സഹകരണ സംഘങ്ങളുടെ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍ക്ക് കേന്ദ്രസഹായം

moonamvazhi

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പദ്ധതി. പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പി.എം.എഫ്.എം.ഇ.) പദ്ധതിയിലൂടെ സഹകരണ സംഘങ്ങള്‍ക്കും സാമ്പത്തി സഹായം ലഭിക്കും. സഹകരണ സംരംഭങ്ങള്‍ക്ക് മൂന്നുകോടിരൂപവരെയാണ് സബ്‌സിഡി ലഭിക്കുക. പദ്ധതി ചെലവിന്റെ 90 ശതമാനം വായ്പയായി ലഭിക്കുകയും ചെയ്യും. വ്യവസായ വാണിജ്യ വകുപ്പിനു കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ.ബി.ഐ.പി.) ആണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സി.

നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങള്‍ക്ക് സഹായം ലഭിക്കും. നിലവിലുള്ള സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് സഹായം ലഭിക്കുക. ഒരു ജില്ല ഒരു പ്രൊഡക്ട് (ഒ.ഡി.ഒ.പി.) എന്ന രീതിയില്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂന്നിയുള്ള സംരംഭങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. മറ്റ് സംരംഭങ്ങളും സഹായത്തിന് പരിഗണിക്കും. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക, ബിസിനസ് പിന്തുണ ലഭ്യമാക്കുകയാണ് പി.എം.എഫ്.എം.ഇ. പദ്ധതിയുടെ ലക്ഷ്യം. ഓരോ ജില്ലയിലെ പ്രധാന കാര്‍ഷിക വിഭവങ്ങളുടേയും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടേയും വിപണിയും വരുമാനവും ഉറപ്പു വരുത്താനായാണ് ഒരു ജില്ല ഒരു ഉത്പന്നം എന്ന മാതൃക സ്വീകരിച്ചത്.

സഹകരണ സംഘങ്ങളുടെ സംരംഭങ്ങള്‍ക്ക് 35 ശതമാനം സബ്‌സിഡി ലഭിക്കും. പരമാവധി മൂന്നുകോടി രൂപയാണ് സബ്‌സിഡി. പത്തുകോടിവരെയുള്ള സംരംഭങ്ങളാണ് പരിഗണിക്കുക. സംരംഭത്തിനുള്ള മൊത്തം ചെലവിന്റെ 30 ശതമാനത്തിലധികം നിര്‍മ്മാണ-സാങ്കേതിക ചെലവ് ആകാനാകില്ലെന്ന് വ്യവസ്ഥയുണ്ട്. മൊത്തം ചെലവിന്റെ 90 ശതമാനം വായ്പയായി ലഭിക്കും. സംഘങ്ങളുടെ ടേണോവര്‍, പ്രവര്‍ത്തന പരിചയം എന്നിവയൊന്നും സംരംഭങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള മാനദണ്ഡമല്ല. വ്യക്തികളുടെയും കര്‍ഷക ഉല്‍പാദന സംഘടന, സ്വയംസഹായ സംഘങ്ങള്‍ എന്നിവ പോലുള്ള കൂട്ടായ്മകളും ഈ വായ്പയ്ക്ക് അര്‍ഹരാണ്. പദ്ധതി പ്രകാരം കേരളത്തിലെ 1233 സംരംഭങ്ങള്‍ക്ക് സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. അതിന്‍പ്രകാരം 581 യൂണിറ്റുകള്‍ക്ക് 15.09 കോടി രൂപ ഇതിനകം സബ്‌സിഡിയായി നല്കുകയും ചെയ്തു.

തിരുവനന്തപുരത്തെ പ്രധാന ഭക്ഷ്യവിളയായി ഒ.ഡി.ഒ.പി.യിലൂടെ തിരഞ്ഞെടുത്തത് മരച്ചീനിയെയാണ്. കൊല്ലത്ത് മരച്ചീനിയും മറ്റ് കിഴങ്ങുവര്‍ഗങ്ങളും പത്തനംതിട്ട, കാസര്‍കോട് എന്നിവിടങ്ങളില്‍ ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍, ആലപ്പുഴയ്ക്കും തൃശ്ശൂരിനും അരിയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തേങ്ങയില്‍ നിന്നുള്ള ഇനങ്ങള്‍, ഇടുക്കിക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍, എറണാകുളത്തിന് പൈനാപ്പിള്‍ അധിഷ്ഠിത ഉത്പന്നങ്ങള്‍, പാലക്കാടിന് വാഴപ്പഴം, വയനാടിന് പാലും പാലുത്പന്നങ്ങളും അടിസ്ഥാനമാക്കിയുള്ള ഇനങ്ങള്‍ എന്നിങ്ങനെയാണ് ഒ.ഡി.ഒ.പി.യിലൂടെ തിരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി 135 ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍സിനേയും (ഡിആര്‍പി) എല്ലാ ജില്ലകളിലുമായി നിയമിച്ചിട്ടുണ്ട്. അരി, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ സംസ്‌കരണത്തിനായി കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ഒരു അഗ്രി ബിസിനസ് ഇന്‍കുബേറ്ററും പി.എം.എഫ്.എം.ഇ. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!