകരണ സംഘങ്ങളുടെ പരസ്പര സഹകരണത്തോടെ ഒരുനാടിന്റെ വികസനം ഉറപ്പാക്കാനാകുമെന്നതാണ് പുതിയ സഹകരണ കാഴ്ചപ്പാട്. ഇതിലേക്ക് ഒരുതദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പദ്ധതികൂടി ഉള്‍ചേര്‍ത്താല്‍ സ്വയംപര്യാപ്ത ഗ്രാമങ്ങള്‍ തീര്‍ക്കാനാണ്. ആ ചുവടുവെപ്പാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് നടത്തിയത്.

ഈ ലക്ഷ്യത്തിനായി സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംയോജിത വികസന സാധ്യത എന്ന് പേരിട്ട സെമിനാര്‍ സംഘടിപ്പിച്ചു. ക്രിയാത്മകമായ വിവിധ നിര്‍ദേശങ്ങളാണ് ഇതില്‍ ഉരുത്തിരിഞ്ഞത്. സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ ഒരു ഗ്രാമപഞ്ചായത്തില്‍ പതിനഞ്ചു പുതിയ സംരംഭങ്ങളെങ്കിലും ആരംഭിക്കാന്‍ കഴിയുമെന്നും ഇതില്‍ പ്രവാസികള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ പങ്കാളിത്തമുറപ്പ് വരുത്തി കൊണ്ട് വികസന പ്രക്രിയക്ക് പുതിയ മുഖം നല്‍കാന്‍ കഴിയുമെന്നും നിര്‍ദേശമുയര്‍ന്നു. സഹകരണ ബാങ്കുകളിലെ നിക്ഷേപം പ്രാദേശിക വികസന പ്രക്രിയയില്‍ വിനിയോഗിക്കുന്നതിന്റെ സാധ്യതകളും സെമിനാര്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തുകള്‍ നേരിടുന്ന വിഭവ സമാഹരണ പ്രതിസന്ധിക്ക് ബദലായി ഈ പണം ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളും സെമിനാര്‍ ചര്‍ച്ച ചെയ്തു.

സഹകരണ ബാങ്കുകള്‍ സംരംഭകര്‍ക്ക് ആവശ്യമുള്ള ലോണ്‍ നല്‍കുകയും അതിനുള്ള പലിശ തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കുകയും ചെയ്താല്‍ മികച്ച രീതിയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് വിപണി ഉറപ്പുവരുത്തണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഇതിനായി ആഴ്ച ചന്തകള്‍ തുടങ്ങാനും ആലോചനയായി. കൃഷി, മത്സ്യം, ക്ഷീര മേഖലകളില്‍ മികച്ച രീതിയിലുള്ള ഉല്‍പാദനവും ജനകീയമായ വിപണനവും ഉറപ്പുവരുത്തി സുസ്ഥിര വികസന സാധ്യതകള്‍ ഇതിലൂടെ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. ഇതിനൊപ്പം പുതിയ സാങ്കേതിക വിദ്യകളുടെ സഹായവും ഉപയോഗപ്പെടുത്തും.

തിരഞ്ഞെടുക്കപ്പെട്ട സഹകരണ ബാങ്ക് പ്രതിനിധികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്കായി നബാര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപറേറ്റീവ് മാനേജ്മെന്റ്, കൃഷി വിജ്ഞാന്‍ കേന്ദ്രം, ജില്ലാ പ്ലാനിംഗ് ഡിവിഷന്‍, എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാ പഞ്ചായത്ത് സെമിനാര്‍ സംഘടിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 22 ഗ്രാമപഞ്ചായത്തുകളിലെ ഓരോ പഞ്ചായത്തില്‍ നിന്നും ഓരോ സഹകരണ ബാങ്കുകളാണ് സെമിനാറില്‍ പങ്കെടുത്തത്.


ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് സീനിയര്‍ ഫാക്കല്‍റ്റി മെമ്പര്‍ വി.എന്‍. ബാബു, നബാര്‍ഡ് ഡി.ഡി.എം. മനോജ് കുമാര്‍, ഡയറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജശ്രീ മേനോന്‍, ആത്മ കണ്ണൂര്‍ ഡയറക്ടര്‍ എ.സാവിത്രി, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ ഡോ. പ്രശാന്ത്, മത്സ്യബന്ധന വകുപ്പ് ജില്ലാ ഓഫീസര്‍ സി.കെ.ഷൈനി തുടങ്ങിയവര്‍ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇ. വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാര്‍, സെക്രട്ടറി വി. ചന്ദ്രന്‍, ജില്ലാ ജോയിന്റ് ഐ.സി.എം. ഡയറക്ടര്‍ എം.വി.ശശികുമാര്‍, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. ജയരാജ്, ഐ.സി.എം. ഫാക്കല്‍റ്റി അംഗം ഐ. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!