സഹകരണസ്ഥാപനങ്ങളില്‍ രണ്ടു ടേം വ്യവസ്ഥ പാടില്ല – സഹകാരികള്‍

moonamvazhi
കേരള സഹകരണസംഘം നിയമം മൂന്നാം ഭേദഗതിയിലെ പല വ്യവസ്ഥകളിലും സഹകാരികള്‍ എതിര്‍പ്പ് അറിയിച്ചു. സഹകാരികള്‍ക്കു തുടര്‍ച്ചയായി രണ്ടു ടേം എന്ന വ്യവസ്ഥ കര്‍ക്കശമാക്കുന്നതിനെയാണു സഹകാരികള്‍ പ്രധാനമായും എതിര്‍ത്തത്. പല സ്ഥാപനങ്ങളും കെട്ടിപ്പടുത്തു വളര്‍ത്തിയ പരിചയസമ്പന്നരായ സഹകാരികള്‍ക്കു രണ്ടു ടേം വ്യവസ്ഥ നടപ്പാക്കിയാല്‍ മാറിനില്‍ക്കേണ്ടിവരുമെന്നും ഇതു പല സഹകരണസംഘങ്ങളുടെയും നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരള സഹകരണസംഘം നിയമം മൂന്നാം ഭേദഗതി ബില്ലിലെ വ്യവസ്ഥകളെക്കുറിച്ചു നിയമസഭാ സെലക്ട് കമ്മിറ്റി തിങ്കളാഴ്ച കോഴിക്കോട് അത്തോളിയില്‍ നടത്തിയ തെളിവെടുപ്പിലാണു സഹകാരികള്‍ തങ്ങളുടെ ആശങ്കകളറിയിച്ചത്. സഹകരണമന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തിലാണു സെലക്ട് കമ്മിറ്റി തെളിവെടുപ്പു നടത്തിയത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സഹകരണ സര്‍ക്കിള്‍ യൂണിയനുകളെ പ്രതിനിധാനം ചെയ്തു നിരവധി സഹകാരികള്‍ സെലക്ട് കമ്മിറ്റി മുമ്പാകെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. വി.എന്‍. വാസവനു പുറമേ എം.എല്‍.എ. മാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. രമ, ഇ. ചന്ദ്രശേഖരന്‍, കെ. ശാന്തകുമാരി, പി. അബ്ദുള്‍ ഹമീദ്, സണ്ണി ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ടി.ഐ. മധുസൂദനന്‍ എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു.

രണ്ടു ടേം വ്യവസ്ഥ നടപ്പാക്കുന്നതു അംഗങ്ങളുടെ അവകാശനിഷേധം കൂടിയാകുമെന്നു സഹകാരികള്‍ അഭിപ്രായപ്പെട്ടു. സഹകരണ ബാങ്കുകളിലെ വായ്പാ തിരിച്ചടവു ഉറപ്പാക്കുന്നതിനുള്ള നിലവിലെ നിയമങ്ങള്‍ ശക്തമല്ലെന്നും ഇതിനായി സര്‍ഫാസിപോലുള്ള നിയമങ്ങള്‍ സഹകരണമേഖലയിലും കൊണ്ടുവരണമെന്നും സഹകാരികള്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!